Breaking

Saturday, May 1, 2021

എന്ന് കാടിന്റെ സ്വന്തം സുധ...

പി.ജി. സുധ കോതമംഗലം: ഞാനന്ന് ജോലിക്ക് കയറിയിട്ടേയുള്ളു... മേലുദ്യോഗസ്ഥൻ പറഞ്ഞു, കഞ്ചാവ് പ്രതിയെ പിടിക്കാനുണ്ട്, സുധയും കൂടി പൊയ്ക്കോ. കാടൊക്കെ നന്നായി അറിയുന്നയാളല്ലേ... എന്ന്. സത്യത്തിൽ കഞ്ചാവ് പ്രതി ഭാര്യക്കൊപ്പമായിരുന്നു ഗുഹയിൽ താമസം. അയാളുടെ ഭാര്യയെ പിടിക്കുമ്പോൾ വനിതാ ഉദ്യോഗസ്ഥരാരെങ്കിലും വേണമല്ലോ എന്നതു കൊണ്ടാണ് എന്നെ കൂട്ടിയത്. പകൽ പോയാൽ ആളെ കിട്ടില്ലെന്നറിയാവുന്നതു കൊണ്ട് വെളുപ്പിന് രണ്ടു മണിക്കായിരുന്നു കാടുകയറ്റം. പൂയംകുട്ടി വനത്തിലൂടെ ആറു കിലോമീറ്ററോളം ഇരുട്ടിൽ തപ്പിത്തടഞ്ഞ് നടന്നു. കല്ലേലിമേട് ഭാഗത്തെ ഗുഹയിൽനിന്ന് അയാളെ പിടികൂടി ആറ്ഉദ്യോഗസ്ഥർക്കൊപ്പം കാടിറങ്ങുമ്പോൾ വല്ലാത്തൊരു അഭിമാനമായിരുന്നു... -രണ്ടു പതിറ്റാണ്ടിന്റെ കാടോർമകളിലേക്ക് സുധ വാതിൽ തുറക്കുന്നു. പി.എസ്.സി. പരീക്ഷയെഴുതുന്നവർക്ക് പരിചിതമായ പേരാണ് പി.ജി. സുധ. ആദിവാസി വിഭാഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യ ഫോറസ്റ്റ് ഗാർഡ്. പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്കാരവും വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പുരസ്കാരവും നേടിയ സുധയുടെ വിരമിക്കൽ ദിനമായിരുന്നു വെള്ളിയാഴ്ച. കോതമംഗലത്തെ പിണവൂർകുടി വെളിയത്തുപറമ്പിലാണ് സുധയുടെ വീട്. നന്നേ ചെറുപ്പത്തിലെ കല്യാണം കഴിഞ്ഞു. 1988-ൽ ഭർത്താവ് ശശികുമാർ മരിച്ചു. മൂന്ന് കുട്ടികളെയും നന്നായി വളർത്തണം എന്നതു മാത്രമായിരുന്നു മനസ്സിൽ... അങ്കണവാടി അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ സുധ 2002-ൽ വനംവകുപ്പിൽ ഗാർഡ് ആയി. കുട്ടമ്പുഴ റേഞ്ചിലായിരുന്നു നിയമനം. വെള്ളിയാഴ്ച സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്ന തസ്തികയിൽ നിന്ന് വിരമിച്ചതും ഇതേ റേഞ്ചിൽ നിന്നുതന്നെ. വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നായ തുണ്ടം-ഇടമലായാർ ആനവേട്ട കേസിലെ പ്രതികളെ പിടികൂടാനുള്ള സംഘത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതൊരു വലിയ അനുഭവമായിരുന്നു... -ജോലിക്കൊപ്പം സ്വന്തം സമൂഹത്തിന് വേണ്ടി ജീവിക്കാനാണ് സുധ ശ്രമിച്ചത്. കിലോമീറ്ററുകളോളം കാടിനുള്ളിലൂടെ സഞ്ചരിച്ചാൽ മാത്രം എത്തുന്ന തേര, വാരിയം, കുഞ്ചിപ്പാറ, തലവച്ചപ്പാറ, ഉറിയംപെട്ടി, വെള്ളാരംകുത്ത് ഭാഗങ്ങളിലെ നൂറുകണക്കിന് ആദിവാസി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു. ഇതിനൊപ്പം ആദിവാസികളുടെ ആരോഗ്യം, തൊഴിൽ പരിശീലനം എന്നിവയിലും ശ്രദ്ധവെച്ചു. ആദിവാസികളുടെ സഹായത്തോടെ വനത്തിലെ കഞ്ചാവ് കൃഷി നശിപ്പിച്ച് അവിടെ വനവത്കരണം നടത്തുന്നതിലും വാറ്റുകേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതിനും സുധ മുൻനിരയിലുണ്ടായിരുന്നു. ഈ പ്രവർത്തന മികവിന് അംഗീകാരമായി 2006-ൽ മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഫോറസ്റ്റ് ഗാർഡ് മെഡലിന് അർഹയായി. ആദിവാസി മേഖലയിലെ വെളിയിട മലമൂത്ര വിസർജനം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയതിനാണ് പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഒമ്പത് ആദിവാസി ഊരുകളിലെ 500 ശൗചാലയങ്ങൾ സുധയുടെ നേതൃത്വത്തിലാണ് നിർമിച്ചത്. കുഞ്ചിപ്പാറ ആദിവാസി ഊരിലെ വാറ്റ് കേന്ദ്രങ്ങൾ അവസാനിപ്പിച്ചതിനും സുധയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചു. സുധയുടെ മൂന്ന് മക്കളിൽ മൂത്തയാളായ ജോമോൻ ഇടമലയാർ റേഞ്ചിലെ മലക്കപ്പാറ സ്റ്റേഷനിൽ ഫോറസ്റ്ററാണ്. രണ്ടാമത്തെയാൾ ജീമോൻ അങ്കമാലി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആണ്. ഇളയമകൻ ഗിരീഷ്കുമാർ കർഷകനാണ്. വനംവകുപ്പിൽ നിന്നേ വിരമിക്കുന്നുള്ളു, വനത്തിൽ നിന്ന് വിരമിച്ചിട്ടില്ല. കാടിന്റെ മകളായി ഞാനുണ്ടാകും കാടോരങ്ങളിൽ -സുധ പറയുന്നു. content highlights:pg sudha first forest guard from adivasi community in kerala retires


from mathrubhumi.latestnews.rssfeed https://ift.tt/3vADl0C
via IFTTT