Breaking

Monday, January 18, 2021

സർക്കാർ ജോലി കിട്ടി; പക്ഷേ കിട്ടിയില്ല

കൊല്ലം : സർക്കാർ ജോലി കിട്ടിയോ എന്നു ചോദിച്ചാൽ കിട്ടി. പക്ഷേ, ഒരുവർഷമായിട്ടും കിട്ടിയ ജോലിയിൽ പ്രവേശിക്കാനാകുന്നില്ല. നിയമന ഉത്തരവ് ലഭിച്ച രണ്ടായിരത്തോളം അധ്യാപകരാണ് സ്കൂളുകളുടെ പുറത്തു നിൽക്കുന്നത്. എൽ.പി.സ്കൂൾമുതൽ ഹയർ സെക്കൻഡറിതലംവരെയുള്ള അധ്യാപകതസ്തികകളിൽ നിയമനശുപാർശയും നിയമന ഉത്തരവും ലഭിച്ചിട്ടും ഇവരെല്ലാം 'ജോലിയില്ലാത്ത'വരായി കഴിയുകയാണിപ്പോൾ. എന്നാൽ വിരമിച്ചവർക്കു പകരം നിയമനം നടത്താത്തതിനാൽ ഒട്ടേറെ സ്കൂളുകളിൽ അധ്യാപകക്ഷാമമുണ്ട്. എൽ.പി.സ്കൂൾ അസിസ്റ്റന്റ്, യു.പി.സ്കൂൾ അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ, ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകളിൽനിന്ന് 2020 ജനുവരിമുതൽ നിയമനശുപാർശ കൈപ്പറ്റിയവരാണിവർ. സർക്കാരിന്റെ നൂറുദിന തൊഴിൽ പദ്ധതിയിൽ ജോലി ലഭിച്ചവരുടെ പട്ടികയിൽ ഇവരിൽ പലരുടെയും പേരുണ്ട്. കേരള വിദ്യാഭ്യാസച്ചട്ടത്തിന്റെ (കെ.ഇ.ആർ.) സാങ്കേതികക്കുരുക്കിൽപ്പെട്ടാണ് നിയമനം ത്രിശങ്കുവിലായത്. കെ.ഇ.ആർ. പ്രകാരം, സ്കൂൾ തുറക്കുമ്പോഴാണ് അധ്യാപകതസ്തികയിൽ നിയമിക്കുന്നത്. അധ്യയനവർഷാവസാനം നിയമനശുപാർശ നൽകി, മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന മുറയ്ക്ക് നിയമിക്കും. എന്നാൽ കോവിഡ് കാരണം സ്കൂൾ തുറക്കാത്തതിനാൽ ഉത്തരവ് ലഭിച്ചവർക്ക് നിയമനം കിട്ടിയില്ല. ഇക്കുറി തസ്തികനിർണയം നടത്തിയിട്ടുമില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് അധ്യയനം തുടങ്ങിയെങ്കിലും രേഖകൾ പ്രകാരം ഇപ്പോഴും 'അവധിക്കാല'മാണ്. സംശയനിവാരണം മാത്രമേ നടക്കുന്നുള്ളൂവെന്നാണ് ഔദ്യോഗികഭാഷ്യം. അധ്യാപകതസ്തികകളിൽ ഒരു റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നത് എട്ടുവർഷമെങ്കിലും കൂടുമ്പോഴാണ്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നിയമന ഉത്തരവ് കിട്ടിയിട്ടും ജോലി കിട്ടാത്ത ഉദ്യോഗാർഥികൾ ചേർന്ന് ഓൾ കേരള അഡ്വൈസ് മെമ്മോ ടീച്ചേഴ്സ് അസോസിയേഷൻ എന്ന കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗംപേരും താത്കാലിക അധ്യാപകരായി ജോലി ചെയ്തിരുന്നവരാണ്. ഈ അധ്യയനവർഷം ആ ജോലിയും ലഭിച്ചില്ല. ഉത്തരവ് ലഭിച്ചവർക്കെല്ലാം ജോലി ഉറപ്പാണെന്നും ചട്ടങ്ങൾ പാലിച്ച് നിയമനം നൽകുമെന്നുമാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നത്. Content Highlights:school teachers appointment in kerala


from mathrubhumi.latestnews.rssfeed https://ift.tt/3qnZGM2
via IFTTT