Breaking

Monday, February 1, 2021

ശരീരം നുറുങ്ങുന്ന വേദനയിലും പൂക്കളോട് കൂട്ടുകൂടി, ജീവിതം ചേർത്തുപിടിച്ച് മേരി ഷീബ

കൊച്ചി: ശരീരം നുറുങ്ങുന്ന വേദനയിലും ഒറ്റയ്ക്ക് രണ്ട് കുഞ്ഞുങ്ങളുമായി ജീവിതം ചേർത്തുപിടിക്കുകയാണ് മേരി ഷീബ. 43 വയസ്സിനിടിയിൽ ഷീബയുടെ ജീവിതത്തിൽനിന്ന് അകന്നുപോയവരാണ് ഏറെയും. ഫൈബ്രോ മയാൽജിയ എന്ന അപൂർവ രോഗമാണ് മേരി ഷീബയ്ക്ക്. ശരീര വേദനയും രക്തത്തിന്റെ കൗണ്ട് കുറയുന്നതും സ്ഥിരമായപ്പോഴാണ് ചികിത്സ തേടിയത്. അങ്ങനെയാണ് മാംസപേശികളിലും അസ്ഥികളിലും വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്ന ഫൈബ്രോ മയാൽജിയയാണ് രോഗമെന്ന് മേരി തിരിച്ചറിയുന്നത്. രോഗത്തിന്റെ ഭാഗമായി ഉറക്കക്കുറവ്, ഓർമക്കുറവ്, രക്തത്തിന്റെ അളവ് ക്രമാതീതമായി കുറയുക തുടങ്ങിയവയും മേരിയുടെ കൂടെ കൂടി. ഫാഷൻ ഡിസൈനർ, നൂറിലധികം കുട്ടികൾ പഠിക്കുന്ന ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരി എന്നീ റോളുകളിൽനിന്ന് മാറി മറ്റ് വഴികൾ തേടേണ്ടി വന്നത് ഇതോടെയാണ്. രോഗത്തെ തുടർന്നുണ്ടാകുന്ന അമിത ഉത്കണ്ഠ കുറയ്ക്കുന്നതിനും ജീവിത മാർഗമെന്ന രീതിയിലുമാണ് ചെടികളുമായി മേരി ഷീബ കൂട്ടുകൂടിയത്. ഇന്ന് 500 തരം പത്തുമണി പൂക്കൾ, 50 തരം ഫ്ളെയിം വയലറ്റ്, 150 തരം ബിഗോണിയ, 150 തരം ഗ്രൗണ്ട് ഓർക്കിഡ്, എല്ലാ തരത്തിലുമുള്ള വാട്ടർ ലില്ലി എന്നിവയുള്ള നഴ്സറിയാണ് മേരിയുടെ ജീവിതം. കൊല്ലം സ്വദേശിയായ മേരി ജീവിതമാർഗം തേടിയാണ് എറണാകുളത്തെത്തുന്നത്. മയക്കുമരുന്നിന് അടിമയായ ഭർത്താവിനെ ജീവിതത്തിൽനിന്ന് മാറ്റിനിർത്തി രണ്ട് കുഞ്ഞുങ്ങളുമായി യാത്ര തുടരുകയായിരുന്നു അവർ. ഇതിനിടെ അമ്മ കാൻസർ ബാധിച്ച് മരിച്ചു. 17 വർഷമായി വാടക വീടുകളിൽ മാറി മാറിയാണ് ജീവിതം. രക്തത്തിന്റെ കൗണ്ട് പലപ്പോഴും 6.5-നു താഴെയാണ്. ചില സമയങ്ങളിൽ 4.5 വരെയെത്തും. ആ സമയങ്ങളിൽ ആശുപത്രിയിലെത്തി രക്തം കയറ്റണം. വേദന തുടങ്ങിയാൽ രണ്ട് ദിവസം വിട്ടുമാറാതെയുണ്ടാകും. ആ സമയം വലിയ ഒച്ചയും വെളിച്ചവുമെല്ലാം ദുസ്സഹമാണ്. എന്ത് സങ്കടം വന്നാലും വീടിന്റെ പുറത്തേക്കിറങ്ങി വ്യത്യസ്ത നിറങ്ങളുള്ള പൂക്കളുടെ അടുത്തെത്തിയാൽ ഒരു ആശ്വാസമാണ്. അതാണ് ഇവയെ ചേർത്തുപിടിക്കുന്നത് - മേരി പറയുന്നു. ഇപ്പോൾ പുത്തൻകുരിശ് വടവുകോടാണ് താമസം. വീട്ടുടമസ്ഥർക്ക് ചെടികൾ അധികം ഇഷ്ടമല്ലാത്തതിനാൽ വീട് മാറേണ്ടി വന്ന അവസ്ഥയുമുണ്ട്. ആറാം ക്ലാസുകാരിയായ ദേവികയും നാലാം ക്ലാസുകാരനായ ദീപക്കും ഇടയ്ക്കിടെ മാറുന്ന സ്കൂളുകൾ മൂലം സമ്മർദം അനുഭവിക്കുന്നുണ്ട്. സ്വന്തമായി മൂന്നു സെന്റ് ഭൂമിയാണ് ഇവരുടെ വലിയ സ്വപ്നം. ഈ വർഷം അത് നേടണമെന്ന പ്രതീക്ഷയും നേടുമെന്ന ആത്മവിശ്വാസവുമാണ് മേരിയെ ജീവിതത്തിൽ കൈപിടിച്ച് നടത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/39zMtdo
via IFTTT