കൊച്ചി: ഡോളർക്കടത്തിനുപിന്നിൽ ‘വമ്പൻ സ്രാവു’കളുടെ സാന്നിധ്യം പ്രകടമാണെന്ന് സ്വപ്നാസുരേഷും പി.എസ്. സരിത്തും നൽകിയ മൊഴികൾ പരിശോധിക്കുമ്പോൾ വ്യക്തമാണെന്ന് സാമ്പത്തികകുറ്റകൃത്യങ്ങൾക്കുള്ള അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി. എം. ശിവശങ്കറിന്റെ കസ്റ്റഡി ഈമാസം ഏഴുവരെ നീട്ടിയ ഉത്തരവിലാണ് കോടതി ഇത് വ്യക്തമാക്കിയത്.ചോദ്യംചെയ്യൽ പൂർത്തിയാക്കി ഏഴിന് രാവിലെ 11-ന് ശിവശങ്കറെ കോടതിയിൽ ഹാജരാക്കണം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. സ്വപ്നയും സരിത്തും നൽകിയ മൂന്ന് നിർണായകമൊഴികൾ തിങ്കളാഴ്ച കസ്റ്റംസ് മുദ്രവച്ച കവറിൽ സമർപ്പിച്ചത് കോടതി ചൂണ്ടിക്കാട്ടി. നവംബർ 27-നും 28-നും നൽകിയതാണ് ഈ മൊഴികൾ. ‘വമ്പൻ സ്രാവു’കളുടെ പങ്കാളിത്തം വെളിവാക്കുന്നതാണ് ഈ മൊഴികൾ. അന്വേഷണപുരോഗതിയെ ബാധിക്കുന്നതിനാലാണ് ഈ ഘട്ടത്തിൽ അവരുടെ പേരുകൾ വെളിപ്പെടുത്താത്തത് -കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ തെളിയിക്കുന്നതിന് ശക്തമായ തെളിവ് കണ്ടെത്തേണ്ടതുണ്ട്. യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇവരുണ്ടാക്കിയ അടുത്തബന്ധമാണ് ഇത്രയുംനാളും പിടിക്കപ്പെടാതെ കള്ളക്കടത്ത് നടത്താൻ വഴിയൊരുക്കിയത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയശേഷം അവരുടെ ഫോൺരേഖകൾ വിശദമായി പരിശോധിച്ചിരുന്നു. ശിവശങ്കറിന്റെ പങ്കാളിത്തം വെളിപ്പെടുത്തുന്നതിനും ഫോൺവിവരങ്ങൾ വിലയിരുത്തി. പ്രതികൾ മായ്‌ച്ചുകളഞ്ഞ ഫോൺസന്ദേശങ്ങൾ ശാസ്ത്രീയമായി വീണ്ടെടുക്കാൻ കഴിഞ്ഞതിലൂടെ കള്ളക്കടത്തിനു സഹായം നൽകിയതിലും പ്രേരിപ്പിച്ചതിലും ശിവശങ്കർ വഹിച്ച പങ്കാളിത്തം പുറത്തുകൊണ്ടുവരാനായി. സ്വപ്ന ആദ്യം മൊഴിനൽകിയത് ശിവശങ്കറിനെ കുറ്റകൃത്യത്തിൽനിന്ന് ഒഴിവാക്കാൻ ഉദ്ദേശിച്ചാണ്. ഇത്തരം തെളിവുകൾ വീണ്ടെടുത്തതിലൂടെയാണ് ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായത്. ശിവശങ്കറിനെ കുറ്റക്യത്യത്തിൽനിന്ന് ഒഴിവാക്കാൻ ശ്രമിച്ചതിന്റെ യഥാർഥകാരണം സ്വപ്നയ്ക്കുമാത്രം അറിയാവുന്ന ഒന്നാണ്. മൊബൈലിൽനിന്ന് വീണ്ടെടുത്ത വിവരങ്ങളുടെയും സരിത്തും സ്വപ്നയും നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിൽ വിശദമായ ചോദ്യംചെയ്യൽ ആവശ്യമാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ശിവശങ്കറിനെ കേസിൽ പ്രതിചേർക്കാനും വിശദമായി ചോദ്യംചെയ്ത് ആരോപണങ്ങളിൽ വ്യക്തത വരുത്താനും അന്വേഷണ ഉദ്യോഗസ്ഥന് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/3lqYLrj
via
IFTTT