Breaking

Thursday, April 18, 2019

വായിലെ ദുര്‍ഗന്ധം ഒഴിവാക്കാം

ശരീരസൗന്ദര്യത്തിന്റെ ഭാഗമാണ്‌ ദന്തസൗന്ദര്യവും. ആകര്‍ഷകമായ ചിരി സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നു. അതുകൊണ്ടാണ്‌ പല്ലുകളുടെ അഭംഗി പലരുടെയും ഉറക്കം കെടുത്തുന്നത്‌. നിരതെറ്റിയതും കേടുവന്നതുമായ പല്ലുകളും അസഹനീയമായ വായ്‌നാറ്റവുമൊക്കെ ആത്മവിശ്വാസം തകര്‍ക്കും. വായ്‌നാറ്റം പേടിച്ച്‌ അധികം ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്നവരുമുണ്ട്‌. പല്ലിന്റെ വിടവ്‌ മറ്റുള്ളവര്‍ കണ്ടാലോ എന്നോര്‍ത്ത്‌ മനോഹരമായ പുഞ്ചിരിപ്പോലും ഒളിച്ചുവയ്‌ക്കുന്നവരും ധാരാളം. പക്ഷേ, വായ്‌ക്കകത്ത്‌ ഉണ്ടാകുന്ന രോഗങ്ങളും പല്ലിന്റെ അഭംഗിയും പൂര്‍ണമായും മാറ്റിയെടുക്കാവുന്നതാണ്‌.

വായിലെ ദുര്‍ഗന്ധം ഒഴിവാക്കാം
വായിലെ ദുര്‍ഗന്ധം മൂലം കഷ്‌ടപ്പെടുന്നവര്‍ നിരവധിയാണ്‌. വായില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നതിനെ 'ഹാലിറ്റോസിസ്‌' എന്നു പറയുന്നു. ചിലര്‍ക്ക്‌ വായ്‌നാറ്റം സ്വയം അനുഭവപ്പെടുന്നു. ചിലര്‍ക്ക്‌ മറ്റുള്ളവര്‍ പറഞ്ഞ്‌ അറിയുകയും ചെയ്യും. രാവിലെ ഉറക്കമുണരുമ്പോള്‍ അനുഭവപ്പെടുന്ന വായില്‍ ദുര്‍ഗന്ധം ഉണ്ടാവുക സ്വാഭാവികമാണ്‌. ഉറക്കത്തില്‍ തുപ്പലിന്റെ അളവ്‌ കുറയുകയും അത്‌ വായില്‍ തളംകെട്ടി കിടക്കുന്നതുമാണ്‌ ഇതിനു കാരണം.
പല്ല്‌ നന്നായി ബ്രഷ്‌ ചെയ്‌ത് കുലുക്കുഴിഞ്ഞാല്‍ ഈ ദുര്‍ഗന്ധം മാറും. ഇത്തരത്തിലല്ലാതെയുള്ള വായ്‌നാറ്റത്തിന്‌ പല കാരണങ്ങള്‍ ഉണ്ട്‌. പ്രധാനമായും ഇവ ശരീരത്തിന്‌ അകത്തുള്ള കാരണങ്ങളും, ശരീരത്തിന്‌ പുറത്തുള്ള കാരണങ്ങളുമായി വേര്‍തിരിക്കാം.
ശരീരത്തിന്‌ പുറത്തുള്ള കാരണങ്ങളില്‍ പ്രധാനമായും പുകവലി, മദ്യപാനം എന്നിവയും കഴിക്കുന്ന ചില ഭക്ഷണങ്ങളും കാരണമാകാം. ഉള്ളി, കാബേജ്‌, വെളുത്തുള്ളി മുതലായവ കഴിച്ചുകഴിഞ്ഞാല്‍ ചിലര്‍ക്ക്‌ വായ്‌നാറ്റം അനുഭവപ്പെടാം. അങ്ങനെയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌.

വായ്‌ക്കകത്തുള്ള കാരണങ്ങള്‍
1. കേടുള്ള പല്ലുകള്‍, അവയില്‍ അടിഞ്ഞിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍
2. പല്ലുകളില്‍ അടിഞ്ഞിരിക്കുന്ന അഴുക്ക്‌ അഥവാ 'പ്ലാക്ക്‌'
3. മോണരോഗം
4. നാക്കിന്റെ പുറത്ത്‌ അടിഞ്ഞിരിക്കുന്ന അഴുക്ക്‌
5. ഊരിമാറ്റാവുന്ന കൃത്രിമപ്പല്ലുകള്‍ ശുചിയായി സൂക്ഷിക്കാത്തത്‌
6. സ്‌ഥിരമായി ഘടിപ്പിച്ച കൃത്രിമ പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാത്തതുമൂലം കാലക്രമേണ അവയില്‍ അടിഞ്ഞുകൂടുന്ന അഴുക്ക്‌

വായ്‌ക്ക് പുറത്തുള്ള കാരണങ്ങള്‍
1. അധികനേരം വിശന്നിരുന്നാല്‍ വായ്‌നാറ്റം അനുഭവപ്പെടാം
2. ചില മരുന്നുകള്‍ (ഫിനോതസയില്‍, നൈട്രേറ്റ്‌ എന്നീ വിഭാഗത്തിലുള്ള മരുന്നുകള്‍) കഴിക്കുന്നത്‌
3. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദം
4. തുപ്പല്‍ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍
5. കിഡ്‌നിയുടെ അസുഖങ്ങള്‍
6. കരള്‍ രോഗങ്ങള്‍
7. വയറിനകത്തെ ദഹനസംബന്ധമായ ചില അസുഖങ്ങള്‍
8. പ്രമേഹം
9. മാനസികമായ അസുഖങ്ങള്‍
10. 'ഹാലിറ്റോഫോബിയ' - വായ്‌നാറ്റമില്ലെങ്കിലും അത്‌ ഉണ്ട്‌ എന്ന തോന്നല്‍.

ചികിത്സാരീതി
1. വായ്‌നാറ്റം ഉണ്ടാക്കുന്ന ഭക്ഷണരീതികള്‍ ഒഴിവാക്കുക
2. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക
3. മോണരോഗം ഇല്ലെന്ന്‌ ഉറപ്പുവരുത്തണം
4. കേടുള്ള പല്ലുകള്‍ അടപ്പിക്കുക
5. ആവശ്യമെങ്കില്‍ 6 മാസം കൂടുമ്പോള്‍ മോണയും പല്ലും ദന്തഡോക്‌ടറെക്കൊണ്ട്‌ ക്ലീന്‍ ചെയ്യണം
6. പല്ല്‌ തേയ്‌ക്കുമ്പോള്‍ ദിവസവും നാവും വൃത്തിയാക്കുക
7. പല്ലിനിടയിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ 'ഫ്‌ളോസ്‌' ഉപയോഗിച്ച്‌ നീക്കം ചെയ്യണം
8. 'മൗത്ത്‌വാഷ്‌' ഉപയോഗിക്കുക
9. വായ്‌ക്ക് പുറത്തുള്ള കാരണങ്ങള്‍ ഒന്നും ഇല്ല എന്ന്‌ ഡോക്‌ടറെ കണ്ട്‌ ഉറപ്പുവരുത്തുക

പല്ലിലെ പ്ലാക്ക്‌

ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്നതാണ്‌ പല്ലിലെ കാല്‍കുലസ്‌ അഥവാ പ്ലാക്ക്‌. ബ്രഷിംഗ്‌ ശരിയായ വിധം നടക്കാതെ വരുമ്പോഴാണ്‌ പല്ലില്‍ 'പ്ലാക്ക്‌' ഉണ്ടാവുന്നത്‌. ഈ പ്ലാക്ക്‌ പല്ലില്‍ സൂക്ഷ്‌മജീവികള്‍ക്കും മറ്റും പറ്റിപ്പിടിക്കാനുള്ള ഒരു പ്രതലം ആകുന്നു. കുറച്ച്‌ ആഴ്‌ചകള്‍ കഴിയുമ്പോള്‍ പ്ലാക്ക്‌ ക്രമേണ കട്ടിപിടിക്കും. ഇത്‌ പല്ലില്‍ ഇളംമഞ്ഞനിറത്തിലോ ബ്രൗണ്‍നിറത്തിലോ കാണുന്ന 'കാല്‍ക്കുലസ്‌' ആയി മാറുന്നു. താഴത്തെ മുന്‍നിര പല്ലിന്റെ അകവശത്തും മുകളിലത്തെ അണപ്പല്ലുകളുടെ മുന്‍വശത്തുമാണ്‌ ഇത്‌ കൂടുതലായും കാണുന്നത്‌. ഇങ്ങനെ രൂപപ്പെടുന്ന കാല്‍ക്കുലസിനുള്ളില്‍ അനേകായിരം സൂക്ഷ്‌മജീവികളും ഹാനികരമായ രാസപദാര്‍ഥങ്ങളും ഉണ്ടാകും. ഇവയെല്ലാം പല്ലിനും മോണയ്‌ക്കും ദോഷമാണ്‌.മോണ താഴേയക്ക്‌ ഇറങ്ങുവാനും കാലക്രമേണ പല്ലുകള്‍ മോണരോഗം ബാധിച്ച്‌ ഇളകാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ ദിവസവും രണ്ടുനേരം ബ്രഷ്‌ ചെയ്യുകയും പ്ലാക്ക്‌ കൂടുതല്‍ അടിയാന്‍ സാധ്യതയുള്ള കീഴ്‌ഭാഗത്തെ പല്ലിന്റെ അകവശത്തും മുകളിലത്തെ പല്ലിന്റെ പുറംവശത്തും കൂടുതല്‍ ശ്രദ്ധിച്ച്‌ ബ്രഷ്‌ ചെയ്യുകയും വേണം. 6 മാസം കൂടുമ്പോള്‍ ദന്തഡോക്‌ടറെ കണ്ട്‌ ആവശ്യമെങ്കില്‍ 'ക്ലീനിംഗ്‌' നടത്തുക.

മോണയില്‍ നിന്ന്‌ രക്‌തം വരിക
ബ്രഷ്‌ ചെയ്യുമ്പോള്‍ മോണയില്‍നിന്ന്‌ രക്‌തസ്രാവമുണ്ടാകുന്നത്‌ മോണരോഗത്തിന്റെ ലക്ഷണമാണ്‌. ആരോഗ്യമുള്ള മോണയില്‍നിന്ന്‌ ബ്രഷ്‌ ചെയ്യുമ്പോള്‍ രക്‌തസ്രാവം ഉണ്ടാകില്ല. പലരുടെയും മിഥ്യാധാരണ ബ്രഷിംഗിന്റെ അമിതോപയോഗം കാരണമാണ്‌ രക്‌തസ്രാവം ഉണ്ടാകുന്നതെന്നാണ്‌. അതിനാല്‍ അവര്‍ ആ ഭാഗം ബ്രഷ്‌ ചെയ്യുന്നത്‌ കുറയ്‌ക്കും. എന്നാല്‍ ആ ഭാഗത്ത്‌ ബ്രഷിംഗ്‌ ശരിയായി നടക്കാതെ മോണരോഗം വര്‍ധിക്കുന്നു. മോണയില്‍നിന്ന്‌ രക്‌തസ്രാവം ഉണ്ടായാല്‍ ഉടന്‍ ദന്തഡോക്‌ടറെ കാണുകയും ആവശ്യമായ ചികിത്സകള്‍ ചെയ്യുകയും വേണം. ചിലപ്പോള്‍ മോണശസ്‌ത്രക്രിയയും ആവശ്യമായേക്കാം.



from Anweshanam | The Latest News From Health http://bit.ly/2VQhSz8
via IFTTT