Breaking

Wednesday, April 17, 2019

മോദിയുടെ സ്വത്തുവിവരത്തിൽ പൊരുത്തക്കേട് : തിരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷിക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: നാമനിർദേശ പത്രികയിൽ ഗാന്ധിനഗറിലെ സ്വത്തിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വിവരങ്ങൾ മുമ്പ് നൽകിയതുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. ഇക്കാര്യത്തെക്കുറിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിനഗറിലെ വസ്തുവുമായി ബന്ധപ്പെട്ട് മോദി നൽകിയ വിവരങ്ങളെക്കുറിച്ച് പൊതുസമൂഹത്തിലുള്ള അറിവും സുപ്രീം കോടതിയിലുള്ള പൊതുതാത്പര്യഹർജിയും ചില ചോദ്യങ്ങൾ ഉയർത്തുന്നതായി ഖേര പറഞ്ഞു. 2001-ലാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നത്. 2002-ൽ എം.എൽ.എ.യും. 2007-ൽ നൽകിയ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ ഗാന്ധിനഗറിലെ സെക്ടർ ഒന്നിൽ പ്ലോട്ട് 411 (326.22 ചതുരശ്ര മീറ്റർ) കൈവശമുണ്ടെന്നും 1.3 ലക്ഷം രൂപ കൊടുത്താണ് വാങ്ങിയതെന്നും പറയുന്നു. 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പു സമയത്തു നല്കിയ സത്യവാങ്മൂലത്തിൽ പക്ഷേ, ഈ സ്ഥലത്തെക്കുറിച്ചു പറയുന്നില്ല. പകരം പ്ലോട്ട് 401/എ.യിൽ നാലിലൊരു അവകാശം (326.11 ചതുരശ്ര മീറ്റർ) ഉണ്ടെന്നാണ് പറഞ്ഞത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതേ സത്യവാങ്മൂലം നൽകി. ഈ വിവരമാണ് പ്രധാനമന്ത്രി വെബ്സൈറ്റിലും വെളിപ്പെടുത്തിയത്. എന്നാൽ, ഗുജറാത്തിലെ റവന്യൂവകുപ്പിന്റെ രേഖകളിൽ ഇത്തരമൊരു സ്വത്തില്ല. ധനമന്ത്രി അരുൺ ജെയ്റ്റ്ലി 2014-ൽ നൽകിയ സത്യവാങ്മൂലത്തിൽ ഇതേ പ്ലോട്ടിന്റെ നാലിലൊന്ന് അവകാശമുള്ളതായി ചേർത്തിട്ടുണ്ട്. 2001-ലെ സത്യവാങ്മൂലത്തിൽ പ്ലോട്ട് 401-ന്റെ പരിപൂർണ അവകാശിയാണെന്നും ജെയ്റ്റ്ലി സത്യവാങ്മൂലം നൽകി- കോൺഗ്രസ് വക്താവ് പറഞ്ഞു. ഒരേ സ്ഥലത്തെക്കുറിച്ച് വ്യത്യസ്ത വിവരം സത്യവാങ്മൂലങ്ങളിൽ നൽകിയതിനാൽ ജനപ്രാതിനിധ്യനിയമ പ്രകാരം മോദിക്കെതിരേ കമ്മിഷൻ നടപടിയെടുക്കണമെന്ന് പവൻ ഖേര ആവശ്യപ്പെട്ടു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ മഹാരാഷ്ട്രയിലെ പത്രപ്രവർത്തകനായ സാകേത് ഗോഖലെ പൊതുതാത്പര്യ ഹർജി നൽകിയിട്ടുണ്ട്. content highlights:Congress demands EC action against PM Modi's asset declaration


from mathrubhumi.latestnews.rssfeed http://bit.ly/2Iqh6Wm
via IFTTT