Breaking

Thursday, April 18, 2019

യൂണിലാറ്ററല്‍ യൂടേണായി, പരിഭാഷയിലെ അമളി ഓര്‍മ്മിച്ച് രാഹുല്‍ഗാന്ധിയുടെ പരിഭാഷക ജ്യോതി വിജയകുമാര്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ജ്യോതി വിജയകുമാറായിരുന്നു. നേരത്തെ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗം പരിഭാഷപ്പെടുത്തിയ അതേ യുവതി. കോൺഗ്രസ് നേതാവ് ഡി. വിജയകുമാറിന്റെ മകൾ. രാഹുൽഗാന്ധിയുടെ പ്രസംഗം ആവേശംചോരാതെ ജനങ്ങളിലേക്കെത്തിച്ച് കൈയടി വാങ്ങിയ ജ്യോതി വിജയകുമാർ തന്റെ പ്രിയപ്പെട്ട നേതാവിന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ ലഭിച്ച അവസരങ്ങളെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമിനോട് മനസ്സുതുറക്കുന്നു. രാഹുലിന്റെ പ്രസംഗങ്ങൾ തുടർച്ചയായി പരിഭാഷപ്പെടുത്തി, എന്തുതോന്നുന്നു? കഴിഞ്ഞ രണ്ടുദിവസമായി മൂന്നു പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തി. വളരേയധികം സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ മനസും ചിന്തകളും കുറേക്കൂടി അടുത്തറിയാൻ സാധിക്കുന്നതിൽ അതിയായ സന്തോഷം തോന്നുന്നു. സാമൂഹികമാധ്യമങ്ങളിൽ രാഹുൽഗാന്ധിയുടെ പ്രസംഗങ്ങളെക്കാൾ വൈറലായിരിക്കുന്നത് ജ്യോതി വിജയകുമാറിന്റെ പരിഭാഷയാണ്​. എന്താണ് ഈ പരിഭാഷയ്ക്ക് പിന്നിലുള്ളത്? പരിഭാഷപ്പെടുത്തുമ്പോൾ അതെല്ലാം സ്വാഭാവികമായി വരുന്നതാണ്. രാഹുൽജി എന്ന വ്യക്തിയെയും രാഷ്ട്രീയക്കാരനെയും എനിക്ക് വളരേയേറെ ഇഷ്ടമാണ്. കോൺഗ്രസിനെയും ഭാരതത്തെയും കുറിച്ചുള്ള ഒത്തിരി ആശയങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗത്തിൽനിന്ന് ലഭിച്ചിട്ടുണ്ട്. രാഹുൽഗാന്ധിയുടെ ഒട്ടേറെ പ്രസംഗങ്ങളും അഭിമുഖങ്ങളും ഞാൻ കേൾക്കും. ആ ചിന്തകളെല്ലാം എന്റെ മനസിന്റെ ഭാഗമാണ്. അതിനാൽ പ്രസംഗം പരിഭാഷപ്പെടുത്തുമ്പോൾ അദ്ദേഹത്തിനോടുള്ള അടുപ്പവും ഇഷ്ടവുമെല്ലാം പരിഭാഷയിൽ വരുന്നതാകാം. രാഹുൽഗാന്ധി നിർദേശങ്ങൾ തരാറുണ്ടോ? ഇല്ല, രാഹുൽജി അത്തരത്തിലുള്ള ഒരു നിർദേശങ്ങളും തരാറില്ല. അദ്ദേഹവുമായി കാണാറോ സംസാരിക്കുകയോ ചെയ്യാറില്ല. വേദിയിൽ നിൽക്കുമ്പോഴാണ് അദ്ദേഹം പറയുന്നതെല്ലാം അറിയുന്നത്. എന്നാൽ പഴയ പ്രസംഗങ്ങൾ കേട്ടാൽ അദ്ദേഹം പറയുന്ന ചില പൊതുവായകാര്യങ്ങളുണ്ടെന്ന് മനസിലാകും. എന്നാൽ പത്തനാപുരത്തെ പ്രസംഗത്തെക്കാൾ ഏകദേശം 30 ശതമാനത്തോളം വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ പ്രസംഗം. പക്ഷേ വയനാട്ടിലെ പ്രസംഗം ഇതിൽനിന്നെല്ലാം പൂർണമായും വ്യത്യസ്തമായിരുന്നു. നേരത്തെ അറിയിക്കുന്നത്... പരിഭാഷപ്പെടുത്തണമെന്ന് മൂന്നുദിവസം മുൻപാണ് അറിയിക്കുക. അല്ലാതെ മറ്റുനിർദേശങ്ങളൊന്നും ലഭിക്കാറില്ല. സോണിയ ഗാന്ധിയുടെ പ്രസംഗവും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആ അനുഭവം.. സോണിയാ ഗാന്ധിയുടെ 2016-ലെ പ്രസംഗവും പിന്നെ രാഹുൽഗാന്ധിയുടെ പ്രസംഗവുമാണ് ഇതിനുമുൻപ് പരിഭാഷപ്പെടുത്തിയത്. സോണിയാജിയുടെ പ്രസംഗം വളരെ വികാരനിർഭരമായിരുന്നു. അത് എനിക്ക് ഏറെ ഫീൽ ചെയ്യാൻ കഴിഞ്ഞു. വയനാട്ടിൽ രാഹുൽജി എന്റെ മണ്ഡലം എന്നെല്ലാം പറഞ്ഞപ്പോഴും ഫീൽ ചെയ്യാൻ കഴിഞ്ഞു. അങ്ങനെ ഫീൽ ചെയ്ത് പറയുമ്പോഴാണ് അതിലൊരു വ്യത്യാസംവരുന്നത്. ഇപ്പോൾ പരിഭാഷപ്പെടുത്തി തുടങ്ങിക്കഴിയുമ്പോൾ ഞാൻ മറന്നുപോകും. അത് ഒരൊഴുക്കിൽ അങ്ങനെ പോകും. പ്രതികരണങ്ങൾ.. എല്ലാവരും നന്നായെന്ന് പറഞ്ഞു. രാഹുൽജിയോട് നേരിട്ട് പ്രതികരണം ചോദിച്ചപ്പോഴും പരിഭാഷപ്പെടുത്തിയത് ഇഷ്ടമായെന്നാണ് അദ്ദേഹം പറഞ്ഞത്. പരിഭാഷപ്പെടുത്തുന്നതിനിടെ അവരുടെ പ്രതികരണം നമുക്കറിയാൻ കഴിയും. അദ്ദേഹത്തിന്റെ ശാരീരഭാഷയിൽനിന്നുതന്നെ അത് മനസിലാക്കാം. പരിഭാഷപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്... പരിഭാഷപ്പെടുത്തുമ്പോൾ സാങ്കേതികമായ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. 2017-ൽ രാഹുൽജി വന്നപ്പോൾ വേദിയിലിരിക്കുന്നയാൾക്ക് ശരിക്കും കേൾക്കാൻ പറ്റിയിരുന്നില്ല. എത്ര അടുത്തുനിന്നാലും ചിലപ്പോൾ കേൾക്കാൻ പറ്റില്ല. അതിനാൽ ഈ സാങ്കേതികപ്രശ്നങ്ങൾ വളരെയേറെ ശ്രദ്ധിക്കണം. അന്ന് യൂണിലാട്രൽ എന്നതിനുപകരം യുടേൺ എന്നാണ് ഞാൻ പറഞ്ഞത്. അതിന് നിരവധി ട്രോളുകളുണ്ടായി. പരിഭാഷപ്പെടുത്തുന്നത് തെറ്റിപ്പോകുന്നത് ചിലപ്പോൾ ഈ സാങ്കേതികപ്രശ്നങ്ങൾ കൊണ്ടാവും. അതിനാൽ ഏത് പ്രസംഗവേദിയിലും പ്രസംഗം ആരംഭിക്കുന്നതിന് മുൻപ് സാങ്കേതികസംവിധാനങ്ങൾ പരിശോധിക്കും. കഴിഞ്ഞ മൂന്നുവേദികളിലും ഒരു മണിക്കൂർ മുൻപ് പരിശോധന നടത്തിയിരുന്നു. കൃത്യമായി കേൾക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല. നമ്മുടെ ആത്മവിശ്വാസം വരെ നഷ്ടപ്പെടും. ചെങ്ങന്നൂരിലെ സ്ഥാനാർഥിത്വം... ചെങ്ങന്നൂരിൽ എന്റെ പേര്ഉയർന്നുകേട്ടെന്ന വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. അതൊന്നും കാര്യമായി കണക്കാക്കിയിട്ടില്ല. ചെങ്ങന്നൂരിൽ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി ഡി. വിജയകുമാറായിരുന്നു. എന്റെ അച്ഛൻ ആയതുകൊണ്ട് മാത്രമല്ല, അദ്ദേഹം 45 വർഷമായി പ്രവർത്തിച്ച് അവസരം കിട്ടാതിരുന്ന ആളാണ്. അതിനാൽ ജനങ്ങൾ ആഗ്രഹിച്ചത് അതാണ്. ഒരു സ്ഥാനാർഥിയാകാനുള്ള യോഗ്യതയോ പാർട്ടി പ്രവർത്തനങ്ങളോ എനിക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല.. അച്ഛനുവേണ്ടി എനിക്ക് പറ്റുന്നപോലെ ഞാൻ പ്രവർത്തിച്ചു. ഇനി സജീവരാഷ്ട്രീയത്തിലേക്ക് ? ജീവിതത്തിൽ ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്യാറില്ല. വരുന്നതിനെയും സംഭവിക്കുന്നതിനെയും അതുപോലെ സ്വീകരിക്കുന്നയാളാണ് ഞാൻ. രാഹുൽജിയുടെ പ്രസംഗം ഇഷ്ടമാണ്. രാഹുൽജിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ വിളിച്ചു. അത് പാർട്ടിക്ക് ഇഷ്ടമായപ്പോൾ വീണ്ടും വിളിക്കുന്നു. അങ്ങനെ ഒരു ഒഴുക്കിൽ പോകുന്നു. ഭാഷകളിലെ പ്രാഗത്ഭ്യം... ഭാഷയോട് വളരെയേറെ സ്നേഹമുണ്ട്. മലയാളം മീഡിയത്തിലായിരുന്നു പഠനം. പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. അതിനാൽ മലയാളത്തിലും ഇംഗ്ലീഷിലും നല്ല വാക്കുകയും വാചകങ്ങളും കാണുമ്പോൾ നല്ല സന്തോഷമാണ്. പരിഭാഷപ്പെടുത്താനും ഇഷ്ടം. അത്യാവശ്യം ഹിന്ദിയും തമിഴും കൈകാര്യം ചെയ്യും. സിവിൽ സർവീസ് പഠനം.. സിവിൽ സർവ്വീസിന് പഠിച്ചിരുന്നു. രണ്ടുതവണ പ്രിലിമിനറി ഘട്ടം പാസായിരുന്നു. പിന്നീട് പഠനം തുടർന്നില്ല. ഇപ്പോൾ സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്നവർക്ക് സോഷ്യോളജിയിൽ ക്ലാസ് എടുക്കുന്നു. Content Highlights:Rahul gandhi,translator Jyothi Vijayakumar, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2Dhe2rG
via IFTTT