Breaking

Monday, April 22, 2019

'കല്ലട' ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം; കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

കൊച്ചി: ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസിൽ യാത്രക്കാർക്ക് മർദനമേറ്റ സംഭവത്തിൽ കൂടുതൽ നടപടി. ബസ് ഹാജരാക്കാൻ ഉടമകൾക്ക് പോലീസ് നിർദേശം നൽകി. മർദനമേറ്റവരുടെ മൊഴി എടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു. മരട് സ്റ്റേഷനിൽ ബസ് എത്തിക്കാനാണ് പോലീസ് നൽകിയിരിക്കുന്ന നിർദേശം. ബസ് ബെംഗളൂരുവിലാണെന്നാണ് ഉടമകൾ പോലീസിന് നൽകിയ വിശദീകരണം. എങ്കിലും എത്രയും പെട്ടെന്ന് ബസ് പോലീസ് സ്റ്റേഷനിൽ എത്തിക്കാനാണ് നിർദേശം. മർദനമേറ്റ വിദ്യാർഥികളുടെ കൂടെ മൊഴിയെടുത്ത ശേഷം കൂടുതൽ ശക്തമായ വകുപ്പുകൾ ചേർക്കാനാണ് പോലീസ് നീക്കം. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടത്. ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കൾക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ബസ് ഹരിപ്പാട്ടെത്തിയപ്പോൾ തകരാറിലാകുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോൾ യാത്രക്കാരായ യുവാക്കൾ ഇത് ചോദ്യം ചെയ്തു. ഇത് തർക്കത്തിന് കാരണമായി. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാൻ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും രണ്ടര മണിക്കൂർ പിന്നിട്ടിരുന്നു. ബസ് വൈറ്റിലയിലെത്തിയപ്പോൾ ബസ് ഏജൻസിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസിൽ കയറി യുവാക്കളെ മർദിക്കുകയും ഇറക്കി വിടുകയുമായിരുന്നു. content highlights: suresh kallada bus to be take under police custody


from mathrubhumi.latestnews.rssfeed http://bit.ly/2VjENWt
via IFTTT