Breaking

Saturday, April 20, 2019

പത്രികസമർപ്പണം നീട്ടിവെച്ച് എ.എ.പി.; സഖ്യമുണ്ടാക്കാൻ അവസാനവട്ട ശ്രമം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ അവസാനവട്ടശ്രമവുമായി ആം ആദ്മി പാർട്ടി(എ.എ.പി.). ഇതിന്റെ ഭാഗമായി സ്ഥാനാർഥികളുടെ നാമനിർദേശപത്രിക നൽകൽ നീട്ടിവെച്ചതായി പാർട്ടിനേതാവ് ഗോപാൽ റായി വെള്ളിയാഴ്ച അറിയിച്ചു. സഖ്യസാധ്യത ഏറക്കുറെ അസ്തമിച്ചെങ്കിലും അവസാനശ്രമമെന്നനിലയിൽ ഒരിക്കൽക്കൂടി ചർച്ചനടത്താനാണ് എ.എ.പി.യുടെ നീക്കം. സഖ്യചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസിന് ഒരുതവണകൂടി അവസരം നൽകുന്നതിനാണ് പത്രിക നൽകുന്നത് എ.എ.പി. നീട്ടിയതെന്ന് റായി പറഞ്ഞു. അതിഷി (കിഴക്കൻ ഡൽഹി), പങ്കജ് ഗുപ്ത (ചാന്ദ്നി ചൗക്ക്), ഗുഗൻ സിങ് (വടക്കുപടിഞ്ഞാറൻ ഡൽഹി) എന്നിവർ ശനിയാഴ്ച പത്രിക സമർപ്പിക്കുമെന്നാണ് മുൻപ് പ്രഖ്യാപിച്ചത്. എന്നാൽ, ഇത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. സഖ്യമുണ്ടായില്ലെങ്കിൽ രാഘവ് ഛദ്ദ (തെക്കൻ ഡൽഹി), ദിലീപ് പാണ്ഡെ (വടക്കുകിഴക്കൻ ഡൽഹി), ബ്രിജേഷ് ഗോയൽ (ന്യൂഡൽഹി) എന്നിവർക്കൊപ്പം തിങ്കളാഴ്ച ഇവരും പത്രിക നൽകും. 'മോദി-ഷാ' കൂട്ടുകെട്ടിൽനിന്ന് രാജ്യത്തെ രക്ഷിക്കാനാണ് കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതെന്നും റായി വ്യക്തമാക്കി. അതേസമയം പടിഞ്ഞാറൻ ഡൽഹിയിലെ സ്ഥാനാർഥിയായ ബൽബീർ സിങ് ജഖാഢ് വ്യാഴാഴ്ച പത്രിക സമർപ്പിച്ചിരുന്നു. ഡൽഹിയിൽ 5:2 എന്ന അനുപാതത്തിൽ സീറ്റുവിഭജനത്തിനു സമ്മതിച്ചാൽ ചണ്ഡീഗഢിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തില്ലെന്നും പകരം പിന്തുണ നൽകുമെന്നും എ.എ.പി. നേതാവ് സഞ്ജയ് സിങ് കോൺഗ്രസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇതുപ്രകാരം ഡൽഹിയിൽ രണ്ടു സീറ്റുമാത്രമേ കോൺഗ്രസിന് ലഭിക്കുകയുള്ളൂ. അതിനാൽ, ഈ നിർദേശം പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. 4:3 അനുപാതം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അവർ. അതായത്, മൂന്നു സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഹരിയാണ, ഡൽഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനാണ് എ.എ.പി. ആദ്യം ശ്രമിച്ചത്. എന്നാൽ, ഡൽഹിയിൽമാത്രം ഒന്നിച്ചുമത്സരിച്ചാൽ മതിയെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചു. ഹരിയാണയിൽ എ.എ.പി.യും ജൻനായക് ജനതാ പാർട്ടി (ജെ.ജെ.പി.)യും സഖ്യമുണ്ടാക്കിക്കഴിഞ്ഞു. അംബാല, കർണാൽ, ഫരീദാബാദ് എന്നീ മൂന്നു സീറ്റുകളിലാണ് എ.എ.പി. മത്സരിക്കുക. ശേഷിക്കുന്ന ഭിവാനി-മഹേന്ദ്രഗഢ്, ഹിസാർ, റോത്തക്ക്, കുരുക്ഷേത്ര, സോനീപത്, ഗുരുഗ്രാം, സിർസ സീറ്റുകളാണ് ജെ.ജെ.പി.ക്ക്. Content Highlights: Gopal Rai


from mathrubhumi.latestnews.rssfeed http://bit.ly/2ZjNteR
via IFTTT