Breaking

Wednesday, April 10, 2019

കെ.പി.എ.സി. സുലോചന - ജന്മദിനം ഇന്ന് 

കേരളക്കരയിലെ സിനിമാപ്രേമികളുടെ മനസില്‍ ഇടം നേടിയ കെ.പി.എ.സി. സുലോചനയ്ക്ക് ഇന്ന് ജന്മ ദിനം. കേരളത്തിലെ ജനകീയ ഗായികമാരിലൊരാളും അതോടൊപ്പം സിനിമാ-നാടക അഭിനേത്രിയുമായിരുന്ന ഒരാളാണ് കെ.പി.എ.സി. സുലോചന (10 ഏപ്രില്‍ 1938 - 17 ഏപ്രില്‍ 2005). സുലോചന പാടിയ  പാട്ടുകളെല്ലാം തന്നെ മലയാളി മനസില്‍ ഏറെ ഇടം നേടിയിരുന്നവയാണ്. ഇതില്‍ പ്രധാനമായും 'വെള്ളാരം കുന്നിലെ', 'അമ്പിളിയമ്മാവാ', 'ചെപ്പുകിലുക്കണ ചങ്ങാതി', 'വള്ളിക്കുടിലിന്‍' തുടങ്ങിയ ഗാനങ്ങള്‍ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. 

സുലോചനയുടെ ജീവിതയാത്രയിലേക്ക് 

മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി 1938 ഏപ്രില്‍ 10-ന് ജനിച്ചു. സുലോചനയുടെ ഗുരു, തടിയൂര്‍ ഗോപാലകൃഷ്ണനായിരുന്നു. തിരുവനന്തപുരം ആകാശവാണിയില്‍ ബാലലോകം പരിപാടിയിലൂടെ പ്രഫഷണല്‍ രംഗത്തേയ്ക്ക് പ്രവേശിച്ചു. 1951-ല്‍ എന്റെ മകനാണ് ശരി എന്ന നാടകത്തിലൂടെയാണ് കെ.പി.എ.സി-യില്‍ തുടക്കമിട്ടത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മുതല്‍ മന്വന്തരം വരെയുള്ള 10 നാടകങ്ങളില്‍ അഭിനയിക്കുകയും പാടുകയും ചെയ്തു. 

1964-ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്ന് കെ.പി.എ.സി വിട്ടു. പിന്നീട് വിവിധ സമിതികളുടെ നാടകങ്ങളില്‍ പാടുകയും അവയിലെ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് 'സംസ്‌ക്കാര' എന്നപേരില്‍ നാടകസമിതി രൂപീകരിക്കുകയും പത്തോളം നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. 

കാലം മാറുന്നു എന്ന സിനിമയില്‍ കെ എസ് ജോര്‍ജ്ജിന്റെ കൂടെ, 'ഈ മലര്‍ പൊയ്കയില്‍' എന്ന യുഗ്മഗാനം പാടിക്കൊണ്ടാണ് സുലോചന സിനിമാഗാനയിലേക്ക് കാല്‍ വെച്ചത്. ഇതേ ചിത്രത്തില്‍ സത്യന്റെ നായികയായി വേഷമിട്ടതും സുലോചനയായിരുന്നു. രണ്ടിടങ്ങഴി എന്ന പ്രശസ്ത നോവല്‍ ചലച്ചിത്രമാക്കിയപ്പോള്‍ അതിലും രണ്ടു ഗാനങ്ങള്‍ ആലപിച്ചു. സുലോചനയയെ ശ്രദ്ധേയയാക്കിയ കഥാപാത്രങ്ങളായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ 'സുമം' , മുടിയനായ പുത്രനിലെ 'പുലയി' എന്നിവയൊക്കെ. അരപ്പവന്‍, കൃഷ്ണകുചേല തുടങ്ങിയവയാണ് അവര്‍ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. 2005 ഏപ്രില്‍ 17-ന് 67-ആം വയസ്സില്‍ അന്തരിച്ചു.

പ്രശസ്ത നാടകഗാനങ്ങള്‍ : തലയ്ക്കുമീതെ - അശ്വമേധം (കെ.എസ്. ജോര്‍ജ്ജിനൊപ്പം), കിലുകിലെ ചെപ്പുകിലുക്കും - മൂലധനം, അമ്പിളിയമ്മാവാ - മുടിയനായ പുത്രന്‍, എന്തമ്മേ കൊച്ചുതുമ്പി - മുടിയനായ പുത്രന്‍, ചെപ്പുകിലുക്കണ ചങ്ങാതി - മുടിയനായ പുത്രന്‍, കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ - ശരശയ്യ, പമ്പയുടെ തീരത്ത് - ശരശയ്യ, വള്ളിക്കുടിലിന്‍ - സര്‍വ്വേക്കല്ല് (കെ.എസ്. ജോര്‍ജ്ജിനൊപ്പം), വെള്ളാരം കുന്നിലെ - നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു, മാന്‍ കിടാവേ മാന്‍ കിടാവേ എന്നിവയാണ് പ്രധാന പ്രശസ്ത നാടകഗാനങ്ങള്‍.

പുരസ്‌കാരങ്ങള്‍: പ്രഫഷണല്‍ നാടകരംഗത്തെ സമഗ്രസംഭാവനക്കുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ്(1999), പി.ജെ ആന്റണി സ്മാരക ഫൗണ്ടേഷന്‍ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്(1975), കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ് (1997), കേരള സര്‍ക്കാരിന്റെ മാനവീയം അവാര്‍ഡ് (2000), കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ നേടി മലയാളിമനസില്‍ ഇടം നേടിയ ജനകീയ ഗായികമാരിലൊരാളാണ് സുലോചന.

കലേശന്‍ ആണ് ഭര്‍ത്താവ്. എന്നാല്‍ ഇവര്‍ക്ക് മക്കളില്ല. ഒരു കീബോര്‍ഡ് വിദഗ്ധനാണ് കലേശന്‍. സുലോചനയുടെ പല ഗാനമേളകള്‍ക്കും അദ്ദേഹം കീബോര്‍ഡ് വായിച്ചിട്ടുണ്ട്.
 



from Anweshanam | The Latest News From India http://bit.ly/2D4be0K
via IFTTT