തിരുവനന്തപുരം: പുതുമുഖങ്ങളും യുവരക്തങ്ങളും മന്ത്രിപദത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം പിണറായി സർക്കാരിൽ വകുപ്പുകളിലും അഴിച്ചുപണിയുണ്ടായേക്കും. ഓരോ ഘടകകക്ഷിക്കും സ്ഥിരമായി ലഭിക്കുന്ന വകുപ്പുകൾ, മാറി പരീക്ഷിക്കാമെന്ന ആലോചനയാണ് നേതാക്കൾക്കുള്ളത്. കേരള കോൺഗ്രസി (എം) ന്റെ വരവും അതിന് കാരണമാകുന്നുണ്ട്. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം സി.പി.എം. ആണ് കൈകാര്യം ചെയ്യാറുള്ളത്. റവന്യൂവകുപ്പ് മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ.ക്കുള്ളതാണ്. ഇതിലൊന്നും മാറ്റം വരാനിടയില്ല. അതേസമയം, മറ്റുവകുപ്പുകളിൽ ചില വെച്ചുമാറൽ വേണമെന്ന അഭിപ്രായം സി.പി.എം. നേതാക്കൾക്കിടയിലുണ്ട്. ചില വകുപ്പുകളിൽ പുതുമയോടെ ഇടപെടാനുള്ള രാഷ്ട്രീയ ക്രമീകരണമെന്ന നിലയിലാണ് ഇതുണ്ടാകുക. എന്നാൽ ഏതെങ്കിലും പാർട്ടിയുടെകാര്യങ്ങളിൽ അധീശത്വ മനോഭാവത്തോടെ ഇടപെടാനുള്ള സി.പി.എം. നീക്കമായി ഇത് മാറില്ല. രണ്ടു മന്ത്രിസ്ഥാനമാണ് പുതുതായി മുന്നണിയിലേക്ക് വന്ന കേരളകോൺഗ്രസിന് നൽകാൻ സാധ്യതയുള്ളത്. അവർക്ക് നൽകുന്ന വകുപ്പുകൾ ഏതാണെന്ന് ധാരണയുണ്ടാക്കേണ്ടതുണ്ട്. ഒറ്റ അംഗങ്ങളുള്ള പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകുന്നില്ലെങ്കിൽ, കടന്നപ്പള്ളി രാമചന്ദ്രൻ വഹിച്ചിരുന്ന തുറമുഖ, പുരാവസ്തു വകുപ്പുകൾ ഒഴിവുവരും. അതുകൊണ്ടുമാത്രം കേരള കോൺഗ്രസിനുള്ള വകുപ്പ് വിഭജനം നടത്താനാവില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗം എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്ന കാലത്ത് വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ് പ്രധാനമായും അവർക്ക് നൽകിയിരുന്നത്. ഘടകകക്ഷികളാണ് വിദ്യാഭ്യാസവകുപ്പ് വഹിക്കുന്നതെന്ന ആക്ഷേപം ആ കാലങ്ങളിലുണ്ടായിരുന്നു. ജോസഫ് വിഭാഗം മുന്നണിയിൽനിന്ന് പോയശേഷം അധികാരത്തിലെത്തിയ വി.എസ്. സർക്കാരിന്റെ കാലത്താണ് ഈ രീതിക്ക് മാറ്റംവന്നത്. വിദ്യാഭ്യാസ വകുപ്പ് സി.പി.എം. ഏറ്റെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/33cucz0
via
IFTTT