Breaking

Tuesday, May 4, 2021

ഇവൻ ’സുകുമാരക്കുറുപ്പ്...’ പക്ഷേ, പിടികിട്ടാപ്പുള്ളിയല്ല

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാരാട്ടുവയലിലെ വീടിന്റെ ടെറസിലുണ്ട് ’സുകുമാരക്കുറുപ്പ്’. പേരുകേട്ട് അതിശയിക്കണ്ട. ഇതൊരു മയിലാണ്. നിത്യസന്ദർശകനായെത്തി രാപ്പാർക്കുന്ന മയിൽ പതിയെ വീട്ടുകാരുടെ കൂട്ടുകാരനായി. അവർ അതിനൊരു പേരിട്ടു-സുകുമാരക്കുറുപ്പ്. കോൺക്രീറ്റ് വീടിന്റെ ടെറസിലാണ് ഈ ആൺമയിൽ പറന്നെത്തുക. വൈകുന്നേരം നേരത്തെയെത്തി രാവിലെ പറന്നുപോകും. നാലുവർഷത്തോളമായി ഈ സന്ദർശനം തുടരുന്നു.ടെറസിലെ പച്ചക്കറികളും പൂച്ചെടികളും കൊത്തിനശിപ്പിക്കുന്ന ശല്യക്കാരനായിരുന്നു ആദ്യം ഇവൻ. മയിലിനെ തുരത്തിയോടിക്കാൻ പണി പതിനെട്ടും നോക്കി. രക്ഷയില്ലാതായതോടെ തുരത്താനുള്ള ശ്രമം സൗഹൃദത്തിന് വഴിമാറി. അങ്ങനെ ഇവൻ വീട്ടുകാരനായി. കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ പി. നാരായണന്റെ വീടാണിത്. അവധിക്ക് വീട്ടിലെത്തിയ മരുമകൾ ദേവികയാണ് അതിക്രമിച്ചു കയറി താമസമാക്കിയ അതിഥിക്ക് ’സുകുമാരക്കുറുപ്പെന്ന്’ പേരിട്ടത്. സ്വീഡനിലെ സ്റ്റോക്ക്ഹോം സർവകലാശാലയിൽ ഗവേഷണ അധ്യാപികയായ ദേവിക കേട്ടുപഴകിയ പേരിനു പിന്നിലെ കഥകളൊന്നും അറിയാതെയാണ് നാമകരണം നടത്തിയത്. സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മറ്റൊരാളെ കൊന്ന് കത്തിച്ച് ഒളിവിൽപ്പോയ സുകുമാരക്കുറുപ്പിക്കുറിച്ച് അമ്മാവൻ പി. നാരായണനാണ് മരുമകളോട് വിവരിച്ചത്. മരുമകളിട്ട പേര് ഭർത്താവ് ജർമനിയിലെ മ്യൂണിക്ക് സർവകലാശാലയിൽ ജോലി ചെയ്യുന്ന ഗൗതമിനും അമ്മ മുൻ അധ്യാപിക കെ. നിർമലയ്ക്കും ബോധിച്ചതോടെ ’ഔദ്യോഗിക’മായി.മിക്ക ദിവസങ്ങളിലും രാവിലെ ഒൻപതുവരെ മയിൽ ടറസിന് മുകളിൽ ഉണ്ടാകാറുണ്ടെന്ന് വീട്ടുകാർ പറയുന്നു. ഉറക്കം തൊട്ടടുത്തുള്ള തെങ്ങിൻമുകളിലാണ്. കാറ്റിലും മഴയത്തും പോലും തെങ്ങോലകൾക്കിടയിൽ ചേർന്നിരിക്കും. അപൂർവം സായാഹ്നങ്ങളിൽ കൂട്ടുകാരായ മയിലുകളും വിരുന്നുകാരാകും. അരിയും ബിസ്‌കറ്റും നൽകി അത്താഴമൊരുക്കലാണ് വീട്ടുകാരുടെ സ്‌നേഹപ്രകടനങ്ങളിലൊന്ന്. ബന്ധുക്കളും സുഹൃത്തുക്കളും മറ്റും വിരുന്നെത്തുമ്പോൾ വീട്ടുകാർ ’മുകളി’ലെ അതിഥിയെ കാട്ടിക്കൊടുക്കും. അപരിചിതരെ കണ്ടാലും പറന്നുപോകുന്ന പ്രശ്‌നമില്ല. ചിലപ്പോൾ പീലിവിടർത്തിയുള്ള മനോഹരമായ നൃത്തവും കാണാം.


from mathrubhumi.latestnews.rssfeed https://ift.tt/3vErNJI
via IFTTT