Breaking

Monday, May 3, 2021

ഇടമലയാറില്‍ കുരുങ്ങിയ രാഷ്ടീയ ജീവിതം; വി.എസിന്റെ നിയമപോരാട്ടത്തിനൊടുവില്‍ ജയില്‍ വാസം

കൊട്ടാരക്കര: സംഭവബഹുലമാണ് ആർ. ബാലകൃഷ്ണ പിള്ള എന്ന അതികായന്റെ രാഷ്ട്രീയ ജീവിതം. 1985-ൽ പഞ്ചാബ് മോഡൽ എന്ന പേരിൽ വിവാദമായ പ്രസംഗത്തെ തുടർന്ന്മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ആർ. ബാലകൃഷ്ണപിള്ള അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രിയും കൂടിയാണ്. ഇടമലയാർ കേസിൽ ഒരു വർഷം തടവുശിക്ഷ അനുഭവിച്ചു അദ്ദേഹം. കാൽനൂണ്ടാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2011ൽ കേസിൽ സുപ്രീം കോടതി തടവു ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയിൽവാസം. വി.എസ്. അച്യുതാനന്ദൻ നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തിനൊടുവിലായിരുന്നു പിള്ളയുടെ കൈയിൽ വിലങ്ങ് വീണത്. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്ക്കെതിരെ വി.എസ്.അച്യുതാനന്ദൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഒരു വർഷത്തെ കഠിനതടവും 10000 രൂപ പിഴയും വിധിച്ചു. ബാലകൃഷ്ണ പിള്ളയ്ക്ക് പുറമേ കരാറുകാരൻ പി.കെ. സജീവൻ, മുൻ കെഎസ്ഇബി ചെയർമാൻ രാമഭദ്രൻ നായർ എന്നിവരേയും കോടതി ശിക്ഷിച്ചു. മൂന്നുപേർക്കും ഒരേശിക്ഷ തന്നെയാണ് കോടതി വിധിച്ചത്. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭയിൽ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആർ. ബാലകൃഷ്ണപിള്ള ഇടമലയാർ ജലവൈദ്യുത പദ്ധതിയിൽ കരാർ കൊടുത്തതിൽ കൃത്രിമത്വം നടത്തിയെന്നായിരുന്നു ആരോപണം. ഇടമലയാർ ടണൽ നിർമാണത്തിനായി നൽകിയ ടെണ്ടറിൽ ക്രമക്കേടുകൾ ഉണ്ടെന്നും മൂന്നുകോടിയിൽ കൂടുതൽ തുക സർക്കാരിന് നഷ്ടമുണ്ടായെന്നായിരുന്നു വിജിലൻസ് കേസിലെ ആരോപണം. ജെസ്റ്റിസ് കെ.സുകുമാരൻ കമ്മീഷന്റെ ശുപാർശയെ തുടർന്നായിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. 1990 ഡിസംബർ 14ന് പ്രത്യേക വിജിലൻസ് സംഘം കൊച്ചിയിലെ ഇടമലയാർ പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകി. കേസിൽ ആകെ 22 പ്രതികൾ ഉണ്ടായിരുന്നു. ചില പ്രതികൾ മരിച്ചുപോകുകയും ചിലരെ കോടതി ഒഴുവാക്കുകയും ചെയ്തതോടെ പ്രതികളുടെ എണ്ണം 11 ആയി. വിചാരണ ആരംഭിക്കാനും തടസങ്ങളുണ്ടായി. കുറ്റപത്രം റദ്ദാക്കാൻ പിള്ള ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയും സുപ്രീം കോടതിയും കയറിയിറങ്ങി. പക്ഷേ വിജയിച്ചില്ല. ഒടുവിൽ 1997ൽ കേസിന്റെ വിചാരണ തുടങ്ങി. വിചാരണ കോടതി ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് കണ്ടെത്തി. പിള്ളയ്ക്കും മറ്റ് രണ്ട് പേർക്കും 1999ൽ അഞ്ച് വർഷം ശിക്ഷയും വിധിച്ചു. എന്നാൽ 2003 ഒക്ടോബർ 31ന് ഈ വിധി ഹൈക്കോടതി റദ്ദാക്കി. പിള്ളയുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും കോടതി തള്ളി. തുടർന്നാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകാത്തതിനെ തുടന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യതാന്ദൻ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കാലാവധി പൂർത്തിയാകുംമുൻപ് അദ്ദേഹം ജയിൽ മോചിതനായി. കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ആർ ബാലകൃഷ്ണപ്പിള്ളയെ വിട്ടയക്കുകയായിരുന്നു. 60 ദിവസം മാത്രമായിരുന്നു അദ്ദേഹം ജയിലിൽ കഴിഞ്ഞത്. 75 ദിവസം പരോളും അദ്ദേഹത്തിന് ലഭിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3e91cOW
via IFTTT