Breaking

Monday, May 3, 2021

സി.പി.എമ്മിന് ഇനി ഒരേയൊരു ശബ്ദം; കോണ്‍ഗ്രസിലും ബിജെപിയിലും കലഹങ്ങൾ

കോഴിക്കോട്: ഒരു കാര്യം വ്യക്തം, മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം വരവ് ഒരു തരംഗംതന്നെ സൃഷ്ടിച്ചാണ്. അഞ്ചുവർഷത്തിനിടെയുണ്ടായ ഭരണപ്രതിസന്ധികളും പ്രകൃതിനൽകിയ പ്രയാസങ്ങളുമെല്ലാം ഒരു ഭരണാധികാരി എങ്ങനെ കൈകാര്യംചെയ്യുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച ജനത നൽകിയ അംഗീകാരമാണ് ഈ നേട്ടം. ഭരണത്തിന്റെ അവസാന വർഷമുയർന്ന ആരോപണങ്ങളെയെല്ലാം ധൈര്യപൂർവം നേരിട്ട പിണറായി വിജയന് മുമ്പൊരിക്കലും ഒരു ഭരണാധികാരിക്കും കിട്ടാത്ത ഒരാനുകൂല്യംകൂടിയുണ്ടായിരുന്നു-പാർട്ടിയുടെ മാത്രമല്ല, മുന്നണിയുടെയും പൂർണ പിന്തുണ. മുഖ്യമന്ത്രിക്കെതിരേ അപസ്വരമുയർത്താൻ കെൽപ്പുള്ള ഒരാളും പാർട്ടിയിലോ മുന്നണിയിലോ ഉണ്ടായിരുന്നില്ല. പാർട്ടിയെ പൂർണമായും കൈയിൽ നിർത്തിയാണ് 2016-ൽ പിണറായി മുഖ്യമന്ത്രിപദത്തിലേക്ക് നടന്നുകയറിയത്. അഞ്ചുവർഷംകൊണ്ട് ജനകീയമുഖം ഉണ്ടാക്കിയെടുക്കാനും പിണറായിക്ക് കഴിഞ്ഞു. പ്രളയവും നിപയും കോവിഡുമെല്ലാം കൈകാര്യംചെയ്യാൻ നേതൃത്വംനൽകി, വൈകുന്നേരങ്ങളിൽ നടത്തിയ പത്രസമ്മേളനങ്ങൾ വീട്ടകങ്ങളിൽവരെ കേരളത്തിന്റെ നേതാവ് എന്ന നിലയിലേക്ക് പിണറായിയെ വളർത്തി. മുന്നണിയിൽ ഇടയ്ക്കിടെ കലാപമുണ്ടാക്കിയിരുന്ന സി.പി.ഐ.പോലും അനുസരണയുള്ള കുട്ടികളായി. രണ്ടുതവണ ജയിച്ചവരെല്ലാം മാറുക എന്ന മാനദണ്ഡം പാലിക്കാനായി അഞ്ചുമന്ത്രിമാരുൾപ്പെടെ മുപ്പതിലേറെ ജനപ്രതിനിധികളെ പിണറായി മത്സരരംഗത്തുനിന്ന് മാറ്റിനിർത്തി. നിയമസഭാതിരഞ്ഞെടുപ്പ് കാരണം നീണ്ടുപോയ സംഘടനാ സമ്മേളനങ്ങളിലേക്കും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലേക്കും വൈകാതെ സി.പി.എം. കടക്കും. അവിടെയും പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ പിണറായി വിജയന്റെ താത്പര്യങ്ങൾക്കായിരിക്കും മുൻതൂക്കം. പാർട്ടിക്ക് ഇപ്പോൾ അവശേഷിക്കുന്ന ഒരേയൊരു പച്ചപ്പ് കേരളംമാത്രമാണ്. അതുകൊണ്ടുതന്നെ കേരള മുഖ്യമന്ത്രിയെ മറികടക്കാൻശേഷിയുള്ള ഒരു നേതാവും ഇപ്പോൾ ദേശീയതലത്തിലുമില്ല. മതന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പിണറായിയുടെ നേതൃത്വത്തിൽ സി.പി.എമ്മിന് കഴിഞ്ഞതും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. സംഘപരിവാർ അജൻഡയെ പ്രതിരോധിക്കാൻ കോൺഗ്രസ് മുന്നണിയെക്കാൾ വിശ്വസിക്കാവുന്നത് സി.പി.എമ്മിനെയാണെന്ന തോന്നൽ ആ വിഭാഗങ്ങളെ ആകർഷിച്ചിട്ടുണ്ട്. പ്രതിഫലനംകാത്ത് കോൺഗ്രസ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും വലിയൊരു അട്ടിമറിപ്രതീക്ഷ തിരഞ്ഞെടുപ്പുഫലം തരിപ്പണമാക്കി. മുന്നണിയുടെ ഘടനയെപ്പോലും വരുംനാളുകളിൽ ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ സ്വാധീനിക്കും. ഭാരവാഹികളുടെ എണ്ണത്തിൽ റെക്കോഡ് സൃഷ്ടിക്കുന്ന പാർട്ടി പക്ഷേ, താഴെത്തട്ടിൽ സംഘടനാസംവിധാനങ്ങൾ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. പല സ്ഥലത്തും ബൂത്തുകമ്മിറ്റികൾപോലുമില്ലെന്ന് തദ്ദേശതിരഞ്ഞെടുപ്പുവേളയിൽത്തന്നെ ദൃശ്യമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾപോലും താഴെത്തട്ടിൽ ചർച്ചയാക്കാൻ പാർട്ടിക്കായില്ല. പത്രസമ്മേളനങ്ങൾക്കപ്പുറം ജനങ്ങളിലേക്കിറങ്ങാൻ പ്രാദേശിക നേതൃത്വങ്ങൾ െമനക്കെട്ടില്ല. തിരുത്തൽ വേണമെന്ന് പറയാൻ ആർജവമുള്ള ദേശീയനേതൃത്വം ഇല്ലാതെപോയതും തകർച്ചയ്ക്ക് ആക്കംകൂട്ടി. ബി.ജെ.പി.യിലേക്കുപോകാൻ സമയം കാത്തിരിക്കുന്നവരാണ് കോൺഗ്രസ് നേതാക്കളെന്ന പ്രചാരണത്തെ ചെറുക്കാനും അവർക്കായില്ല. ഭരണമില്ലാതെ പത്തുവർഷം കോൺഗ്രസിനും മുസ്ലിംലീഗിനും നിൽക്കാനാവുമോ എന്ന ചോദ്യം നേരത്തേതന്നെ സജീവമാണ്. യു.ഡി.എഫിൽനിന്ന് ചില മറുകണ്ടംചാടലുകളുണ്ടാവുമെന്ന് കരുതുന്നവരുണ്ട്. രാഷ്ട്രീയകേരളം ഭാവിയിൽ അത്തരമൊരു കൂടുമാറ്റം കണ്ടാലും അദ്ഭുതപ്പെടാനില്ല. ബി.ജെ.പി.ക്ക് പാഠം കേന്ദ്രഭരണത്തിന്റെ തണലിൽനിന്ന് പരസ്പരം പോരടിക്കുന്ന ബി.ജെ.പി. നേതാക്കൾക്കും ഈ തിരഞ്ഞെടുപ്പ് ഒരു പാഠമാണ്. നാമനിർദേശപത്രിക നൽകാനുള്ള അവസാനസമയത്തുപോലും പരസ്പരം ചതിക്കുഴികളൊരുക്കാനുള്ള വെമ്പലിലായിരുന്നു ചിലർ. ചിലയിടത്ത് സീറ്റിനുവേണ്ടി നേതാക്കൾ കാത്തിരിക്കുമ്പോൾ ഹെലികോപ്റ്ററിൽ സഞ്ചരിച്ച് രണ്ടിടത്ത് മത്സരിക്കാനിറങ്ങിയ സംസ്ഥാന അധ്യക്ഷന്റെ നടപടികൾ എതിരഭിപ്രായമാണ് ഉണ്ടാക്കിയതെന്ന് തിരിച്ചറിയാതെ പോയത് ബി.ജെ.പി.ക്കാർ മാത്രമായിരുന്നു. ഭരണത്തെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കാൻമാത്രമാണ് മലയാളിയായ കേന്ദ്രസഹമന്ത്രി എത്തുന്നതെന്ന ഇടതുമുന്നണിയുടെ പ്രചാരണവും ബി.ജെ.പി. തിരിച്ചറിയാതെ പോയി. കേരളത്തിൽ കോൺഗ്രസ് തകരുന്നതാണ് തങ്ങൾക്ക് വളരാനുള്ള അവസരമെന്ന് നേരത്തേതന്നെ ബി.ജെ.പി. പറഞ്ഞുവെച്ചിരുന്നു. ഇപ്പോൾ യു.ഡി.എഫിനേറ്റ തിരിച്ചടി ബി.ജെ.പി.യെ സന്തോഷിപ്പിക്കുന്നുണ്ടാവണം. ഇത്തവണ കേരളത്തിൽ കൂടുതൽ താമര വിരിയുമെന്ന പ്രതീക്ഷയിൽ എല്ലാ സഹായങ്ങളും കേന്ദ്രനേതൃത്വം കൈയയച്ച് നൽകിയിരുന്നു. പക്ഷേ, കൈയിലുള്ളതുപോലും നഷ്ടമായ അവസ്ഥ കേരള നേതൃത്വത്തിന്റെ മുന്നിലെ വലിയ തലവേദനയായി അവശേഷിക്കും. നേതൃതലത്തിൽ ചില ഇളക്കിപ്രതിഷ്ഠകൾ ഉണ്ടായാലും അദ്ഭുതപ്പെടേണ്ടതില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3xJOBJC
via IFTTT