Breaking

Monday, May 3, 2021

മന്ത്രിസ്ഥാനം തെറിപ്പിച്ച 'പഞ്ചാബ് മോഡല്‍' പ്രസംഗം

കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. ഭൂട്ടാസിംഗിന് പോലും കടന്നുചെല്ലാൻ വയ്യാത്ത പഞ്ചാബാണ്. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കൾ രംഗത്തിനിറങ്ങണം. 1985-ൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാകോൺഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തിൽ ആർ. ബാലകൃഷ്ണ പിളള നടത്തിയ ഈ പ്രസംഗമാണ് പിന്നീട് പഞ്ചാബ് മോഡൽ പ്രസംഗമെന്ന് പേരിൽ വിവാദമായത്. പ്രതിഷേധം കലാപാഹ്വാനത്തോളം എത്തിയതോടെ പ്രസംഗ വിവാദം കത്തിപ്പടർന്നു. കെ. കരുണാകരൻ മന്ത്രിസഭയിലെ വൈദ്യുതമന്ത്രിയായിരുന്ന ബാലകൃഷ്ണ പിളളയ്ക്ക് മന്ത്രിസ്ഥാനം തെറിച്ചു. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലകൃഷ്ണപ്പിളളയുടെ പ്രസംഗം. പഞ്ചാബിൽ വിഘടനവാദം കത്തിനിൽക്കുന്ന സമയമായിരുന്നു അത്. പഞ്ചാബുകാരെ പ്രീതിപ്പെടുത്താനായിട്ടാണ് രാജീവ് ഗാന്ധി ഇപ്രകാരം ചെയ്തതെന്ന് ബാലകൃഷ്ണ പിളള ഉറച്ചുവിശ്വസിച്ചു. വാർത്ത മാതൃഭൂമിയുടെ ഒന്നാംപേജിൽ റിപ്പോർട്ട് ചെയ്തു. അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ജി. കാർത്തികേയൻ മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും പിള്ള രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിലെത്തി. തുടർന്ന് പിളളയ്ക്ക് മന്ത്രിപദം നഷ്ടമായി. പിളളയുടേത് രാജ്യദ്രോഹകുറ്റമാണെന്നും രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞുകൊണ്ടാണ് പിളളയെ മന്ത്രിസ്ഥാനത്തുനിന്ന് കരുണാകരൻ നീക്കുന്നത്. എന്നാൽ താൻ അങ്ങനെ ഒരു പരാമർശം നടത്തിയിട്ടില്ലെന്ന് പിളളയും വാദിച്ചു. പിളളയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രശ്നഭരിതമായ കാലഘട്ടമായിരുന്നു അത്. പിന്നീട് വർഷങ്ങൾക്ക് ശേഷം പഞ്ചാബ് മോഡൽ പ്രസംഗത്തിലെ പരാമർശംപിളള തുറന്നുസമ്മതിക്കുകയുണ്ടായി. എന്നാൽ അന്നും തന്റെ പ്രസംഗം ശരിയായിരുന്നെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. താൻ ബലിയാടാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പിളളയുടെ വിവാദമാകുന്ന ഏക പ്രസംഗമായിരുന്നില്ല അത്. മുസ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങളെ രൂക്ഷമായി വിമർശിച്ച് പത്തനാപുരത്ത് പിളള നടത്തിയ മറ്റൊരു പ്രസംഗവും വൻ വിവാദമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3aZOgZQ
via IFTTT