Breaking

Saturday, January 23, 2021

സമസ്തയുടെ സ്വതന്ത്രനിലപാടിൽ ലീഗിന് അങ്കലാപ്പ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ. വിഭാഗം) സ്വീകരിക്കുന്ന രാഷ്ട്രീയനിലപാടിൽ മുസ്ലിം ലീഗിന് അങ്കലാപ്പ്. നേരത്തേ ലീഗിനും യു.ഡി.എഫിനും പിന്തുണനൽകിയിരുന്ന സമസ്തവിഭാഗം കുറച്ചുകാലമായി സ്വതന്ത്രനിലപാടാണ് സ്വീകരിക്കുന്നത്. ലീഗ്-സമസ്ത പോര് നിലനിൽക്കുന്നതും സമസ്തയിലെ ഒരുവിഭാഗം പിണറായി സർക്കാരിനോട് കാണിക്കുന്ന മമതയും ലീഗിനെ ആശങ്കയിലാക്കുന്നു. സമുദായത്തിന്റെ വോട്ടുവാങ്ങുന്നവർ ഉത്തരവാദിത്വം നിറവേറ്റണമെന്ന നിലപാടാണ് സമസ്തയിലെ യുവനേതാക്കൾക്കുള്ളത്. ഇതിൽ ലീഗ് നേതൃത്വം പലപ്പോഴും പരാജയപ്പെടുന്നുവെന്നും സി.പി.എം. അടക്കമുള്ള പാർട്ടികളെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്നുമാണ് അവരുടെ വിലയിരുത്തൽ. ലീഗുമായുള്ള ബന്ധത്തിന്റെ പേരിൽ കോൺഗ്രസിന് ഉപാധികളില്ലാതെ വോട്ടുചെയ്യുന്നതിനോടും പലർക്കും യോജിപ്പില്ല. ഈ നിലപാടിന് സമസ്തയിൽ മേൽക്കൈ ലഭിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് ലീഗ് നേതൃത്വം കാണുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ വിവിധ വിഷയങ്ങളിൽ സമസ്തനേതാക്കളെ നേരിട്ടുവിളിച്ച് അഭിപ്രായങ്ങൾ തേടിയതും പൗരത്വ വിഷയത്തിൽ ശക്തമായ നിലപാടെടുത്തതും സമസ്തയെ ഇടതു സർക്കാരുമായി അടുപ്പിച്ചു. മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടലുകളും ഇതിന് ആക്കം കൂട്ടി. ഈ അടുപ്പം ഇല്ലാതാക്കാൻ പലപ്പോഴായി ലീഗ് നേതൃത്വം ശ്രമങ്ങൾ നടത്തി. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽനിന്ന് സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരെ തടഞ്ഞതും പൗരത്വപ്രശ്നം ചർച്ചചെയ്യാൻ സമസ്ത മുൻകൈയെടുത്ത് കോഴിക്കോട്ട് വിളിച്ചുചേർത്ത യോഗം മുടക്കിയതുമെല്ലാം ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, ആലിക്കുട്ടി മുസ്ല്യാരെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് അബൂബക്കർ ഫൈസി മലയമ്മക്കെതിരേ നടപടിയെടുക്കുകയും ലീഗ് നേതാവ് എം.സി. മായിൻ ഹാജിയെ വിളിച്ചുവരുത്തുകയും ചെയ്തതോടെ സമസ്തയെ നിയന്ത്രിക്കാൻ ലീഗിനെ വിടില്ലെന്ന സന്ദേശമാണ് നേതൃത്വം നൽകിയത്. തിരഞ്ഞെടുപ്പിനുശേഷവും വെൽഫെയർ പാർട്ടി ബന്ധത്തെ ലീഗ് തള്ളിപ്പറയാത്തതിൽ സമസ്തയ്ക്ക് ശക്തമായ എതിർപ്പുണ്ട്. ഈ എതിർപ്പ് തുറന്നുകാട്ടാനാണ് സമസ്തയുടെ പ്രസിദ്ധീകരണമായ സത്യധാരയിൽ മന്ത്രി ജലീലിന് അഭിമുഖത്തിന് അവസരം നൽകിയത്. ലീഗ്-വെൽഫെയർ ബന്ധത്തെ അതിരൂക്ഷമായാണ് മന്ത്രി വിമർശിച്ചത്. സമസ്തയ്ക്ക് ആരുമായും അകൽച്ചയില്ലെന്നും രാഷ്ട്രീയകക്ഷികൾ വിളിക്കുന്ന യോഗങ്ങളിൽ മുന്നണിനോക്കാതെ ഇനിയും പങ്കെടുക്കുമെന്നുമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറയുന്നത്. Content Highlights: Samastha, muslim league, kerala assembly election 2021


from mathrubhumi.latestnews.rssfeed https://ift.tt/39VCoXo
via IFTTT