തിരുവനന്തപുരം: ഏഴുവാർഡുകളിൽ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നാലിടത്ത് യു.ഡി.എഫിനും മൂന്നുവാർഡുകളിൽ എൽ.ഡി.എഫിനും ജയം. പൊതുതിരഞ്ഞെടുപ്പിനിടയിൽ സ്ഥാനാർഥികൾ മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കണ്ണൂർ ജില്ലാപഞ്ചായത്തിലെ തില്ലങ്കേരി വാർഡ്, കളമശ്ശേരി നഗരസഭയിലെ മുനിസിപ്പൽ വാർഡ് എന്നീ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ് എൽ.ഡി.എഫ്. പിടിച്ചെടുത്തത്. കൊല്ലം, തൃശ്ശൂർ. കോഴിക്കോട് ജില്ലകളിലെ വാർഡുകളിലാണ് യു.ഡി.എഫ്. ജയിച്ചത്. കൊല്ലം പന്മന ഗ്രാമപ്പഞ്ചായത്തിലെ പറമ്പിമുക്ക്, ചോല വാർഡുകളിലെ എ.എം. നൗഫൽ 1014 വോട്ടുകൾക്കും അനിൽകുമാർ 745 വോട്ടുകൾക്കും വിജയിച്ചു. തൃശ്ശൂർ കോർപ്പറേഷനിലെ കെ. രാമനാഥൻ 2042 വോട്ടുകൾക്കും കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്ത് താത്തുർപൊയ്യിൽ വാസന്തി വിജയൻ 532 വോട്ടുകൾക്കും ജയിച്ചു. ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ പി.എച്ച്.സി. വാർഡിൽ എൽ.ഡി.എഫിന്റെ രോഹിത് എം. പിള്ള (664 വോട്ട്), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡിലെ റഫീഖ് മരക്കാർ (308 വോട്ട്), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി വാർഡിൽ എൽ.ഡി.എഫ്.സ്ഥാനാർഥി അഡ്വ. ബിനോയ് കുര്യൻ (18,687 വോട്ട്) എന്നിവരാണ് വിജയിച്ച എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ. തിരുവൻവണ്ടൂർ പഞ്ചായത്ത് അധ്യക്ഷൻമാർ പദവി ഒഴിഞ്ഞുആലപ്പുഴ തിരുവൻവണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും തൽസ്ഥാനങ്ങൾ സ്വമേധയാ ഒഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കാത്തതിനെ തുടർന്നാണ് ഉത്തരവിറക്കിയത്. പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീനാ ബിജുവുമാണ് സ്ഥാനം ഒഴിഞ്ഞതായി കമ്മിഷൻ പ്രഖ്യാപിച്ചത്. കാരണമില്ലാതെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കാത്തതിനാൽ പ്രസ്തുത സ്ഥാനങ്ങൾ സ്വമേധയാ ഒഴിഞ്ഞതായി, കേരള പഞ്ചായത്ത് രാജ് ആക്ട് 153 (13എ) വകുപ്പുപ്രകാരം പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3obGXSi
via
IFTTT