തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകൾക്കായി കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകരെത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്, ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലേറിയോ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരാണെത്തിയത്. യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുമായി വെള്ളിയാഴ്ച ഇവർ അത്താഴവിരുന്നും ചർച്ചയും നടത്തി. രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്കുമുമ്പുതന്നെ ഘടകകക്ഷികളുടെ സീറ്റിന്റെ കാര്യത്തിൽ ഏകദേശ ധാരണയുണ്ടാക്കുകയാണ് നേതാക്കളുടെ ലക്ഷ്യം. ഇതിനോടകം അനൗദ്യോഗിക ചർച്ചകളിൽ സീറ്റു സംബന്ധിച്ച ധാരണയ്ക്കുള്ള ശ്രമം നടന്നുവരുകയാണ്. സാമൂഹിക, സമുദായ വിഭാഗങ്ങളുമായുള്ള ചർച്ചയുടെ പുരോഗതിയും ഭാവി നടപടികളും നിരീക്ഷകരുമായുള്ള ചർച്ചയിൽ ഇടംപിടിക്കും. ആദ്യഘട്ടത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉൾപ്പെടെയുള്ള സംഘം ഘടകകക്ഷികളുമായി ചർച്ച നടത്തിയിരുന്നു. അതിൽ ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ മുൻനിരയിൽനിന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് ഘടകകക്ഷികൾ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു. ഇതേ വികാരം കോൺഗ്രസിൽനിന്ന് ഉയർന്നതും കണക്കിലെടുത്താണ് ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനാക്കിയത്. സീറ്റുകളുടെ എണ്ണം ഏതൊക്കെയെന്നത് സംബന്ധിച്ച ചർച്ചകൾ സംസ്ഥാനതലത്തിൽ തന്നെയാകും ധാരണയാകേണ്ടത്. മേൽനോട്ട സമിതിയും നേതൃയോഗങ്ങളും ഇന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം ശനിയാഴ്ച ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേരും. ഇതിന് മുന്നോടിയായി നിരീക്ഷകർ ഡി.സി.സി. പ്രസിഡന്റുമാരുമായും മറ്റു നേതാക്കളുമായും ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് കെ.പി.സി.സി. ഭാരവാഹികളുമായി ചർച്ചയുമുണ്ട്. സ്ഥാനാർഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക കോൺഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് നൽകിയിരുന്നു. കൂടാതെ, കേന്ദ്രനേതൃത്വം സ്വന്തം നിലയിൽ സർവേയും നടത്തിവരുന്നു. ഈ പട്ടികകൾ വെച്ച് വിലയിരുത്തിയാകും സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകുക. Content Highlights: Kerala assembly election 2021, UDF
from mathrubhumi.latestnews.rssfeed https://ift.tt/2MdGqlQ
via
IFTTT