Breaking

Sunday, January 5, 2020

എച്ച്ടുഒ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു, ബ്ലാസ്റ്റിങ് പോയിന്റും തീരുമാനിച്ചു; ഇനി ആറുനാള്‍

കൊച്ചി: മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കൽ പൂർത്തിയായി. ഞായറാഴ്ച രാവിലെയോടെയാണ് സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന പ്രക്രിയ പൂർത്തിയാക്കിയത്. എച്ച്ടുഒ ഫ്ളാറ്റിലെ ബ്ലാസ്റ്റിങ് പോയിന്റ് തീരുമാനിച്ചതായും ഇനി ജെയ്ൻ ഫ്ളാറ്റിലായിരിക്കും സ്ഫോടക വസ്തുക്കൾ നിറയ്ക്കുകയെന്നും എക്സ്പ്ലോസീവ് കൺട്രോളർ അറിയിച്ചു. ആൽഫ സെറീൻ ഫ്ളാറ്റിലായിരിക്കും ഏറ്റവും അവസാനം സ്ഫോടക വസ്തുക്കൾ നിറയ്ക്കുക. ജനുവരി 11, 12 തീയതികളിലാണ് മരടിലെ നാല് ഫ്ളാറ്റുകൾ സ്ഫോടനത്തിലൂടെ തകർക്കുന്നത്. ഈ ദിവസങ്ങളിൽ ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. സ്ഫോടന സ്ഥലത്തേക്ക് സുരക്ഷിതമായി പ്രവേശിക്കാമെന്ന് അഗ്നിശമന സേനയും മറ്റ് ഉന്നതോദ്യോഗസ്ഥരും അറിയിക്കുന്നതുവരെയാണ് നിരോധനാജ്ഞ. 11-ന് രാവിലെ 11-ന് ഹോളിഫെയ്ത്തും 11.30-ന് ആൽഫ സെറീനുമാണ് തകർക്കുന്നത്. ഇതിന്റെ 200 മീറ്റർ ചുറ്റളവിലുള്ളവരെ ഒമ്പതു മുതൽ ഒഴിപ്പിക്കും. ഈ സമയം മുതലാണ് നിരോധനാജ്ഞ. സ്ഫോടനം കഴിയുമ്പോൾ അഗ്നിശമന സേന വെള്ളം തളിച്ച് പൊടി നിയന്ത്രിക്കും. റോഡുകൾ ശുചിയാക്കുകയും ചെയ്യും. ഇവരുടെ നിർദേശം ലഭിക്കുന്നതോടെ നിരോധനാജ്ഞ പിൻവലിക്കും. ജെയിൻ, കായലോരം എന്നിവ പൊളിക്കുന്ന 12-നും ഇതേ പ്രക്രിയ തുടരും. പത്താം തീയതി മോക് ഡ്രിൽ നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. Content Highlights: maradu flat demolition; explosives filled in holyfaith h2o flat


from mathrubhumi.latestnews.rssfeed https://ift.tt/37IeNqx
via IFTTT