Breaking

Friday, January 31, 2020

പൗരത്വഭേദഗതി: ആശങ്കയകറ്റേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം-എൻ.എസ്.എസ്

കൊട്ടാരക്കര : പൗരത്വഭേദഗതി സംബന്ധിച്ച ജനങ്ങളുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ടെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. കൊട്ടാരക്കര എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ഓഫീസിൽ സമുദായാചാര്യൻ മന്നത്ത് പദ്മനാഭന്റെ വെങ്കലപ്രതിമ അനാവരണവും പദ്മ കഫെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻപും പൗരത്വഭേദഗതികൾ ഉണ്ടായിട്ടുണ്ട്. അതൊന്നും അത്ര വിവാദമായിട്ടില്ല, ആരും അറിഞ്ഞിട്ടില്ല. ഇതുവരെയുണ്ടാകാത്ത വിവാദം ഇപ്പോഴുണ്ടായപ്പോൾ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്. അവർ അത് നിഷ്പക്ഷമായി നിറവേറ്റിയാൽ മാത്രമേ ഭരണഘടനയിൽ പറയുന്ന മതേതരത്വവും തുല്യതയും ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. വിവാദമായ വിഷയങ്ങൾ ഭരണഘടനാനുസൃതമല്ലെങ്കിൽ അതു തീരുമാനിക്കേണ്ടതും മാറ്റേണ്ടതും കോടതിയാണ്. ഈ വിഷയം ചിലർക്ക് ഭരണം ഉറപ്പിക്കുന്നതിനോ മറ്റുള്ളവർക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോ അവസരമൊരുക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയായിത്തീരും. സമാധാനപരമായി പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്. പക്ഷേ, അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ഒന്നിനും പരിഹാരമല്ല. രാജ്യത്തിന് ദോഷകരമാവുകയേയുള്ളൂവെന്നാണ് എൻ.എസ്.എസിന്റെ നിലപാട്. ഭരണഘടന ഉണ്ടാകുംമുൻപ് മതേതരത്വവും ജനാധിപത്യവും മൂല്യങ്ങളായി സ്വീകരിച്ചതാണ് എൻ.എസ്.എസ്. സംഘടനയുടെ നിലപാട് എന്നും ഇതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വവിഷയത്തിൽ ആദ്യമായാണ് എൻ.എസ്.എസ്. നിലപാട് വ്യക്തമാക്കുന്നതെന്നും വിവാദവിഷയമായതിനാൽ എഴുതിത്തയ്യാറാക്കി അവതരിപ്പിക്കുകയാണെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. Content Highlights:NSS reacts on CAA issue


from mathrubhumi.latestnews.rssfeed https://ift.tt/3aWFI42
via IFTTT