Breaking

Thursday, January 30, 2020

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാർശ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിൽ കഴിയുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ഉദ്യോഗസ്ഥസമിതിയുടെ ശുപാർശ. കുറ്റപത്രം വൈകുന്നതിനാൽ ആറുമാസത്തിൽ കൂടുതൽ സസ്പെൻഷനിൽ നിർത്താനാവില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വ്യക്തമാക്കി. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരാണ് സമിതിയിലുള്ളത്. ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറിയാൽ പുനർനിയമനത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞവർഷം ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ.എം. ബഷീർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മ്യൂസിയം പോലീസ് രജിസ്റ്റർചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാസുഹൃത്താണ് കാറോടിച്ചിരുന്നതെന്നായിരുന്നു ശ്രീറാമിന്റെ നിലപാട്. ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലും ഇക്കാര്യം അദ്ദേഹം വ്യക്തമാക്കി. അപകടസമയത്ത് മദ്യപിച്ചിരുന്നെന്ന ആരോപണവും നിഷേധിച്ചു. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഫൊറൻസിക് റിപ്പോർട്ട് വൈകുന്നതിനാലാണ് കുറ്റപത്രം വൈകുന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ പിൻവലിക്കരുതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2t5kGPE
via IFTTT