Breaking

Thursday, January 30, 2020

ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തി. പുറം ബോഡിയിൽ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല. മുൻവശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിൻവശത്ത് പരമാവധി 40 സെന്റീമീറ്റർ ഉയരത്തിൽ എഴുതാം.ടൂറിസ്റ്റ് ബസ് നടത്തിപ്പുകാർ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാൻസപോർട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം. പുതിയതായി റജിസ്റ്റർ ചെയ്യുന്ന ബസുകളും ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം. ഒരുവിഭാഗം ടൂർ ഓപ്പറേറ്റർമാരുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് എസ്.ടി.എ. ഏകീകൃത നിറം ഏർപ്പെടുത്തിയത്. ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങൾക്ക് അനുവദിച്ച വെള്ളനിറമാണ് കോൺട്രാക്ട്‌ കാരേജ് ബസുകൾക്കും ബാധകമാക്കിയത്. ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റർ വീതിയാണ് അനുവദിച്ചിട്ടുള്ളത്.നിയന്ത്രണമില്ലാത്തതിനാൽ ബസ്സുടമകൾ അവർക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുകളിൽ പതിച്ചിരുന്നത്. മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് പേരിനും നിയന്ത്രണം ഏർപ്പെടുത്തിയത്. വിനോദയാത്ര പോകുന്നതിനുമുമ്പ് ബസുകൾ നിരത്തിയിട്ട് വിദ്യാർഥികൾ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തുന്നതും പരാതിക്കിടയാക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2uGW3cA
via IFTTT