കൊച്ചി: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതിയിൽ ഇളവുകൾ ഉണ്ടാകാനിടയില്ല. നടപ്പു സാമ്പത്തികവർഷം നികുതിവരുമാനം ലക്ഷ്യത്തെക്കാൾ രണ്ടു ലക്ഷം കോടി രൂപയെങ്കിലും കുറവായിരിക്കുമെന്നതിനാലാണ് ഇത്. ആദായ നികുതി, കോർപ്പറേറ്റ് നികുതി വരുമാനം നടപ്പു സാമ്പത്തിക വർഷത്തെ ലക്ഷ്യത്തെക്കാൾ 1.50 ലക്ഷം കോടി രൂപ കുറയുമെന്നാണ് അനുമാനം. ഇതിനൊപ്പം, ജി.എസ്.ടി.യിൽ 50,000 കോടി രൂപയുടെയെങ്കിലും കുറവുണ്ടാകും. വളർച്ചാ മുരടിപ്പിൽനിന്ന് സമ്പദ്ഘടനയെ ഉണർത്താനായി കഴിഞ്ഞ സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി കുറച്ച കേന്ദ്രം, സമാനമായ രീതിയിൽ വ്യക്തിഗത ആദായ നികുതിയും കുറയ്ക്കുമെന്നായിരുന്നു പൊതുവിൽ കരുതിയിരുന്നത്. എന്നാൽ, നികുതിവരുമാനം ഇപ്പോൾത്തന്നെ കുറഞ്ഞ സാഹചര്യത്തിൽ ആദായ നികുതിയിൽ ഇളവ് നൽകാനിടയില്ലെന്നു തന്നെയാണ് സൂചന. കോർപ്പറേറ്റ് നികുതിയിൽ ഇളവ് വരുത്തിയതോടെ 1.45 ലക്ഷം കോടി രൂപയാണ് സർക്കാരിന് നഷ്ടമായത്. അതേസമയം, നികുതി വിധേയ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് കഴിഞ്ഞ ബജറ്റിൽ വരുത്തിയ ആനുകൂല്യം ഇത്തവണ തുടരുമോ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ വർഷം നികുതിവിധേയ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് നികുതി പൂർണമായി ഒഴിവാക്കിക്കൊടുത്തിരുന്നു. അഞ്ചു ലക്ഷം രൂപ വരെ നികുതി വിധേയ വരുമാനമുള്ളവർക്ക് 12,500 രൂപ ആദായ നികുതി വകുപ്പിലെ '87 എ' പ്രകാരം റിബേറ്റായാണ് ആനുകൂല്യം നൽകിയത്. നികുതി ഇളവിനുള്ള 80 സി ഉൾപ്പെടെയുള്ള മാർഗങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തിയവർക്ക് ഇതുവഴി മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. Content Highlights:Income tax exemption limit could be raised
from mathrubhumi.latestnews.rssfeed https://ift.tt/2GuUZeA
via
IFTTT