Breaking

Thursday, January 30, 2020

കൊറോണ വാക്‌സിന്‍ വികസിപ്പിക്കാന്‍ കൈകോര്‍ത്ത് ചൈനയും റഷ്യയും

ബെയ്ജിങ്: നിയന്ത്രിക്കാനാകാതെ പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിൽ ചൈന റഷ്യയുടെ സഹായം തേടി. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യൻ ഔദ്യോഗികമാധ്യമം ബുധനാഴ്ച റിപ്പോർട്ടുചെയ്തു. വാക്സിൻ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ, അതിന് മൂന്നുമാസത്തോളം വേണ്ടിവരുമെന്നും യു.എസ്. വ്യക്തമാക്കി. എന്നാൽ, ഇതിനകം തങ്ങൾ വാക്സിൻ കണ്ടെത്തിയതായി ഹോങ് കോങ് പകർച്ചവ്യാധി വിദഗ്ധൻ യുവെൻ ക്വോക്ക് യങ് അവകാശപ്പെട്ടു. എന്നാൽ, മൃഗങ്ങളിൽ ഈ മരുന്ന് പരീക്ഷിക്കാൻ ഇനിയും മാസങ്ങളും മനുഷ്യനിൽ പരീക്ഷിക്കാൻ ഒരുവർഷവും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ ഓസ്ട്രേലിയ ലാബിൽ വളർത്തിയെടുത്തതായും റിപ്പോർട്ടുണ്ട്. പ്രതിരോധമരുന്ന് നിർമാണത്തിൽ ഇത് നിർണായകമാകും. അതിനിടെ ചൈനയിൽ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 170 ആയി. പതിനാറിലധികം രാജ്യങ്ങളിലായി 6062 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. പട്ടാളത്തോട് അടിയന്തരമായി രംഗത്തിറങ്ങാൻ ചൈന ആവശ്യപ്പെട്ടു. രോഗം ബാധിച്ചവരുടെ എണ്ണവും ഔദ്യോഗിക കണക്കുകളെക്കാൾ ഏറെയാണെന്ന് ആശങ്ക ഉയരുന്നുണ്ട്. പത്തുദിവസത്തിനുള്ളിൽ വൈറസ് ബാധ ഏറ്റവുംരൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധൻ ജോങ് നാൻഷാൻ പറഞ്ഞു. ബ്രിട്ടീഷ് എയർവേസ്, യുണൈറ്റഡ് എയർലൈൻസ്, കാത്തേ പസഫിക്, ലയൺ എയർ എന്നീ അന്താരാഷ്ട്ര വിമാനസർവീസ് കമ്പനികൾ ചൈനയിലേക്കും തിരിച്ചുമുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. യു.എസ്., ജപ്പാൻ, ഫ്രാൻസ്, ദക്ഷിണകൊറിയ, മൊറോക്കോ, ജർമനി, കസാഖ്സ്താൻ, ബ്രിട്ടൻ, കാനഡ, റഷ്യ, നെതർലൻഡ്സ്, മ്യാൻമാർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ വുഹാനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ വിമാനത്തിൽ തിരിച്ച് നാട്ടിലെത്തിച്ചു. Content Highlights:China and Russia join hands to develop corona virus vaccine


from mathrubhumi.latestnews.rssfeed https://ift.tt/38HLnJw
via IFTTT