Breaking

Thursday, January 30, 2020

പ്രതിഷേധത്തിനൊടുവിൽ ഗവർണർ പറഞ്ഞു - ‘ഇതിലും വലുത് കണ്ടിട്ടുണ്ട്’

തിരുവനന്തപുരം: കേരള നിയമസഭയിൽ ബുധനാഴ്ചകണ്ട കാഴ്ചകൾ അപൂർവം, നാടകീയം. പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം പാരമ്യത്തിലെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം സഭയ്ക്കുള്ളിൽ തടഞ്ഞു. തിരിച്ചുപോകാൻ പറഞ്ഞു, ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും ഏജന്റെന്നു വിളിച്ചു, സഭ ബഹിഷ്കരിച്ചു. കുറച്ചുനേരത്തേക്കെങ്കിലും സഭയിൽ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്. സർക്കാരും പ്രതിപക്ഷവും ഗവർണർക്കെതിരേ തുറന്ന പോരിലായിരുന്നെങ്കിലും സഭയിൽ ഗവർണറോട് ഏറ്റുമുട്ടിയത് പ്രതിപക്ഷംമാത്രം. എല്ലാംകഴിഞ്ഞ് സഭയ്ക്ക് പുറത്തിറങ്ങിയ ഗവർണർ പറഞ്ഞു: ''ഇതിലും വലിയ പ്രതിഷേധം കണ്ടിട്ടുണ്ട്''. രാവിലെ 8.52 ഗവർണർ എത്തുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പാർലമെന്ററികാര്യമന്ത്രി എ.കെ. ബാലൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ച് സഭാകവാടത്തിലേക്ക് ആനയിച്ചു 8.58 ഗവർണറുടെ വരവ് ചീഫ് മാർഷൽ സഭയെ അറിയിച്ചു. ഗവർണർക്ക് ഗോബാക്ക് വിളിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനടുത്തേക്ക്. നടുത്തളത്തിലൂടെയെത്തി ഗവർണറുടെ വഴിതടഞ്ഞു. ഗവർണർ മുന്നോട്ടുനീങ്ങിയപ്പോൾ മുദ്രാവാക്യംവിളിച്ച് പ്രതിപക്ഷാംഗങ്ങൾ നിലത്തിരുന്നു. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ളവർ എട്ടുമിനിറ്റോളം വഴിയിൽനിന്നു. പ്രതിഷേധിച്ചവരടക്കമുള്ള സഭാംഗങ്ങളെ നോക്കി ഗവർണർ കൈകൂപ്പി. രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ സീറ്റിൽതന്നെയിരുന്നു. സ്പീക്കറും മന്ത്രി എ.കെ. ബാലനും സമരക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. 9.06 ഗവർണർക്ക് സംരക്ഷണവലയം തീർക്കാനെത്തിയ വാച്ച് ആൻഡ് വാർഡ്, നിലത്തിരുന്നവരെ പിടിച്ചുമാറ്റാൻ തുടങ്ങി. ഇതോടെ ഉന്തുംതള്ളുമായി. ബാനർ പിടിച്ചെടുത്ത് വാച്ച് ആൻഡ് വാർഡ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. നിലത്തുകിടന്ന അൻവർ സാദത്ത് എം.എൽ.എ. അടക്കമുള്ളവരെ എടുത്തുമാറ്റി. പ്രതിഷേധിച്ചവരെയെല്ലാം നീക്കി വഴി ശരിയാക്കിയതോടെ ഗവർണറെ സ്പീക്കറുടെ ഡയസിലേക്ക് ആനയിച്ചു 9.08 ഗവർണർ പ്രസംഗം വായിച്ചുതുടങ്ങി. രമേശ് ചെന്നിത്തല പ്രതിഷേധവുമായി എഴുന്നേറ്റ് അദ്ദേഹത്തെ കടുത്തഭാഷയിൽ വിമർശിച്ചു. വകവെക്കാതെ ഗവർണർ പ്രസംഗം തുടർന്നു. ഇതോടെ സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം സഭാകവാടത്തിൽ കുത്തിയിരുന്നു. 11.07 സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിലെ ഒരുവരിപോലും വിടാതെ ഗവർണർ വായിച്ചു. ഒരു മണിക്കൂറും 59 മിനിറ്റും 40 സെക്കൻഡും പ്രസംഗം നീണ്ടു. ഗവർണർ വാപസ് ജാവോ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനും ഹിന്ദി ചുവ. മുദ്രാവാക്യം വിളികളിൽ 'ഗവർണർ വാപസ് ജാവോ', 'ബി.ജെ.പി. കാ ഏജന്റ്' (ഗവർണർ തിരിച്ചുപോകൂ, ബി.ജെ.പി.യുടെ ഏജന്റ്) എന്ന് പലവട്ടം വിളിച്ചുപറഞ്ഞു. നിയമസഭയെ അവഹേളിച്ച അങ്ങേക്ക് സഭയിൽ സംസാരിക്കാൻ അവകാശമില്ലെന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും മാറിമാറി രമേശ് ചെന്നിത്തല പ്രസംഗിച്ചു. സി.എ.എ. റദ്ദാക്കൂ, ഗവർണറെ തിരിച്ചുവിളിക്കൂ, എൻ.ആർ.സി. വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങളും ഭരണഘടനയുടെ ആമുഖവും എഴുതിയ പ്ലക്കാർഡുകൾ പ്രതിപക്ഷം സഭയിലുയർത്തി. ഗവർണർക്ക് കൈയടിച്ച ഭരണപക്ഷത്തെ കളിയാക്കിയും അവർ മുദ്രാവാക്യം മുഴക്കി. മർദിച്ചെന്ന് പ്രതിപക്ഷം സഭയ്ക്കുള്ളിൽ ഗവർണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങളിൽ അൻവർ സാദത്ത്, ടി.വി. ഇബ്രാഹിം, എൽദോസ് കുന്നപ്പള്ളി, എം. വിൻസന്റ് എന്നിവർക്കുനേരെ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗം നടത്തിയതായും മർദിച്ചതായും പരാതി. വാച്ച് ആൻഡ് വാൻഡിനെതിരേ നടപടിവേണമെന്ന് രമേശ് ചെന്നിത്തല സ്പീക്കർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഗവർണറെ മുമ്പും തടഞ്ഞു; രണ്ടുവട്ടം നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണറെ തടഞ്ഞ സംഭവം മുന്പ് രണ്ടുവട്ടമുണ്ടായിട്ടുണ്ട്. പ്രസംഗം തടസ്സപ്പെടുത്തിയ സംഭവം പലവട്ടവും. * 1974 ജനുവരി 31-ന് രണ്ടാം അച്യുതമേനോൻ സർക്കാരിന്റെ കാലത്തായിരുന്നു ആദ്യസംഭവം. തടഞ്ഞതാകട്ടെ അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന സി.പി.എം. സാമാജികരും. എൻ.എൻ. വാഞ്ചുവായിരുന്നു ഗവർണർ. ഏതാനും മന്ത്രിമാർക്കെതിരേയുള്ള അഴിമതിയാരോപണങ്ങളാണ് ഗവർണറെ തടയലിൽ കലാശിച്ചത്. പഴയ നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ സ്പീക്കറുടെ ഡയസിലെത്താൻ പ്രതിപക്ഷം അനുവദിച്ചില്ല. സഭാമന്ദിരത്തിന്റെ പിറകുവശത്തെ വാതിലിലൂടെയാണെത്തിച്ചത്. തുടർന്നദ്ദേഹം നയപ്രഖ്യാപന പ്രസംഗവും നടത്തി. * 1995 ജനുവരി 21-നായിരുന്നു രണ്ടാമത്തെ സംഭവം. കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. ചാരക്കേസ് കത്തിനിൽക്കുന്ന സമയം. ജനുവരി 21-ന് നടന്ന നയപ്രഖ്യാപനത്തിനായി ഗവർണർ ബി. രാച്ചയ്യ സഭയിലെത്തിയതും പ്രതിപക്ഷത്തുണ്ടായിരുന്ന ഇടതുപക്ഷം തടഞ്ഞു. പ്രതിഷേധം കടുത്തതോടെ പിൻവാതിലിലൂടെ സ്പീക്കറുടെ ഡയസിലെത്തിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തി. * 1970 ജനുവരി 09 - സഭയുടെ ചരിത്രത്തിൽ ആദ്യമായി ഗവർണറുടെ പ്രസംഗം ബഹളംവെച്ച് പ്രതിപക്ഷ കക്ഷികൾ തടസ്സപ്പെടുത്തി. വി. വിശ്വനാഥനായിരുന്നു ഗവർണർ. സി. അച്യുതമേനോൻ മുഖ്യമന്ത്രി. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമില്ലെന്നാരോപിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും കെ.കെ. അബുവിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം * 1982 ജനുവരി 29 - പ്രതിപക്ഷനേതാക്കൾ ബഹളംവെച്ച് ഗവർണർ ജ്യോതി വെങ്കിടാചലത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തി. പ്രസംഗം പൂർണമായി സഭയിൽ വായിക്കാൻ സാധിച്ചില്ല. കെ. കരുണാകരൻ മുഖ്യമന്ത്രി. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമില്ലെന്നാരോപിച്ച് പി.കെ. വാസുദേവൻ നായരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം * 2002 മാർച്ച് 01 - ഗവർണർ സുഖ്ദേവ് സിങ് കാങ് പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ബദൽ പ്രസംഗം തുടങ്ങി. പ്രസംഗം പൂർണമായി സഭയിൽ വായിക്കാൻ സാധിച്ചില്ല. മുഖ്യമന്ത്രി എ.കെ. ആന്റണി. സർക്കാർ ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം 2009 ഫെബ്രുവരി 13 - ഗവർണർ ആർ.എസ്. ഗവായിയുടെ പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തി. പ്രസംഗം പൂർണമായി സഭയിൽ വായിക്കാൻ സാധിച്ചില്ല. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. ലാവലിൻ കേസിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. Content Highlights:kerala governor policy declaration


from mathrubhumi.latestnews.rssfeed https://ift.tt/2OaZVcL
via IFTTT