Breaking

Wednesday, January 29, 2020

നയപ്രഖ്യാപന പ്രസംഗം ഇന്ന്; സര്‍ക്കാരിന്റെ അഭിപ്രായം ഗവര്‍ണര്‍ വായിക്കില്ല

തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗം ബുധനാഴ്ച നിയമസഭയിൽ വായിക്കാനിരിക്കേ, പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനത്തിൽ സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ല. അത് വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനൽകി. സർക്കാരിന്റെ നിലപാടിനു വഴങ്ങില്ലെന്നു വ്യക്തമാക്കുന്നതാണ് പ്രസംഗത്തിന്റെ തലേന്നുള്ള ഗവർണറുടെ കത്ത്. പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവർണർക്ക് എതിർപ്പ്. ഈ ഖണ്ഡിക സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ വാദം 1) ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ച് എല്ലാവർഷവും സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസം സർക്കാരിന്റെ നയങ്ങളും പരിപാടികളും സഭാംഗങ്ങളെ അറിയിക്കണമെന്നത് ഗവർണറുടെ ചുമതലയാണെന്ന് യൂണിയൻ ഓഫ് ഇന്ത്യയും ബസവയ്യ ചൗധരിയും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ വായിക്കേണ്ടത് നയപ്രഖ്യാപന രേഖയാണ്. 2) പൗരത്വനിയമ ഭേദഗതി സംസ്ഥാനവിഷയമായ കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നത്. 3) പൗരത്വനിയമത്തെപ്പറ്റി പരാമർശിക്കുന്നത് കോടതിയലക്ഷ്യമല്ല. 4) ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. അതിനാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിക്കണം. ഗവർണറുടെ വാദം 1) കോടതിവിധി ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇതനുസരിച്ച് നയവും പരിപാടിയും സർക്കാരിന്റെ അഭിപ്രായവും തമ്മിൽ മുഖ്യമന്ത്രിതന്നെ കൂട്ടിക്കുഴയ്ക്കുന്നുവെന്നു വ്യക്തം. നയവും പരിപാടിയും അവതരിപ്പിക്കണമെന്നല്ലാതെ തങ്ങളുടെ പരിധിയിലല്ലാത്ത കാര്യങ്ങളിൽ സംസ്ഥാനസർക്കാരിന്റെ കാഴ്ചപ്പാട് ഗവർണർ അവതരിപ്പിക്കണമെന്ന് ഭരണഘടനയും സുപ്രംകോടതിയും പറഞ്ഞിട്ടില്ല. 2) പൊതുസുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്നമാണെങ്കിൽ കാര്യനിർവഹണ ചട്ടത്തിന്റെ 34 (2) അനുസരിച്ച് പ്രത്യേകമായി ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരണം. 3) നിയമസഭാ നടപടിക്രമങ്ങളുടെ 119-ാം ചട്ടപ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചർച്ചചെയ്യാൻ പാടില്ല. 4) മന്ത്രിസഭയുടെ പരിധിക്കുപുറത്ത് ഭരണഘടനാപരമായ വിഷയമാണെങ്കിൽ ഗവർണർക്ക് സ്വയംവിവേചനപരമായ തീരുമാനമെടുക്കാം. 163 (2) അനുച്ഛേദവും നബാം റേബിയ, ബമാങ് ഫെലിക്സ് എന്നിവരും അരുണാചൽ പ്രദേശ് ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും അതാണ് പറയുന്നത്. ഡിക്ഷണറി നോക്കൂവെന്ന് ഗവർണർ മുഖ്യമന്ത്രി നയവും പരിപാടിയും അഭിപ്രായവും കൂട്ടിക്കുഴയ്ക്കുന്നുവെന്ന് വാദിക്കുന്ന ഗവർണർ അദ്ദേഹത്തിനുള്ള കത്തിൽ ഓക്സ്ഫഡ് നിഘണ്ടുവിൽ നൽകിയിരിക്കുന്ന ഇവയുടെ അർഥങ്ങളും ചൂണ്ടിക്കാട്ടുന്നു. പോളിസി (നയം) എന്നാൽ കർമപദ്ധതി. പ്രോഗ്രാം (പരിപാടി) എന്നാൽ എന്തിന്റെയെങ്കിലും വികസനത്തിനായി ചെയ്യേണ്ട കാര്യങ്ങൾ. വ്യൂ (കാഴ്ചപ്പാട്) എന്നാൽ വ്യക്തിപരമായ അഭിപ്രായം. അതിനാൽ അഭിപ്രായത്തെ എത്ര വലിച്ചുനീട്ടിയാലും നയമോ പരിപാടിയോ ആവില്ല. പൗരത്വനിയമത്തിനെതിരായ പ്രതിഷേധം സർക്കാരിന്റെ അഭിപ്രായംമാത്രം. 18-ാം ഖണ്ഡിക വായിക്കില്ല നയപ്രഖ്യാപനത്തിൽ വീണ്ടും എതിർപ്പ് അറിയിച്ചതോടെ 18-ാം ഖണ്ഡിക ഗവർണർ വായിക്കില്ലെന്ന് ഉറപ്പായി. നയപ്രഖ്യാപനത്തിൽ വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടുകയാണ് ഗവർണർമാർ ചെയ്തിട്ടുള്ളത്. ആദ്യമായാണ് നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നയപ്രഖ്യാപനം ഭാഗികമായെങ്കിലും അംഗീകരിക്കില്ലെന്ന് ഗവർണർ നിലപാടെടുക്കുന്നത്. Content Highlights:policy declaration kerala government


from mathrubhumi.latestnews.rssfeed https://ift.tt/2RCGRX8
via IFTTT