Breaking

Thursday, January 30, 2020

മുന്‍മന്ത്രി എം.കമലം അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.കമലം (95) അന്തരിച്ചു.രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. കോൺഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു കമലം. കരുണാകരൻ മന്ത്രിസഭയിൽ82 മുതൽ 87 വരെ സഹകരണമന്ത്രിയയിരുന്നു കമലം. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമാണ് ഇവർക്കുണ്ടായിരുന്നത്. വനിതാ കമ്മിഷൻ ചെയർപേഴ്സൺ, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളിൽ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കർമനിരതയായിരുന്നു എം.കമലം. എല്ലാത്തിനുമുപരി മികച്ച സംഘാടകയും പാർട്ടിയിലെ സമുന്നതയായ നേതാവുമായിരുന്നു അവർ. 1946ൽ അപ്രതീക്ഷിതമായാണ് കമലം രാഷ്ട്രീയത്തിലേക്കു കടന്നത്. കോഴിക്കോട് നഗരസഭയിലെ മൂന്നാം വാർഡിൽ വനിതാസംവരണമായിരുന്നു. നേതാക്കൾ വീട്ടിൽവന്ന് കുതിരവണ്ടിയിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 1946-ലാണ്. കുതിരവണ്ടിയുമായാണ് അവർ വന്നത്. കാത്തുനിൽക്കാൻ സമയമില്ല എന്ന് പറഞ്ഞു. എനിക്കന്ന് 20 വയസ്സായിട്ടില്ല. ഞാൻ അവർക്കൊപ്പം പോയി. ഒന്ന് ഒപ്പിട്ടുകൊടുത്തതേയുള്ളൂ. തിരഞ്ഞെടുക്കപ്പെട്ടു. സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് അന്ന് ഞാൻ അറിഞ്ഞതേയില്ലായിരുന്നു.കമലം ഒരിക്കൽ പറഞ്ഞു. പിന്നീട് ഘട്ടംഘട്ടമായ വളർച്ചയാണ് കമലത്തിന്റെ രാഷ്ട്രീയജീവിതത്തിലും പൊതുജീവിതത്തിലുമുണ്ടായത്. ഇതിനുള്ള ഏറ്റവുംമികച്ച തെളിവാണ് കെ.സി. അബ്രഹാം കെ.പി.സി.സി. പ്രസിഡന്റായപ്പോൾ കമലം ജനറൽ സെക്രട്ടറിയായത്. സി.കെ.ഗോവിന്ദൻ നായരെയും കുട്ടിമാളുവമ്മയെയുമാണ് രാഷ്ട്രീയഗുരുക്കളായി കമലം കാണുന്നത്. സംഘാടകയെന്ന രീതിയിൽ കമലത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്ന് 1954ൽ കണ്ണൂർ കേന്ദ്രമായി 200 മഹിളാ സഹകരണസംഘങ്ങളും സമിതികളും രൂപവത്കരിച്ചതാണ്. പാർട്ടിതന്നെയാണ് ഈ ചുമതലയും കമലത്തെ ഏൽപ്പിച്ചത്. 1958ൽ കണ്ണൂരിൽ നടന്ന കെ.പി.സി.സി. സമ്മേളനത്തിൽ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസ്സിൽ കമലം ഇടംനേടി. കോൺഗ്രസിന്റെ കേരളത്തിലെ മഹിളാവിഭാഗം കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോൺഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോൾ അറസ്റ്റിലായി ജയിൽവാസമനുഷ്ഠിച്ചു. ഇതിനിടെ സംഘടനാ കോൺഗ്രസ് ജനതാപാർട്ടിയായി. തുടർന്നു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി സ്ഥാനാർഥിയായി കോഴിക്കോട്ട് മത്സരിച്ച് പരാജയപ്പെട്ടു. ജനതാപാർട്ടി വിട്ട് ജനത(ഗോപാലൻ)യിൽ ചേർന്ന കമലം പിന്നീട് ഇത് കോൺഗ്രസിൽ ലയിച്ചപ്പോൾ കോൺഗ്രസിൽത്തന്നെ തിരിച്ചെത്തി. 1980ൽ കോഴിക്കോട്ടുനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1982ൽ കല്പറ്റയിൽനിന്നു മത്സരിച്ച് കെ. കരുണാകരൻമന്ത്രിസഭയിൽ സഹകരണമന്ത്രിയായി. ജനസേവനത്തിന്റെ ഔന്നിത്യങ്ങളിലേക്ക് കയറിപ്പോയപ്പോഴെല്ലാം മുനിസിപ്പാലിറ്റിയിലെ പ്രവർത്തനപരിചയമായിരുന്നു തുണച്ചത്. ഭർത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംസ്കൃതത്തിലുമെല്ലാം താത്പര്യമുള്ളയാളായിരുന്നു. അതുകൊണ്ടുതന്നെ കമലത്തിന്റെ പ്രസംഗത്തിലും അതിന്റെ സ്വാധീനമുണ്ടായി. എം.യതീന്ദ്രദാസ് പത്മജ ചാരുദത്തൻ, എം. മുരളി, എം. രാജഗോപാൽ, എം. വിജയകൃഷ്ണൻ എന്നിവരാണ് മക്കൾ. Content Highlights:Former Minister M.Kamalam passes away


from mathrubhumi.latestnews.rssfeed https://ift.tt/3aTKFdZ
via IFTTT