Breaking

Monday, January 27, 2020

ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടിലെ 'ബ്ലാക്ക് മാമ്പ'

കാലിഫോർണിയയിലെ കലബസാസ് മേഖലയിലെ കുന്നിൻ ചെരുവിൽ കോബി ബീൻ ബ്രയാന്റെ ഹെലികോപ്റ്റർ തകർന്നുവീണപ്പോൾ ബാസ്ക്കറ്റ്ബോൾ കോർട്ടിലെ ഒരുപാട് മിന്നൽനീക്കങ്ങളാണ് വിസ്മൃതിയിലേക്ക് മറഞ്ഞത്. തന്റെ അസാധ്യമായ ഫൂട്ട് വർക്കിലൂടെ എതിരാളികളെ വെട്ടിയൊഴിഞ്ഞ് പന്ത് ബാസ്ക്കറ്റിലേക്ക് ഉയർത്തി നിക്ഷേപിച്ച ശേഷം സഹതാരങ്ങളുടെ അടുത്തേക്ക് ഓടിയെത്തുന്ന കോബി ഇനി ഓർമ്മ മാത്രം. ഒരു വിജയകഥയിലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ ആ ആഘോഷച്ചിരി ഇനി നമ്മുടെ മുന്നിലൂടെ മിന്നിമായും. നിമിഷങ്ങൾക്കുള്ളിൽ കോർട്ടിൽ പോയിന്റ് നേടുന്നതുപോലെ വളരെ പെട്ടെന്നായിരുന്നു 41 വയസ് മാത്രം പ്രായമുള്ള കോബിയുടെ മരണവും. അമേരിക്കയിലെ പ്രൊഫഷണൽ ബാസ്ക്കറ്റബോൾ ലീഗായ എൻ.ബി.എയിലെ ടീം ലോസ് ഏഞ്ചൽസ് ലേക്കേഴ്സിൽ നിന്ന് കോബി ബീൻ ബ്രയാന്റിന്റെ ജീവിതം വേർതിരിച്ചെടുക്കാനാകില്ല. 41 വയസ് നീണ്ട ജീവിതത്തിൽ 20 വർഷവും ലേക്കേഴ്സിനൊപ്പമായിരുന്നു കോബി ബ്രയാന്റ്. അഞ്ചു തവണ ലോകചാമ്പ്യൻ, 18 തവണ ഓൾ ടൈം സ്റ്റാർ, മോസ്റ്റ് വാല്യുബ്ൾ പ്ലയർ..ബാസ്ക്കറ്റ്ബോൾ കോർട്ടിൽ നിന്ന് കോബി ബ്രയാന്റ് വലയിലാക്കാത്ത നേട്ടങ്ങളില്ല. ഒപ്പം ഒളിമ്പിക്സിൽ അമേരിക്കൻ ടീമിനൊപ്പം തുടർച്ചയായി രണ്ടു തവണ സ്വർണമെഡൽ, 2008-ൽ ബെയ്ജിങ് ഒളിമ്പിക്സിലും 2012-ൽ ലണ്ടൻ ഒളിമ്പിക്സിലും. അമേരിക്കയുടെ ഇതിഹാസ താരവും ലേക്കേഴ്സിന്റെ മുൻ പ്രസിഡന്റുമായ മാജിക്ക് ജോൺസൺ ഒരിക്കൽ കോബി ബ്രയാന്റിനെ വിളിച്ചത് ബ്ലാക്ക് മാമ്പ എന്നാണ്. പിന്നീട് കോർട്ടിനുള്ളിലും പുറത്തും കോബി ആ പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇത്രയും വിഷമുള്ള ഒരു പാമ്പിന്റെ പേരിൽ അറിയപ്പെടുന്നതിന് പിന്നിലെ രഹസ്യം ഒരു ഡോക്യുമെന്ററിയിൽ കോബി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കോർട്ടിലിറങ്ങിയാൽ മുന്നിലുള്ളവരെയെല്ലാം നശിപ്പിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ബാസ്ക്കറ്റിലേക്ക് പന്ത് എത്തിക്കുന്നതിനടിയിലുള്ള തടസ്സങ്ങളെയെല്ലാം നീക്കുന്ന ഒരു പ്രവാഹം പോലെയാണ് താനെന്നും കോബി ഡോക്യുമെന്ററിയിൽ പറയുന്നു. വിഷമുള്ള പാമ്പിനെ ആളുകൾ പേടിക്കുന്നതുപോലെ എന്റെ കുതിപ്പിനിടയിൽ എതിർതാരങ്ങൾ ഒഴിഞ്ഞുമാറുന്നു. കോബി ആ ഡോക്യുമെന്ററിയിൽ തന്റെ കളിമികവിനെ അളക്കുന്നത് ഇങ്ങനെയാണ്. There's no words to express the pain Im going through with this tragedy of loosing my neice Gigi & my brother @kobebryant I love u and u will be missed. My condolences goes out to the Bryant family and the families of the other passengers on board. IM SICK RIGHT NOW pic.twitter.com/pigHywq3c1 — SHAQ (@SHAQ) January 26, 2020 എത്ര വലിയ താരമാണെങ്കിലും ഏതൊരു മത്സരം തുടങ്ങുന്നതിനും മണിക്കൂറുകൾക്ക് മുമ്പു തന്നെ കോബിയെ കോർട്ടിൽ കാണാം. പക്ഷേ കൈയിൽ പന്തുണ്ടാകില്ല. ഫൂട്ട് വർക്കിൽ പരിശീലനം നേടുന്ന തിരക്കിലാകും കോബി. മൂന്നര വർഷം മുമ്പാണ് കോബി കോർട്ടിനോട് വിടപറഞ്ഞത്. പക്ഷേ കോർട്ടിന് പുറത്ത് ഗാലറിയിൽ എപ്പോഴും കോബിയുടെ സാന്നിധ്യമുണ്ടാകും. 2018-ൽ ഓസ്കാർ പുരസ്കാരവും കോബിയെ തേടിയെത്തി. ബാസ്ക്കറ്റ് ബോളുമായി ബന്ധപ്പെട്ട ഒരു അനിമേഷൻ ചിത്രത്തിനായിരുന്നു ഈ പുരസ്കാരം. ഓൾ ടൈം സ്കോറിങ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോബിയുടെ റെക്കോഡ് ഈ അടുത്ത് ലെബ്റോൺ ജെയിംസ് മറികടന്നിരുന്നു. തന്റെ ബാസ്ക്കറ്റ്ബോൾ ഷൂവിൽ കോബിയുടെ ജേഴ്സി നമ്പറായ എട്ടും 24ഉം എഴുതിയാണ് ലെബ്റോൺ ആദരമർപ്പിച്ചത്. ജീവിതത്തിൽ എപ്പോഴും മാമ്പ എന്നും ആ ഷൂവിൽ ലെബ്റോൺ എഴുതി. കോബിയുടെ കോർട്ടിലെ എതിരാളിയും കോർട്ടിന് പുറത്തെ സഹോദരനുമായ ഷാകിലെ ഒ നീൽ ഏറെ വേദനയോടെയാണ് തന്റെ ദു:ഖം പങ്കുവെച്ചത്. ഞാൻ അനുഭവിക്കുന്ന വേദന പങ്കുവെയ്ക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നിന്നോട് എനിക്ക് എന്നും സ്നേഹം മാത്രമേയുള്ളു. നിന്നെ ഞാൻ ഒരുപാട് മിസ് ചെയ്യും.ഷാകിലെ ഒ നീൽ ട്വീറ്റിൽ പറയുന്നു. രണ്ടു പതിറ്റാണ്ടായി കോബിയുടെ വീടായ ലോസ് ഏഞ്ചൽസിലെ സ്റ്റേപ്പ്ൾസ് സെന്റർ ഇപ്പോൾ നിശബ്ദമാണ്. സ്റ്റേപ്പ്ൾസ് സെന്ററിൽ പൂക്കൾ അർപ്പിച്ചും കോബിയുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചും ദു:ഖവും വേദനയും രേഖപ്പെടുത്തുകയാണ് കോബിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും. കോർട്ടിലെ ഒരു മിന്നിൽനീക്കം പോലെ കോബി മാഞ്ഞുപോയെങ്കിലും കോബിക്കായി ആരാധകർ മുഴക്കിയ ആരവം കോർട്ടിനുള്ളിൽ എന്നും തങ്ങിനിൽപ്പുണ്ടാവും. I'm crying bro. I really am. 😭 pic.twitter.com/Z2iSXtuaWs — ThrowbackHoops (@ThrowbackHoops) January 26, 2020 Content Highlights: Remembering Black Mamba Kobe Bryant Basket Ball Player


from mathrubhumi.latestnews.rssfeed https://ift.tt/2RrEG8C
via IFTTT