Breaking

Thursday, January 30, 2020

പൗരത്വനിയമഭേദഗതി: യൂറോപ്യൻ പാർലമെന്റിൽ ഇന്ന് വോട്ടെടുപ്പ്

ലണ്ടൻ: ഇന്ത്യയുടെ പൗരത്വനിയമഭേദഗതിക്കെതിരേ യൂറോപ്യൻ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ ചർച്ചതുടങ്ങി. വ്യാഴാഴ്ചയാണ് ഇതിൽ വോട്ടെടുപ്പ്. പാർലമെന്റിലെ ഒന്നാമത്തെ വലിയകക്ഷിയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി, രണ്ടാം കക്ഷി പ്രോഗ്രസീവ് അലയൻസ് ഓഫ് സോഷ്യലിസ്റ്റ് ആൻഡ് ഡെമോക്രാറ്റ് സഖ്യം എന്നിവരാണ് തിങ്കളാഴ്ച പ്രമേയങ്ങൾ കൊണ്ടുവന്നത്. പൗരത്വനിയമഭേദഗതി ഭിന്നതയുണ്ടാക്കുന്നതും വിവേചനപരവുമാണെന്നാണ് പ്രമേയം ആരോപിക്കുന്നത്. 751 അംഗ പാർലമെന്റിലെ 559 അംഗങ്ങളുടെ പിന്തുണ പ്രമേയങ്ങൾക്കുണ്ടെന്നും പറയുന്നു. അന്താരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തിൽനിന്ന് പിന്തിരിയണമെന്നും പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നും മോദി സർക്കാരിനോട് പ്രമേയം ആവശ്യപ്പെടുന്നു. ജനങ്ങൾക്കിടയിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും മുസ്ലിങ്ങൾക്കെതിരേ വിവേചനവും അസഹിഷ്ണുതയും ഉണ്ടാക്കുന്ന നീക്കങ്ങളിൽനിന്ന് വിട്ടുനിൽക്കാനും ആവശ്യപ്പെടുന്നുണ്ട്. സി.എ.എ. സാമുദായിക അസഹിഷ്ണുതയും വിവേചനവും വർധിപ്പിച്ച് അപകടകരമാംവിധം ഭിന്നത സൃഷ്ടിക്കുമെന്നും പ്രമേയങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദേശീയ പൗരത്വപ്പട്ടികയിലുള്ള ആശങ്കയും പ്രമേയം പങ്കുവെക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനായുള്ള എൻ.ആർ.സി. ലക്ഷക്കണക്കിനുപേരുടെ പൗരത്വം നഷ്ടപ്പെടാൻ ഇടയാക്കും. രാജ്യത്ത് അതിനെതിരേ ഉയർന്ന പ്രതിഷേധങ്ങൾ മനുഷ്യത്വരഹിതമായി അടിച്ചമർത്താൻ ശ്രമിച്ചതായും ആരോപിക്കുന്നുണ്ട്. ഇന്റർനെറ്റ് സർവീസുകളടക്കം നിർത്തിവെച്ചതിലും വിമർശനമുണ്ട്. അതിനിടെ, സി.എ.എ. നടപ്പാക്കുന്നതിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന മറ്റൊരു പ്രമേയവും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രമേയം ചർച്ചചെയ്യാനുള്ള യൂറോപ്യൻ പാർലമെന്റിന്റെ നീക്കത്തിനെതിരേ ഇന്ത്യയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയുടെ ആഭ്യന്തരവിഷയത്തിൽ കൈകടത്തലാണെന്നാണ് ആരോപണം. അതിന് ബാഹ്യശക്തികൾക്ക് അധികാരമില്ലെന്നും നേതാക്കൾ പറയുന്നു. Content Highlights:CAA European Parliament


from mathrubhumi.latestnews.rssfeed https://ift.tt/2RZpM8L
via IFTTT