Breaking

Friday, January 31, 2020

കൊറോണ: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചൈനയില്‍ മരണം 213 ആയി

ജനീവ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയിൽ പറഞ്ഞു. ഇതിനിടെ ചൈനയിൽ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി. ലോകത്താകമാനമായി 9700 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ചൈനക്ക് പുറത്ത് 20 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിൻസിലുമാണ്. ലോക ആരോഗ്യ സംഘടനയും രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാർഥിനിക്കാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽകോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ തുടരുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമല്ല. സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്ക്കെല്ലാം നോട്ടീസ് നൽകുമെന്നും ലാകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു. രാജ്യാതിർത്തികൾ അടയ്ക്കുന്നതും വിമാനങ്ങൾ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ അതാത് രാജ്യങ്ങൾക്ക് തീരുമാനമെടുക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനസർവ്വീസുകൾ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യു. എച്ച്. ഒ. വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാൾ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാൻ ചൈന ആവശ്യമായ നടപടികൾ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാൽ, ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവൻ വ്യക്തമാക്കി. കൊറോണവൈറസ് ബാധയെ ചെറുത്ത് തോൽപ്പിക്കാനുള്ള ആത്മിവിശ്വാസവും കഴിവും ചൈനക്കുണ്ടെന്നും നടപടികൾ അതിവേഗത്തിൽ നടന്ന് വരികയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. Content Highlights:coronavirus-Death toll rises to 213-WHO declares a global health emergency


from mathrubhumi.latestnews.rssfeed https://ift.tt/37GNXPH
via IFTTT