Breaking

Friday, January 31, 2020

ക്ലാസ് റൂമില്‍ അവള്‍ നിശബ്ദയായിരുന്നു, എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍; വിങ്ങിപ്പൊട്ടി സഹപാഠികള്‍

കല്പറ്റ: പ്രിയ കൂട്ടുകാരി ഫാത്തിമ നസീലയുടെ അപ്രതീക്ഷിത വേർപാടിന്റെ ആഘാതത്തിലായിരുന്നു സഹപാഠികളൊക്കെയും. നിമിഷങ്ങൾക്കുമുമ്പുവരെ കൂടെയുണ്ടായിരുന്ന നസീലയെ ഒട്ടുംപ്രതീക്ഷിക്കാതെ എന്നന്നേക്കുമായി പിരിഞ്ഞതിന്റെ വേദന ആർക്കും അടക്കിവെക്കാനായില്ല. വ്യാഴാഴ്ച ഉച്ചഭക്ഷണ ഇടവേളയ്ക്കുശേഷം നസീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെതന്നെ ആശങ്കയിലായിരുന്നു സഹപാഠികൾ. താമസിയാതെ മരണവാർത്തയറിഞ്ഞപ്പോൾ എല്ലാവരും വിങ്ങിപ്പൊട്ടി. നസീലയുടെ കൂട്ടുകാരികളിൽ ചിലർ കരഞ്ഞുതളർന്ന് ബോധരഹിതരായി. അധ്യാപകരുടെ ആശ്വാസവാക്കുകൾക്കും മീതെ അവരുടെ തേങ്ങലുയർന്നു. ക്ലാസിൽ എപ്പോഴും നിശ്ശബ്ദയായിരുന്നു ഫാത്തിമ നസീല. എങ്കിലും എല്ലാവരുടെയും പ്രിയപ്പെട്ടവൾ. സഹപാഠികളുമായി ചങ്ങാത്തത്തിന് കുറവൊന്നുമില്ല. രാവിലെയും എന്തെങ്കിലും പ്രശ്നമുള്ളതായോ അസുഖമുള്ളതായോ തോന്നിയില്ലെന്ന് കൂട്ടുകാർ പറയുന്നു. എല്ലാദിവസവും കൃത്യമായി നിസ്കരിക്കാനായി പള്ളിയിൽ പോകാറുണ്ട് നസീല. കാണാതായതിനെത്തുടർന്ന് കൂട്ടുകാർ എല്ലായിടത്തും അന്വേഷിച്ചു. പോകാനിടയുള്ള സ്ഥലങ്ങളിൽ തിരഞ്ഞു. ഹൈസ്കൂൾവിദ്യാർഥികളെ ഒരുമണിക്കും ഹയർസെക്കൻഡറി വിദ്യാർഥികളെ 12.30-നുമാണ് ഉച്ചഭക്ഷണത്തിനായി വിടുന്നത്. ക്ലാസ് വിട്ടതിനുശേഷം ഭക്ഷണം കഴിക്കാതെ ശൗചാലയത്തിലേക്കുപോയ നസീലയെ കാണാതാവുകയായിരുന്നു. തിരഞ്ഞെത്തിയ ഹൈസ്കൂൾവിദ്യാർഥിനികളാണ് ശൗചാലയം അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധിച്ചത്. മുകളിലെ ജനലിലൂടെ നോക്കിയ വിദ്യാർഥിനികളാണ് നസീല ബോധരഹിതയായി കിടക്കുന്നതുകണ്ടത്. കുട്ടികൾതന്നെയാണ് ചുമരിലെ ട്യൂബ് ലൈറ്റ് ഫ്രെയിം ഊരിയെടുത്ത് വാതിൽ തുറന്നതെന്നും സ്കൂളധികൃതർ പറഞ്ഞു. തുടർന്ന് അധ്യാപകരെ വിവരമറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്കൂളിൽ പരിശോധന നടത്തി. വയനാട്ടിൽ സ്കൂളിലെ ശുചിമുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി തേങ്ങലടക്കാനാവാതെ ഉറ്റവർ രാവിലെ സ്കൂളിലേക്കുപോയ മകൾ ഇനിയില്ലെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ അലമുറയിട്ടുകരയുകയായിരുന്നു നസീലയുടെ ഉപ്പ ഹംസ. മകൾക്കെന്തോ അപകടംപറ്റിയെന്ന ധാരണയോടുകൂടിയാണ് ഉപ്പ ആശുപത്രിയിലെത്തിയത്. എന്നാൽ, ആശുപത്രിയിലെത്തുമ്പോഴേക്കും മകൾ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ ആശ്വാസവാക്കുകൾക്കും ശമിപ്പിക്കാനാകാത്ത വേദനയിലായിരുന്നു പിതാവിന്റെ ഓരോ വാക്കും. മകളോടുള്ള കരുതലുകളും സ്നേഹവും നിറഞ്ഞ വിതുമ്പലുകളോടെ ഹംസ ആശുപത്രിവരാന്തയിൽ അലമുറയിട്ടു. തൊട്ടുപിന്നാലെ ബന്ധുക്കൾ ഓരോരുത്തരായെത്തി. 17 വയസ്സുകാരിയുടെ മരണവിവരമറിഞ്ഞതിന്റെ അന്ധാളിപ്പിലായിരുന്നു എല്ലാവരും. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ളവർ കരഞ്ഞു. ഇതിനിടെയിലേക്കാണ് ഉമ്മ റംലയെയും കൂട്ടി ബന്ധുക്കളെത്തിയത്. അവരെ ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലായി കണ്ടുനിന്നവർ. അധ്യാപകരും അയൽവാസികളും നാട്ടുകാരും പൊതുപ്രവർത്തകരുമടക്കം വലിയൊരു ആൾക്കൂട്ടമായിരുന്നു ആശുപത്രിക്ക് ചുറ്റുമുണ്ടായിരുന്നത്. content highlihts:fathima naseela death


from mathrubhumi.latestnews.rssfeed https://ift.tt/2Um6Pjt
via IFTTT