Breaking

Wednesday, January 29, 2020

തൈറോയ്ഡ് അര്‍ബുദത്തിന് പുതിയ മരുന്നു കണ്ടെത്തി മലയാളി ഗവേഷകന്‍

കോഴിക്കോട്: തൈറോയ്ഡ് കാൻസറിന് പുതിയ ചികിത്സ കണ്ടെത്തി മലയാളി ഗവേഷകനും സംഘവും. നിലവിൽ ഉപയോഗിക്കുന്ന ഔഷധങ്ങളെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദമായ, എന്നാൽ പാർശ്വഫലങ്ങളില്ലാത്ത ഒരു ഔഷധക്കൂട്ടാണ് ഗവേഷകർ വികസിപ്പിച്ചത്. ആദ്യഘട്ട പരീക്ഷണങ്ങൾ വിജയിച്ചതിനെ തുടർന്ന് മനുഷ്യരിൽ ഇതുപയോഗിച്ചുള്ള ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുന്നു. ഏതാണ്ട് 15 ശതമാനം വരെ മരണസാധ്യയുള്ള രോഗമാണ് തൈറോയ്ഡ് അർബുദം. ഈ രോഗവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ജനിതക അപഭ്രംശങ്ങൾ (മ്യൂട്ടേഷനുകൾ) ഗവേഷകർ നിരീക്ഷിട്ടുണ്ട്. അതിൽ ഏറ്റവും അപകടകാരി ബീറാഫ് (BRAF) മ്യൂട്ടേഷനുകളാണ്. ഈ മ്യൂട്ടേഷനുകളുള്ള കോശങ്ങൾ പെരുകുന്നത് തടയാൻ പുതിയ മരുന്നിന് കഴിയുമെന്ന്, ക്ലിനിക്കൽ കാൻസർ റിസർച്ച് ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പോണാറ്റിനിബ് (ponatinib) എന്ന മരുന്ന്, പുതിയൊരിനം രാസതന്മാത്രകളുമായി (PLX4720) സംയോജിപ്പിച്ചായായിരുന്നു പരീക്ഷണം. ഈ ഔഷധക്കൂട്ട് തൈറോയ്ഡ് അർബുദം വളരുന്നത് തടയുന്നതായി പരീക്ഷണങ്ങളിൽ കണ്ടു-ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ.സുരേഷ് കുമാർ അറിയിച്ചു. യു.എസിൽ നാഷണൽ കാൻസർ ഇൻസ്റ്റിട്ട്യൂട്ട് ഗവേഷകനാണ് ഡോ.സുരേഷ് കുമാർ. സ്റ്റാൻഫഡ് സർവകലാശാലയിലെ ഡോ.എലക്ട്രോൺ കെബൂബ് ആണ് പഠനത്തിലെ മറ്റൊരു പ്രധാനി. ലബോറട്ടറിയിൽ വളർത്തിയ അർബുദകോശങ്ങളിലും, എലികളിലും വിജയകരമായി ഉപയോഗിച്ച ഈ മരുന്ന്, മനുഷ്യരിൽ ഉപയോഗിക്കുന്ന ക്ലിനിക്കൽ പരീക്ഷണം സ്റ്റാൻഫഡിൽ പുരോഗമിക്കുകയാണ്-ഡോ.സുരേഷ് കുമാർ അറിയിച്ചു. കാൻസർ കോശങ്ങൾ വളരുന്നത് തടയുന്നു എന്നു മാത്രമല്ല, മറ്റു പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതും ഈ മരുന്നിന്റെ സവിശേഷതയാണ്-അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കിടങ്ങറ ദേവകി സദനത്തിൽ പരേതരായ എം.കെ.കുട്ടിയുടെയും ദേവകി അമ്മയുടെയും മകനാണ് സുരേഷ് കുമാർ. കൊച്ചി സർവകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി. യു.എസിലെ ഇന്ത്യാന, പെൻസിൽവാനിയ യൂണിവേഴ്സിറ്റികളിൽ അർബുദ ഗവേഷണത്തിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയിരുന്നു. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. അനിതയാണ് ഭാര്യ. ദേവിക കുമാർ, ദേവാനന്ദ കുമാർ എന്നിവർ മക്കളും. Content Highlights:Cancer treatmen-Thyroid Cancer-NIH-Stanford Cancer Institute


from mathrubhumi.latestnews.rssfeed https://ift.tt/2S0GhkC
via IFTTT