Breaking

Thursday, January 30, 2020

വിമാനത്തിൽ അർണബിനെ ചോദ്യംചെയ്ത കുണാൽ കാംറയെ നാലു കമ്പനികള്‍ വിലക്കി

ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി. എഡിറ്റർ അർണബ് ഗോസ്വാമിയെ ചോദ്യംചെയ്ത ആക്ഷേപഹാസ്യകലാകാരൻ കുണാൽ കാംറയെ നാലു വിമാനക്കമ്പനികൾ വിലക്കി. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയർ എന്നീ കമ്പനികളാണ് കാംറയ്ക്കു വിമാനത്തിൽ താത്കാലിക വിലക്കേർപ്പെടുത്തിയത്. ചൊവ്വാഴ്ച ഇൻഡിഗോയുടെ മുംബൈ-ലഖ്നൗ വിമാനത്തിലാണ് അർണബിനെ കാംറ പരിഹസിച്ചത്. “അർണബ് നിങ്ങളൊരു ഭീരുവാണോ അതോ മാധ്യമപ്രവർത്തകനോ” എന്നു ചോദിക്കുന്ന വീഡിയോ കാംറതന്നെ ട്വിറ്ററിലിട്ടു. അർണബ് സാധാരണ ടെലിവിഷൻ പരിപാടിയിൽ അവതരിപ്പിക്കുന്ന അതേ പ്രയോഗങ്ങളുപയോഗിച്ചായിരുന്നു പരിഹാസം. ഇതേത്തുടർന്ന് ഇൻഡിഗോ ചൊവ്വാഴ്ചതന്നെ കാംറയ്ക്ക് ആറുമാസത്തെ യാത്രവിലക്ക് ഏർപ്പെടുത്തി. പിന്നാെല, അദ്ദേഹത്തിനെതിരേ സമാനനടപടിയെടുക്കാൻ വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി മറ്റു വിമാനക്കമ്പനികളോടു നിർദേശിച്ചു. പ്രകോപനപരമായി പെരുമാറുകയും വിമാനത്തിനുള്ളിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അതു യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നകാര്യമാണെന്നും മന്ത്രി പറഞ്ഞു. പിന്നാലെയാണ് മറ്റു മൂന്നുവിമാനക്കന്പനികളും വിലക്കുമായെത്തിയത്. ഇനിയൊരറിയിപ്പുണ്ടാകുംവരെ കാംറയെ വിമാനത്തിൽ കയറ്റില്ലെന്നാണ് സ്പൈസ്ജെറ്റും ഗോഎയറും അറിയിച്ചിരിക്കുന്നത്. വിഷയം ആഭ്യന്തരസമിതി പരിശോധിക്കുകയാണെന്നും അതനുസരിച്ച് നടപടിയെടുക്കുമെന്നും എയർഏഷ്യ ഇന്ത്യ, വിസ്താര എന്നീ വിമാനക്കമ്പനികൾ അറിയിച്ചു. യാത്രാവിലക്ക് ഞെട്ടിക്കുന്നില്ലെന്ന് കാംറ മുംബൈ: വിമാനക്കമ്പനികളുടെ വിലക്ക് ഞെട്ടിക്കുന്നില്ലെന്ന് കുണാൽ കാംറ പറഞ്ഞു. അച്ചടക്കമില്ലാതെയോ അലങ്കോലമുണ്ടാക്കുന്നരീതിയിലോ വിമാനത്തിൽ പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 19-ാം അനുച്ഛേദത്തിൽ പറയുന്ന അഭിപ്രായപ്രകടനത്തിനുള്ള അവകാശം വിനിയോഗിച്ചതിനാണ് വിമാനക്കമ്പനികൾ താത്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിമാനജീവനക്കാരുടെയോ പൈലറ്റിന്റെയോ നിർദേശങ്ങൾ അനുസരിക്കാതിരുന്നിട്ടില്ല. യാത്രക്കാരിലാരുടെയും സുരക്ഷ അപകടത്തിലാക്കിയിട്ടില്ല. മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമിയുടെ ഊതിപ്പെരുപ്പിച്ച അഹന്തയ്ക്കുമാത്രമേ ഞാൻ അപകടമുണ്ടാക്കിയിട്ടുള്ളൂ -അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പിന്തുണ 24 മണിക്കൂറും സ്വന്തം ക്യാമറകൾ പ്രചാരണായുധമാക്കി ഉപയോഗിക്കുന്നവർ, തങ്ങൾക്കുനേരെ ക്യാമറ തിരിയുമ്പോൾ കുറച്ചെങ്കിലും നട്ടെല്ലുള്ളവരാണെന്ന് തെളിയിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാരിലെ സ്വാധീനമുപയോഗിച്ച് നാല് വിമാനക്കമ്പനികളെക്കൊണ്ട് വിലക്കേർപ്പെടുത്തി, ഒരു വിമർശകനെ നിശ്ശബ്ദനാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Content Highlights:Arnab Goswami faces Kunal Kamra again on flight


from mathrubhumi.latestnews.rssfeed https://ift.tt/2RDX7a5
via IFTTT