തിരുവനന്തപുരം: സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്ന് ദാരിദ്ര്യത്തിന്റെ ഇരുട്ടിൽ വീണിട്ടും ആരോടും പരിഭവമില്ലാതെയാണ് ജമീലാ മാലിക് കഴിഞ്ഞത്. അടുത്തിടെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽനൽകിയ പാലോട് പാപ്പനംകോടിനടുത്തെ വീട്ടിലായിരുന്നു, മാനസിക വെല്ലുവിളി നേരിടുന്ന മകനൊപ്പം കഴിഞ്ഞിരുന്നത്. ഹിന്ദി പഠിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക് ട്യൂഷനെടുത്താണ് ജീവിച്ചിരുന്നത്.പെൺകുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും അകലെയായിരുന്ന കാലത്താണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജമീല പഠനത്തിനു ചേർന്നത്. അന്ന് പ്രായം 16. ജയബാദുരി (ജയാ ബച്ചൻ) അടക്കം സഹപാഠികളായിരുന്നിട്ടും മരണംവരെ അവരോടൊന്നും സഹായം തേടിയില്ല. ഉള്ളുലഞ്ഞിട്ടും കണ്ണുനീരുതിരാതെ മകനെ പരിപാലിക്കാനായി ജീവിച്ചു.വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങളും രോഗിയായ മകന്റെ പരിപാലനവുമൊക്കെ കാരണം രംഗംവിട്ടെങ്കിലും ഡബ്ബിങ്ങും സീരിയൽ അഭിനയവും കുറച്ചുകാലം തുടർന്നു. പതിയെ ജീവിതതീവണ്ടി അവരെ നല്ലകാലത്തേക്കു മടങ്ങിവരാനാവാത്തത്ര ദൂരെ കൊണ്ടെത്തിച്ചു. ‘‘ജോനകപ്പുറത്തെ തറവാട്ടിൽനിന്ന് പാലോടുള്ള, ദാനംകിട്ടിയ വീട്ടിലേക്കുള്ള എന്റെ ജീവിതയാത്ര ഓർക്കുമ്പോൾത്തന്നെ ഉള്ള് നീറാറുണ്ട്’’- ഒരിക്കൽ ജമീല പറഞ്ഞു. ജമീലയെ ഓർമിച്ച് കെ.ജി. ജോർജ്കൊച്ചി: പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനെത്തിയ കാലംമുതൽ ജമീലാ മാലിക്കിനെ അറിയാമെന്ന് സംവിധായകൻ കെ.ജി. ജോർജ്. തന്റെ സിനിമകളിൽ അഭിനയിച്ചിട്ടില്ല. ഒരേസ്ഥലത്ത് പഠിച്ചവർ എന്നനിലയിൽ നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമീലാ മാലിക് കൊച്ചിയിലെ വീട്ടിൽ വന്നിട്ടുണ്ടെന്ന് കെ.ജി. ജോർജിന്റെ ഭാര്യ സെൽമാ ജോർജ് പറഞ്ഞു. എന്നെ പരിചയപ്പെടുത്തി വിശദമായി സംസാരിച്ചു. പഠനത്തിന്റെ ഭാഗമായി പുണെയിൽ കെ.ജി. ജോർജ് ചെയ്ത സിനിമയിൽ അവർ അഭിനയിച്ചതായാണ് തന്റെ ഓർമയെന്നും സെൽമ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Gz70zH
via
IFTTT