Breaking

Thursday, January 30, 2020

നടി ആക്രമിക്കപ്പെട്ട കേസ്:ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി;രഹസ്യ വിചാരണ ഇന്നുമുതല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പണം ആവശ്യപ്പെട്ട് പൾസർ സുനി ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി കണക്കാക്കി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഫയൽചെയ്ത ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധിപറയും. താൻ വാദിയായും പ്രതിയായുമുള്ള കേസുകൾ ഒരേസമയം വിചാരണചെയ്യുന്നത് ഒഴിവാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. പൾസർസുനി അടക്കമുള്ള പ്രതികൾ ജയിലിൽ ഗൂഢാലോചന നടത്തി പണം ആവശ്യപ്പെട്ട് തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപിന്റെ വാദം. എന്നാൽ പൾസർ സുനി ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടത് മുൻപേയുള്ള കരാർപ്രകാരമുള്ള പണത്തിനുവേണ്ടിയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. യുവനടിയെ ആക്രമിച്ച കേസിൽ വ്യാഴാഴ്ച എറണാകുളത്തെ പ്രത്യേക കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി എത്തിയത്. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ യഥാക്രമം ഒന്ന്, ഒൻപത്, 10 പ്രതികളായ പൾസർ സുനി, സനൽകുമാർ, വിഷ്ണു എന്നിവർ ജയിലിൽ ഗൂഡാലോചന നടത്തി തന്നെ ഫോണിൽ വിളിച്ച് പണംആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ഡി.ജി.പി.ക്ക് പരാതി നൽകിയിരുന്നുവെന്ന് ദിലീപ് വാദിച്ചു. പോലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ല. എന്നാൽ പ്രോസിക്യൂഷൻ ഇത് നിഷേധിച്ചു. ദിലീപ് നൽകിയ പരാതിയിൽ അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണക്കാക്കി തള്ളിയതാണ്. ദിലീപിനെ ഭീഷണിപ്പെടുത്താനായി ജയിലിൽ രണ്ടാമതൊരു ഗൂഢാലോചന നടന്നിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കുറ്റപത്രത്തിൽ ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നത് രേഖപ്പെടുത്തിയിരിക്കുന്നത് ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് വിചാരണക്കോടതിയിലുണ്ടായ സാങ്കേതികപിഴവാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ കുറ്റപത്രത്തിൽ 14, 15,16 നമ്പറുകളായി നൽകിയിരിക്കുന്ന കുറ്റങ്ങൾ ഒഴിവാക്കുന്നത് പ്രോസിക്യൂഷനെ ബാധിക്കുമോയെന്നറിയിക്കാൻ കോടതി സമയവും അനുവദിച്ചു. കേസ് വീണ്ടും പരിഗണിച്ചപ്പോൾ പണംസമ്പാദിക്കാനായി പൾസർ സുനി അടക്കമുള്ള മൂന്നുപ്രതികൾ ദിലീപിനെ ഭീഷണിപ്പെടുത്തിയതായി കുറ്റപത്രത്തിൽ 15,16 നമ്പറുകളായി ചേർത്തിരിക്കുന്ന ചാർജുകൾ ഒഴിവാക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ ജയിലിൽ ഗൂഢാലോചന നടന്നതായുള്ള 14-ാമത്തെ കുറ്റം ഒഴിവാക്കാനാവില്ലെന്നും ബോധിപ്പിച്ചു. തുടർന്നാണ് കേസ് വിധി പറയാൻ മാറ്റിയത്. രഹസ്യവിചാരണ ഇന്നുമുതൽ കൊച്ചി: യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ രഹസ്യവിചാരണ (ഇൻ ക്യാമറ) വ്യാഴാഴ്ച തുടങ്ങും. നടൻ ദിലീപാണ് എട്ടാംപ്രതി. ഒന്നാംപ്രതി പൾസർ സുനി ഉൾപ്പെടെ പത്തുപ്രതികളും 300 സാക്ഷികളുമാണുള്ളത്. എറണാകുളത്തെ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിചാരണ. ആക്രമിക്കപ്പെട്ട നടിയെയാണ് ആദ്യംവിചാരണയ്ക്ക് വിളിച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചുവരെ ഇവരെ പ്രോസിക്യൂഷന് വിചാരണ ചെയ്യാം. തുടർന്ന് പ്രതിഭാഗത്തിന്റെ എതിർവിസ്താരം. സാക്ഷികളിൽ 135 പേരെ ആദ്യം വിസ്തരിക്കും. പൾസർ സുനിയെക്കൂടാതെ മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജേഷ്, സലിം, പ്രദീപ്, ചാർലി തോമസ്, സനൽകുമാർ, വിഷ്ണു എന്നിവരാണ് മറ്റ് പ്രതികൾ. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 2017 ഫെബ്രുവരി 17-ന് രാത്രിയിലാണ് പൾസർ സുനിയുടെ നേതൃത്വത്തിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി കാറിൽവെച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്. നടൻ ദിലീപിന്റെ ക്വട്ടേഷനാണെന്നാണ് ആരോപണം. കേസിൽ മൂന്നുമാസത്തോളം ദിലീപ് ജയിലിൽ കഴിഞ്ഞിരുന്നു. Content Highlights: Actress abduction case: Dileeps plea to be finalized today


from mathrubhumi.latestnews.rssfeed https://ift.tt/2vqY5xM
via IFTTT