Breaking

Thursday, January 30, 2020

രാജ്യത്തെ ഏറ്റവുംവലിയ കൂട്ടവിരമിക്കൽ നാളെ; ബി.എസ്.എൻ.എലിൽനിന്ന് പടിയിറങ്ങുന്നത് 78,559 പേർ

തൃശ്ശൂർ: രാജ്യത്തെ ഏറ്റവുംവലിയ കൂട്ടവിരമിക്കൽ വെള്ളിയാഴ്ച ബി.എസ്.എൻ.എലിൽ നടക്കും. 78,559 ജീവനക്കാരാണ് സ്വയംവിരമിക്കൽ പദ്ധതിയിലൂടെ കമ്പനിയിൽനിന്ന് പടിയിറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിർദേശങ്ങളിലൊന്നാണ് സ്വയംവിരമിക്കൽ പദ്ധതിയിലൂടെ നടപ്പാവുന്നത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ. എല്ലാ ജീവനക്കാർക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെ വിതരണം ചെയ്തിട്ടില്ല. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. വിരമിക്കൽ ആനുകൂല്യത്തിന്റെ പകുതി തുക മാർച്ച് 31-നുമുമ്പും ബാക്കി ജൂൺ 30-നുമുമ്പും നൽകും. കുടിശ്ശിക ശമ്പളത്തുക ഫെബ്രുവരിയിൽ നൽകുമെന്നാണ് വിവരം. നേരെയാവാൻ ഒരുമാസം ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. എക്സ്ചേഞ്ചുകളുടെ പ്രവർത്തനവും പരിപാലനവും അടക്കമുള്ള കാര്യങ്ങൾ പുറംജോലി കരാർ കൊടുക്കാനാണ് തീരുമാനം. ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടേയുള്ളൂ. ഓരോ എസ്.എസ്.എ. തലത്തിലുമാണ് കരാർ നൽകുക. നിലവിൽ മിക്ക എക്സ്ചേഞ്ചുകളിലും ലാൻഡ്ഫോൺ തകരാറുകൾ പരിഹരിക്കുന്നതിൽ വീഴ്ചയുണ്ട്. ബി.എസ്.എൻ.എൽ. പാക്കേജിൽ പ്രഖ്യാപിച്ച 4-ജി സ്പെക്ട്രം നടപടികളും ആയിട്ടില്ല. പ്രവർത്തനമൂലധനത്തിന് പണം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച നടപടികൾ ഒന്നുമായിട്ടില്ല. 3000 കോടി രൂപയുടെ ബാങ്ക് വായ്പ ഇതുവരെ കിട്ടിയിട്ടുമില്ല. 14,000 കോടി രൂപയുടെ കടപ്പത്രം ഇറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ഇവ രണ്ടും ഡിസംബറിൽ ഉണ്ടാവുമെന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്. ആശങ്കപ്പെടേണ്ട ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പെട്ടെന്ന് ഒരു മാറ്റം ഉണ്ടാവുമ്പോൾ പ്രായോഗിക തടസ്സങ്ങൾ സ്വാഭാവികമാണ്. അത് മറികടക്കാനുള്ള മാർഗനിർദേശങ്ങൾ കോർപ്പറേറ്റ് ഓഫീസിൽനിന്ന് തന്നിട്ടുണ്ട്. കൂട്ടവിരമിക്കലിനു ശേഷം ജീവനക്കാരുടെ പുനർവിന്യാസവും ഉടൻ ഉണ്ടാവും. ടെലികോം സേവനങ്ങളിൽ പ്രശ്നം ഉണ്ടാവാതിരിക്കാനും ജാഗ്രത പുലർത്തുന്നുണ്ട്. -എസ്. ദേവീദാസൻ, കേരള സർക്കിൾ സെക്രട്ടറി,ടെലികോം ഓഫീസേഴ്സ് അസോസിയേഷൻ. Content Highlights:mass voluntary retirement bsnl


from mathrubhumi.latestnews.rssfeed https://ift.tt/2GyzUQn
via IFTTT