Breaking

Thursday, January 30, 2020

രോഗം അറിയാത്തതിനാൽ പേ വിഷത്തിന് കുത്തിവെപ്പെടുത്ത് ഒരു കുടുംബം

ആലപ്പുഴ: വായിൽ നുരയുംപതയും വീർത്ത വയറുമായിനിന്ന ആടിന് ചികിത്സ തേടിയപ്പോൾ വെറ്ററിനറി ഡോക്ടർ പറഞ്ഞു, അത് പേ വിഷബാധയുടെ ലക്ഷണമെന്ന്. മറ്റൊരു ഡോക്ടർ പറഞ്ഞു, അത് ടെറ്റനസ് ആകാമെന്ന്. ആട് വീണുകിടക്കുകയാണ്. ചത്തുകഴിഞ്ഞ് പോസ്റ്റ് മോർട്ടത്തിലൂടെ മാത്രമേ പേ വിഷബാധ ഉറപ്പിക്കാനാകൂ. പേ വിഷബാധ ഉറപ്പാക്കും മുമ്പേ പേ വിഷബാധയ്ക്കെതിരായ കുത്തിവെപ്പെടുക്കാൻ നിർബന്ധിതമായിരിക്കുകയാണ് ഒരുകുടുംബം. മുഹമ്മ പഞ്ചായത്ത് പത്താംവാർഡ് കുറശ്ശേരിൽ ജയകുമാർ (57), ഭാര്യ, രണ്ട് ആൺമക്കൾ, അയൽവാസി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് പേ വിഷബാധ കുത്തിവെപ്പെടുക്കുന്നത്. ജയകുമാറിന്റെ വീട്ടിലെ ആടാണ് കഥാനായിക. പ്രസവിച്ച് 20 ദിവസം കഴിഞ്ഞപ്പോഴാണ് ആടിന്റെ പിൻഭാഗത്ത് പുഴുകണ്ടത്. ജനുവരി 11-ന് വയറുവീക്കവും തുടങ്ങി. പിറ്റേന്ന് വായിൽനിന്ന് നുരയും പതയും വന്നു. ആര്യാട് ബ്ലോക്കിലെ മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് ആടിന് പേ വിഷബാധയേറ്റിരിക്കാമെന്ന് സംശയം പറഞ്ഞത്. പിന്നീട്, മുഹമ്മയിലെ മൃഗഡോക്ടറെയും കാണിച്ചു. പേ വിഷബാധയോ ടെറ്റനസോ ആകാം എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതോടെ ജയകുമാറിന്റെ ആധി കൂടി. രോഗം വന്നതുമുതൽ വീട്ടുകാരും അയൽവാസിയുമാണ് ആടിന്റെ വായിൽ മരുന്നുവെച്ചുകൊടുക്കുന്നത്. പേ വിഷബാധയാണ് ആടിന് പിടിപെട്ടതെങ്കിൽ തങ്ങളിലേക്കും ഇത് ബാധിക്കുമെന്ന് ജയകുമാർ ഭയപ്പെട്ടു. എന്നാൽ, ആടിന്റെ രോഗം സ്ഥിരീകരിച്ച് വ്യക്തമായ ഉത്തരം നൽകാൻ മൃഗഡോക്ടർക്ക് കഴിഞ്ഞില്ല. ആട് ചത്തശേഷം അതിന്റെ തലച്ചോറ്് ലാബ് പരിശോധനയ്ക്ക് വിധേയമാക്കിയാൽമാത്രമേ രോഗം എന്തെന്ന് വ്യക്തമാക്കാനാവൂ എന്നായിരുന്നു മൃഗഡോക്ടറുടെ നിലപാട്. ആട് ചാകാത്തതിനാൽ ഇതിനും കഴിയില്ല. ഒടുവിൽ മൃഗഡോക്ടറുടെ നിർദേശാനുസരണം മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കണ്ടു. പേ വിഷബാധ സംശയിക്കുന്നതിനാൽ കുത്തിവെപ്പെടുക്കാൻ ഡോക്ടറും നിർദേശിച്ചു. ഇതോടെയാണ് ആടിന് രോഗംസ്ഥിരീകരിക്കും മുമ്പേ അവർ പേ വിഷ പ്രതിരോധ കുത്തിവെപ്പെടുത്തത്. കുത്തിവെപ്പ് എടുക്കുന്നതുകൊണ്ട് ദോഷമില്ല ആടിന് പേ വിഷബാധയാണെന്ന് സംശയമുള്ളതിനാൽ അതിനോട് ഇടപഴകിയ ആളുകൾ പേ വിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ല. ഡോ. ബി.പദ്മകുമാർ, പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളേജ് Content Highlights:Alappuzha family take vaccination for rabies unknown disease


from mathrubhumi.latestnews.rssfeed https://ift.tt/38QM6rI
via IFTTT