Breaking

Wednesday, January 29, 2020

പശ്ചിമേഷ്യൻ സമാധാനപദ്ധതിയുമായി ട്രംപ്, സഹകരിക്കില്ലെന്ന് പലസ്തീനും അറബ് രാജ്യങ്ങളും

വാഷിങ്ടൺ: ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ പശ്ചിമേഷ്യൻ സമാധാനപദ്ധതിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പലസ്തീൻ-ഇസ്രയേൽ പ്രശ്നത്തിനുള്ള പരിഹാരം ഉൾക്കൊള്ളുന്ന ബൃഹത് പദ്ധതിയുടെ വിശദാംശങ്ങൾ വൈറ്റ്ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് പുറത്തുവിടും. പലസ്തീൻപ്രതിനിധികളെ ട്രംപ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടില്ല. കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. പദ്ധതി തയ്യാറാക്കുന്ന ഒരുഘട്ടത്തിലും പലസ്തീനെ ഉൾപ്പെടുത്താത്തതിനാലും ഏറെ സംശയങ്ങളുള്ളതിനാലും ഇതുമായി സഹകരിക്കേണ്ടെന്നും പൂർണമായും തള്ളിക്കളയണമെന്നും പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ട്രംപിന് കുറ്റവിചാരണയിൽനിന്നും നെതന്യാഹുവിന് ജയിലിൽനിന്നും രക്ഷപ്പെടാനുള്ള പദ്ധതിമാത്രമാണിതെന്നും സമാധാനം ലക്ഷ്യമിട്ടുള്ളതല്ലെന്നും മന്ത്രിസഭായോഗത്തിനുശേഷം സ്തയ്യി പറഞ്ഞു. പലസ്തീനുമേൽ ഇസ്രയേലിന് കൂടുതൽ അധികാരം ഉറപ്പുവരുത്തുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജറാദ് കുഷ്നറിന്റെ നേതൃത്വത്തിൽ 2017 മുതൽ പശ്ചിമേഷ്യൻ സമാധാനപദ്ധതിക്കായി യു.എസ്. ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ, അതിന്റെ അവതരണം പലതവണ മാറ്റിവെക്കേണ്ടിവന്നു. പദ്ധതിയുടെ സാമ്പത്തികവശം ഉൾക്കൊള്ളുന്ന ചില നിർദേശങ്ങൾ മാസങ്ങൾക്കുമുമ്പ് പുറത്തുവന്നിരുന്നു. ട്രംപ് ഭരണകൂടം ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചതുമുതൽ യു.എസ്. നടത്തുന്ന ചർച്ചകളിൽനിന്ന് പലസ്തീൻ വിട്ടുനിൽക്കുകയാണ്. പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറബ് രാഷ്ട്രങ്ങളും വ്യക്തമാക്കിയതോടെ അവരെ അനുനയിപ്പിക്കാൻ യു.എസ്. ഭരണകൂടം നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത ഇത്തരം പദ്ധതികളിലൂടെ പലസ്തീൻസമൂഹത്തെ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് അറബ് രാജ്യങ്ങൾ പറയുന്നത്. അതേസമയം, പല അറബ് രാജ്യങ്ങളും പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടത്. പലസ്തീന് ഏറെ ഗുണംചെയ്യുന്നതാണ് തന്റെ പദ്ധതിയെന്നും അവരും അത് തിരിച്ചറിഞ്ഞ് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നൂറ്റാണ്ടിന്റെ പദ്ധതിയെന്നാണ് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്. Content highlights:Donald Trump Palastine


from mathrubhumi.latestnews.rssfeed https://ift.tt/2O852u7
via IFTTT