Breaking

Tuesday, January 28, 2020

എന്തിനുംപോന്ന ഗുണ്ടകൾ, പിന്നണിയിൽ പ്രമുഖർ

കാട്ടാക്കട: കാട്ടാക്കടയിൽ തന്റെ ഭൂമിയിൽനിന്ന് മണ്ണിടിക്കുന്നത് ചോദ്യംചെയ്ത സംഗീതിന്റെ ജീവൻതന്നെയെടുത്തത് മലയോര പ്രദേശത്തെ മണ്ണുകടത്ത് മാഫിയ കൂട്ടുകെട്ടിന്റെ ഒരു ഭാഗമായവർ മാത്രമാണ്. ഇവരെക്കൂടാതെ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരും രാഷ്ട്രീയക്കാരും പോലീസും റവന്യൂ അധികൃതരും ഒത്താശചെയ്യുന്ന ഒട്ടേറെ സംഘങ്ങളാണ് കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകൾ ഉൾപ്പെടുന്ന വലിയ പ്രദേശത്ത് കുന്നിടിച്ച് മണ്ണ് കടത്തി വൻതോതിൽ പണം കൊയ്യുന്നത്. എന്തിനുംപോന്ന ഗുണ്ടകളുമായി രാത്രികളിൽ സജീവമാകുന്ന ഈ സംഘങ്ങളുടെ അക്രമം ഗ്രാമീണമേഖലകളിലുള്ളവർ വർഷങ്ങളായി സഹിക്കുന്നു. നൂറോളം ലോറികളാണ് ദിവസവും പുലർച്ചെ റോഡുകളിലൂടെ മണ്ണുനിറച്ച് പായുന്നത്. സംസ്ഥാന ഹൈവേക്കെന്നും വനം വകുപ്പിനെന്നും റോഡ് ഉയർത്താനെന്നുമൊക്കെപ്പറഞ്ഞ് തലസ്ഥാന നഗരത്തിലേക്കാണ് ഈ ലോറികളിൽ ഏറെയും പോകുന്നത്. നെൽക്കൃഷി ഇല്ലാതായ ഗ്രാമങ്ങളിലെ വയലുകളും കുന്നായ ഭൂമികളും നോട്ടമിട്ട് നിസാരവിലയ്ക്ക് വാങ്ങുകയാണ് ആദ്യപടി. കുന്നിടിച്ച് മണ്ണ് പുറത്തേക്ക് കടത്തുന്ന ഇവർ വയലുകൾ നികത്തി ചെറിയ പ്ലോട്ടുകളാക്കി വിറ്റ് വൻലാഭം നേടുന്നു. മണ്ണെടുക്കാനും പ്ലോട്ടുകളിലേക്ക് മണ്ണെത്തിക്കാനും വാങ്ങിയ ഭൂമിയിലേക്ക് വാഹനങ്ങൾക്ക് വഴിയൊപ്പിക്കാനായി വ്യക്തികളുടെ ഭൂമി കൈയേറിയ സംഭവങ്ങൾ പലതുണ്ട്. ആദ്യം കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും ശ്രമം. ഇതുനടക്കാതാകുമ്പോഴാണ് കൈയേറ്റവും ഭീഷണിയും തുടങ്ങുന്നത്. ഭൂരിപക്ഷം പരാതികളും തുടക്കത്തിൽത്തന്നെ ഒതുക്കുന്നതിനാൽ പോലീസ് സ്റ്റേഷനുകളിലോ വില്ലേജ് ഓഫീസുകളിലോ ഇത്തരത്തിലുള്ള ഒരു പരാതിപോലും കഴിഞ്ഞ ആറുമാസത്തിനിടെ എത്തിയിട്ടില്ല. പരാതിയുണ്ടായാൽ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തെ ഉപയോഗിച്ച് ഒത്തുതീർപ്പുചർച്ചയാകും ആദ്യം നടക്കുക. ഭീഷണിയുടെ സ്വരത്തിൽ നടത്തുന്ന ഇത്തരം ചർച്ചകളിൽത്തന്നെ പലപ്പോഴും പ്രശ്നം ഒത്തുതീർപ്പിലെത്തുകയാണ് പതിവ്. ഇതുംകടന്ന് പോലീസിൽ പരാതി നൽകിയാൽ ഗുണ്ടകളുടെ ഭീഷണിയായി. സ്റ്റേഷനുകളിൽ പരാതി എത്തിയാൽ പരാതിക്കാരന്റെ പേരുവിവരം ഉൾപ്പെടെ ചോർത്തി നൽകാനും പോലീസിൽ ആളുണ്ട്. മലയൻകീഴ് കരിപ്പൂരിൽ മണ്ണിടിച്ച് വയൽ നികത്തുന്നു അമ്പലത്തിൻകാലയിൽ കൊല്ലപ്പെട്ട സംഗീത്, തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഉടൻ സ്ഥലത്ത് എത്തണമെന്നും പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും ജീപ്പില്ല എന്ന കാരണം പറഞ്ഞ് ഒന്നരമണിക്കൂറോളം പോലീസ് സ്ഥലത്തെത്താതിരുന്നത് ഇതിന്റെ ഭാഗമാണെന്ന് ആരോപണമുണ്ട്. ഒരു ലോഡ് മണ്ണിന് 2500 മുതൽ 5000 രൂപ വരെയാണ് നിരക്ക്. ശരാശരി 20 ലോഡ് വരെ ഒരു ദിവസം കാട്ടാക്കട പ്രദേശത്തുനിന്നു കടത്തുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. പോലീസ്, റവന്യൂ വകുപ്പ് എന്നിവയുടെ രാത്രികാല പട്രോളിങ് നടക്കുന്നതിനിടയിലാണ് എന്നതാണ് ശ്രദ്ധേയം. പോലീസ് സ്റ്റേഷനുകൾ, താലൂക്ക് ഓഫീസ് പരിസരം എന്നിവിടങ്ങൾ മുതൽ മണ്ണിടിക്കുന്ന സ്ഥലം വരെ നിരീക്ഷണത്തിന് മാഫിയയുടെ ആളുകളുണ്ടാകും. പോകുന്ന ഓരോ ലോഡിന് മുന്നിലും പിന്നിലും മൊബൈൽ ഫോണുമായി വഴി സുഗമമാക്കാൻ മറ്റൊരു സംഘവുമുണ്ടാകും. കാട്ടാക്കട താലൂക്കിലെ കാട്ടാക്കട, കുറ്റിച്ചൽ, പൂവച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ എന്നീ പ്രദേശങ്ങളിൽനിന്നു മണ്ണ് കടത്തുന്ന സംഘം സജീവമാണ്. നെടുമങ്ങാട് തലൂക്കിൽ പാലോട്, വാമനപുരം, നെടുമങ്ങാട്, പഴകുറ്റി, വേങ്കവിള, പുത്തൻപാലം, ആനാട് പ്രദേശം, അരുവിക്കര, മൈലം എന്നിവിടങ്ങളിൽ വൻതോതിലാണ് കുന്നിടിക്കലും മണ്ണുകടത്തലും നടക്കുന്നത്. നെടുമങ്ങാട് താലൂക്കിൽ മാത്രം ഡിസംബർ പകുതി മുതൽ ജനുവരി പകുതിവരെയുള്ള ഒരു മാസത്തിനിടെ 42 വാഹനങ്ങളാണ് മണ്ണുകടത്തിയതിന് പിടിയിലായത്. എന്നാൽ, കാട്ടാക്കടയിലാകട്ടെ ഇതുവരെ റിപ്പോർട്ട് ചെയ്തത് മൂന്നോ നാലോ കേസുകൾ മാത്രം. നെടുമങ്ങാട് റവന്യൂ നടപടികൾ കാര്യക്ഷമമായപ്പോൾ ഉടൻവന്നു രാഷ്ട്രീയ ഇടപെടൽ. അനധികൃതമായി ലോറികൾ പിടിച്ചെടുക്കുന്നു എന്നാരോപിച്ച് സി.ഐ.ടി.യു. പ്രവർത്തകർ ഓഫീസ് ഉപരോധംവരെ നടത്തി. കാട്ടാക്കടയിൽ കൊല്ലപ്പെട്ട സംഗീതിന്റെ ഭൂമിയിൽനിന്നു മണ്ണ് എടുക്കാൻ കരാർ നൽകാൻ ഇടപെട്ടതും രാഷ്ട്രീയനേതൃത്വമാണെന്ന് ആരോപണമുണ്ട്. സർക്കാർ പദ്ധതിക്കാണെന്ന പേരിലാണ് ആദ്യം ഇതേസംഘത്തിന് മണ്ണ് നൽകണമെന്ന നിർദേശം വന്നത്. മണ്ണിന്റെ വിലയെച്ചൊല്ലിയുള്ള തർക്കമാണ് പിന്നീട് മണ്ണെടുപ്പിന് തടസ്സമായതും കൊലപാതകത്തിൽ കലാശിച്ചതും. Content Highlights:Kattakada Murder, JCB, Sangeeth, land Mafia


from mathrubhumi.latestnews.rssfeed https://ift.tt/2RzntKt
via IFTTT