Breaking

Tuesday, January 28, 2020

തിരിച്ചുവരവിനൊരുങ്ങി രാഹുൽ; ഭരണഘടനാസംരക്ഷണ റാലികളുമായി തുടക്കം

ന്യൂഡൽഹി:രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് തിരികെയെത്തുന്നതിനുള്ള ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുന്നു. മാസങ്ങൾക്കകം 50 വയസ്സ് പൂർത്തിയാകുന്ന രാഹുലിനെ കൂടുതൽ പ്രതിച്ഛായയോടെ തലപ്പത്ത് എത്തിക്കാനാണ് ശ്രമം. രാഹുൽ എന്തായാലും തലപ്പത്തേക്ക് തിരിച്ചുവരുമെന്ന് സംഘടനാചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ 'മാതൃഭൂമി'യോട് പറഞ്ഞു. ''മോദിയെ നേരിടാൻ രാജ്യത്ത് ഏറ്റവും പ്രാപ്തനായ നേതാവ് രാഹുൽ മാത്രമാണ്. എപ്പോൾ തിരികെ വരണം, എന്നു വരണം എന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രാഹുൽ തിരിച്ചുവരണമെന്ന് കോൺഗ്രസുകാർ മാത്രമല്ല ആഗ്രഹിക്കുന്നത്”- അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പോരാട്ടങ്ങളിൽ കോൺഗ്രസ് പ്രകടമായി രംഗത്തില്ലെന്ന പരാതി മറികടക്കാൻ രാജ്യമെങ്ങും റാലി നടത്താനുള്ള നീക്കമുണ്ട്. ജനുവരി 28-ന് രാജസ്ഥാനിലെ ജയ്പുരിലും 30-ന് വയനാട്ടിലും പിന്നാലെ ജാർഖണ്ഡിലും റാലിയുണ്ടാകും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലും തുടർന്ന് റാലികൾ നടത്തും. രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ ഉയർത്തിക്കാട്ടിയും ഭരണഘടന സംരക്ഷിക്കാനുമാണ് ജയ്പുരിലെ റാലി. ദേശീയ പൗരത്വ പട്ടികയ്ക്കും (എൻ.ആർ.സി.) ദേശീയ ജനസംഖ്യാ പട്ടികയ്ക്കും (എൻ.പി.ആർ.) എതിരേയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ദേശീയ തൊഴിലില്ലായ്മ പട്ടിക (എൻ.ആർ.യു.) പുറത്തിറക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കൽപ്പറ്റയിൽ 30-ന് നടക്കുന്ന റാലിയിൽ ഭരണഘടന പോലും അട്ടിമറിക്കപ്പെടുന്ന കാലത്ത് ബി.ജെ.പി. സർക്കാരിനെ താഴെയിറക്കേണ്ടതിന്റെ ആവശ്യകത വിവരിക്കും. കാർഷികപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മറ്റു പ്രചാരണ വിഷയങ്ങളാകും.


from mathrubhumi.latestnews.rssfeed https://ift.tt/2vnqS6o
via IFTTT