Breaking

Thursday, January 30, 2020

വാഹനാപകടം: ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവ് വഹിക്കാൻ പദ്ധതി

തിരുവനന്തപുരം: വാഹനാപകടമുണ്ടായി ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവുകൾ വഹിക്കാൻ പദ്ധതി തുടങ്ങുമെന്ന് നയപ്രഖ്യാപനപ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. കേരളത്തിന്റെ അധികാരപരിധിക്കുള്ളിൽ അപകടത്തിനിരയായവരുടെ 50,000 രൂപയിൽ കൂടാത്ത ചികിത്സാചെലവുകളാണ് വഹിക്കുക. 'ഗോൾഡൻ അവർ മെഡിക്കൽ ട്രീറ്റ്മെന്റ്' എന്നപേരിൽ പദ്ധതി നടപ്പാക്കും. കലൂർ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽനിന്ന് കാക്കനാടുവരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഇടനാഴിയുടെ (പിങ്ക് ലൈൻ) പണി ഇക്കൊല്ലംതുടങ്ങും. യാത്രക്കാരുടെ സഞ്ചാരം തടസ്സമില്ലാത്തതാക്കാൻ അന്തിമമായി ഇത് തിരുവനന്തപുരം-കാസർകോട് അർധഅതിവേഗ റെയിൽപാതയായ സിൽവർലൈനുമായും ബന്ധിപ്പിക്കും. സിൽവർലൈൻ പദ്ധതി അഞ്ചുവർഷത്തിനകം പൂർത്തിയാക്കും. പൂർണമായും ഹരിതപദ്ധതിയായാണ് വിഭാവനംചെയ്യുന്നത്. ഇന്ത്യയിലെ ആദ്യ സൗരോർജ ഇലക്ട്രിക് റോ-റോ സർവീസും കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന കേരളത്തിലെ ആദ്യ ജലബസും ഇക്കൊല്ലം തുടങ്ങുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. മറ്റു പ്രഖ്യാപനങ്ങൾ * കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്ന കൃഷിരീതികൾക്ക് ഊന്നൽ * നെൽവയൽ ഉടമകൾക്ക് സാമ്പത്തികസഹായം. * കൃഷിഭവനുകളിൽ ഫ്രണ്ട് ഓഫീസ് വരും * കൃഷിയിടങ്ങളിൽ ഓട്ടോമേഷൻ പ്രോത്സാഹനം * വിദഗ്ദ്ധ തൊഴിൽ, കൃഷിയുപകരണങ്ങൾ വാടകയ്ക്കെടുക്കൽ, ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണി, പരിപാലനം എന്നിവയ്ക് കൃഷിശ്രീ ഏകജാലക വിതരണസംവിധാനം. * മാതൃകാ വെറ്ററിനറി സ്ഥാപനങ്ങൾ വികസിപ്പിക്കും * സഹകരണസംഘങ്ങളുടെ ഉത്പന്നങ്ങൾ 'കോ-ഓപ് മാർക്ക്' എന്ന ബ്രാൻഡിലാക്കും. * കാലാവസ്ഥാ വ്യതിയാന ലഘൂകരണം, അതിജീവനം എന്നിവയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ഉജ്വൽ ഫെലോഷിപ്പ് പ്രോഗ്രാം. * പാരിസ്ഥിതികവിഷയങ്ങളിൽ ഗവേഷണ പ്രോജക്ടുകൾക്ക് പരിസ്ഥിതിശാസ്ത്രം, എൻജിനിയറിങ് ബിരുദാനന്തര ബിരുദവിദ്യാർഥികൾക്ക് വിദ്യാപോഷിണി ഫെലോഷിപ്പ്. * ശബ്ദമലിനീകരണം നിയന്ത്രിക്കാൻ നയം * എല്ലാ മറൈൻ ജില്ലകളിലും ഫിഷറീസ് സ്റ്റേഷൻ * ഗുണമേന്മയുള്ള മത്സ്യലഭ്യത ഉറപ്പാക്കൽ, ശുചിത്വമുള്ള സാഹചര്യത്തിൽ മത്സ്യവിൽപ്പന പ്രോത്സാഹനം, മത്സ്യത്തിന് ന്യായവില ഉറപ്പാക്കൽ എന്നിവയ്ക്ക് നിയമം * ഇ-റേഷൻകാർഡ് ഇക്കൊല്ലം. അപേക്ഷകർക്ക് റേഷൻകാർഡുകൾ പ്രിന്റെടുക്കാം * കടുവ പുനരധിവാസകേന്ദ്രം തുടങ്ങും * താലൂക്ക് ലാൻഡ് ബോർഡുകളുടെ രേഖകൾ ഡിജിറ്റൈസ് ചെയ്യും * പ്രമാണ രജിസ്ട്രേഷനിൽ ബ്ലോക്ക്ചെയിൻ സാങ്കേതികത സംയോജിപ്പിക്കും * തിരുവനന്തപുരത്ത് പൊഴിയൂരിൽ പുതിയ മത്സ്യബന്ധനതുറമുഖം * അഴിമുഖങ്ങൾ വർഷം മുഴുവൻ തുറന്നുവെക്കാൻ റിവർ ട്രെയിനിങ് വർക്സ് പദ്ധതി * ഗർഭിണികളുടെ മാനസികാരോഗ്യത്തിന് അമ്മമനസ്സ്, ആത്മഹത്യാപ്രതിരോധ പരിപാടി, ആദിവാസി, തീരദേശമേഖലകൾക്ക് പ്രത്യേക മാനസികാരോഗ്യപരിപാടി എന്നിവ ഈ വർഷം * ഭക്ഷ്യശുചിത്വ നിലവാരമുയർത്താൻ സംവിധാനം * സർവകലാശാലകളിലെ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകൃതരീതിയിലും യഥാസമയത്തുംവരുന്ന അക്കാദമിക് സെഷൻ മുതൽ * സ്വാശ്രയസ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപകർക്ക് മാന്യമായ സേവന-വേതനം * പുതിയ ഹൗസിങ് നയം ഈവർഷം. * സ്ത്രീത്തൊഴിലാളികൾക്കായി കൈത്തറി കുടുംബേക്ഷമപദ്ധതി * തിരുവനന്തപുരം ടെക്നോപാർക്കിന്റെ മൂന്നാംഘട്ട കാമ്പസിൽ നാലരലക്ഷം ചതുരശ്രയടിയിൽ പുതിയ ഐ.ടി. കെട്ടിടം * കോഴിക്കോട് സൈബർപാർക്കിൽ മൂന്നുലക്ഷം ചതുരശ്രയടിയിൽ രണ്ടാമത്തെ ഐ.ടി. കെട്ടിടം * ടെക്നോസിറ്റിയിൽ എ.ആർ-വി.ആർ. സൗകര്യങ്ങളോടെ ഡിജിറ്റൽ മ്യൂസിയം * തിരഞ്ഞെടുത്ത നദീതടങ്ങൾക്കായി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികൾ * പ്രധാന സംസ്ഥാനപാതകൾ നാലുവരിയാക്കും * ട്രാവൻകൂർ പൈതൃകപദ്ധതി ഈ വർഷം * തീവ്രവാദം തടയാൻ ആഭ്യന്തരവകുപ്പിൽ കൗണ്ടർ ഇന്റലിജന്റ്സ് പദ്ധതി * വെള്ളപ്പൊക്കം ലഘൂകരിക്കുന്ന വിദഗ്ദ്ധസ്ഥാപനങ്ങളെയും ഭൂവിനിയോഗ മാനേജ്മെന്റ് വിദഗ്ധരെയും ഉൾപ്പെടുത്തി വെള്ളപ്പൊക്കവും മണ്ണൊലിപ്പും തടയൽ പദ്ധതി * തിരുവനന്തപുരത്ത് 30 കോടി ചെലവിൽ ഡാംസേഫ്റ്റി ആസ്ഥാനം * വനിതകൾ കുടുംബനാഥകളായ വീടുകളിൽ അപ്രതീക്ഷിത പ്രതിസന്ധിയുണ്ടായാൽ പരമാവധി 50,000 രൂപവരെ ഒറ്റത്തവണ സാമ്പത്തികസഹായം നൽകുന്ന അതിജീവികപദ്ധതി Content Highlights:new scheme for vehicle accident treatment


from mathrubhumi.latestnews.rssfeed https://ift.tt/2GA2zoe
via IFTTT