Breaking

Tuesday, January 28, 2020

കേന്ദ്രസർക്കാരിന്റെ തൊഴിൽവിരുദ്ധനയങ്ങളെ ഒറ്റക്കെട്ടായി നേരിടും - സി.ഐ.ടി.യു.

ചെന്നൈ: പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് എടുക്കുന്ന തൊഴിൽവിരുദ്ധതീരുമാനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ സമ്മേളനത്തിൽ പ്രഖ്യാപനം. സി.ഐ.ടി.യു. തനിച്ചും മറ്റു ട്രേഡ് യൂണിയനുകളെ സഹകരിപ്പിച്ചും ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്ന് സമ്മേളനത്തിന്റെ സമാപനയോഗത്തിൽ പ്രസിഡന്റ് കെ. ഹേമലത പറഞ്ഞു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവരാനുള്ള നീക്കമാണ് നരേന്ദ്രമോദി സർക്കാരിന്റെത്. സ്വകാര്യമേഖലയിൽ ജീവനക്കാർക്ക് ജോലിസ്ഥിരതയോ ആനുകൂല്യങ്ങളോ ഉറപ്പാക്കുന്നില്ല. സ്വകാര്യ ബാങ്കുകൾ, ഐ.ടി.മേഖല, ഒട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ ചൂഷണത്തിന് വിധേയമാകുന്നു. കൂടുതൽസമയം ജോലിചെയ്യേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ഉയർന്ന തൊഴിൽമേഖലകളിലെ തൊഴിലാളികളെകൂടി സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങൾ തുടരും- അവർ പറഞ്ഞു. എൻ.പി.ആറും. സെൻസസും തമ്മിലുളള വ്യത്യാസത്തെക്കുറിച്ച് പ്രചാരണം നടത്തും ദേശീയ ജനസംഖ്യാ രജിസ്റ്ററും(എൻ.പി.ആർ.) സെൻസസും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് എല്ലാ വീടുകളുംകയറി പ്രചാരണം നടത്താൻ ദേശീയസമ്മേളനം തീരുമാനിച്ചു. എൻ.പി.ആറും. സെൻസസും ഒന്നല്ലെന്നും എൻ.പി.ആറിന് കൊടുക്കേണ്ട വിവരങ്ങൾ എന്തെല്ലാമാണെന്നും സെൻസസിന് നൽകേണ്ട വിവരങ്ങൾ എന്തെല്ലാമാണെന്നും അടിസ്ഥാനത്തലത്തിൽ പ്രചാരണം നടത്തും. വർഷികാഘോഷത്തിന്റെ സമാപനം കൊൽക്കത്തയിൽ സി.ഐ.ടി.യു.വിന്റെ 50-ാം വാർഷികാഘോഷത്തിന്റെ സമാപനം മേയ് മാസത്തിൽ കൊൽക്കത്തയിൽ നടക്കും. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പ്രാധാന്യവും വിവിധ ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും സമാപനസമ്മേളനത്തിൽ ചർച്ച ചെയ്യും. വിവിധ ട്രേഡ്യൂണിയൻ നേതാക്കളെയും യോഗത്തിൽ പങ്കെടുപ്പിക്കും. കെ ഹേമലത, തപൻ സെൻ ഹേമലത പ്രസിഡന്റ്, തപൻ സെൻ ജനറൽ സെക്രട്ടറി സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റായി കെ. ഹേമലതയെയും ജനറൽ സെക്രട്ടറിയായി തപൻ സെന്നിനെയും വീണ്ടും തിരഞ്ഞെടുത്തു. എം.എൽ. മാൽകോട്ടിയ ആണ് ഖജാൻജി. 16 വൈസ് പ്രസിഡന്റുമാരെയും 19 സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു. കേരളത്തിൽനിന്ന് കെ.ഒ. ഹബീബ്, കെ.കെ. ദിവാകരൻ, ആനത്തലവട്ടം ആനന്ദൻ, മന്ത്രി മേഴ്സിക്കുട്ടിയമ്മ (വൈസ് പ്രസിഡന്റുമാർ). എളമരം കരീം, പി. നന്ദകുമാർ, കെ. ചന്ദ്രൻപിള്ള (സെക്രട്ടറിമാർ) എന്നിവരും ഡൽഹിയെ പ്രതിനിധാനംചെയ്ത് എ.കെ. പത്മനാഭൻ (വൈസ് പ്രസിഡന്റ്), എ.ആർ. സിന്ധു (സെക്രട്ടറി) എന്നിവരും തിരഞ്ഞെടുക്കപ്പെട്ട മലയാളിഭാരവാഹികളിൽ ഉൾപ്പെടും. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ. ഹേമലത ആന്ധ്രപ്രദേശ് ഗുണ്ടൂർ സ്വദേശിയാണ്. അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി കരുത്തുറ്റ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. മികച്ച സംഘാടകയായ ഹേമലത സി.ഐ.ടി.യു.വിൽ പടിപടിയായി ഉയർന്നാണ് കഴിഞ്ഞതവണ ദേശീയ പ്രസിഡന്റായത്. ബംഗാളിൽനിന്നുള്ള തപൻസെൻ നാലാംതവണയാണ് ജനറൽ സെക്രട്ടറിയാകുന്നത്. 2006-ലും 2012-ലും രാജ്യസഭാംഗമായി. 425-അംഗ ജനറൽ കൗൺസിലിൽ 158 പേരും 125 അംഗ വർക്കിങ് കമ്മിറ്റിയിൽ 45 പേരും കേരളത്തിൽനിന്നുള്ളവരാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3aKcTrA
via IFTTT