Breaking

Tuesday, January 28, 2020

യുവാവിനെ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുകൊന്ന സംഭവം: ആറുപേർകൂടി അറസ്റ്റിൽ

കാട്ടാക്കട: കാട്ടാക്കട അമ്പലത്തിൻകാലയിൽ സ്വന്തം ഭൂമിയിൽനിന്നു മണ്ണുകടത്തുന്നതു തടഞ്ഞ സംഗീതെന്ന യുവാവിനെ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിലെ ആറുപേരെക്കൂടി കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികൾ ഏഴായി. ഇവരെ കോടതി റിമാൻഡ് ചെയ്തു. കേസിലെ പ്രധാന പ്രതിയും മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയുമായ ചാരുപാറ കോട്ടേക്കോണം വീട്ടിൽ സജു എന്ന സ്റ്റാൻലിൻ ജോൺ(48), ടിപ്പർ ഉടമ കിഴമച്ചൽ പദ്മിനി നിവാസിൽ ഉത്തമൻ എന്ന മണികണ്ഠൻ നായർ(34), ടിപ്പർ ഡ്രൈവർ കൊല്ലകോണം കുഴിവിള വീട്ടിൽ ലിനു(30), ക്ലീനർ മാറനല്ലൂർ കൂവളശ്ശേരി റോഡരികത്ത് വീട്ടിൽ മിഥുൻ(25), പുളിങ്കുടി പാലോട്ടുകോണം ലക്ഷ്മി ഭവനിൽ ഉണ്ണി എന്ന ലാൽ കുമാർ(26), ഒറ്റശേഖരമംഗലം വെള്ളാങ്ങൽ ഉഷ ഭവനിൽ അനീഷ് എന്ന വിനീഷ്(26) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായത്. സംഭവം നടക്കുമ്പോൾ മണ്ണുമാന്തിയന്ത്രം ഓടിച്ചിരുന്ന ചാരുപാറ വിജിൻ നിവാസിൽ വിജിനെ(24) നേരത്തെ അറസ്റ്റുചെയ്തിരുന്നു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന രണ്ടാമത്തെ ടിപ്പർ ഡ്രൈവറായ ബൈജുവിനെയും സഹായികളായിരുന്ന രണ്ടുപേരെയുമാണ് ഇനി പിടികൂടാനുള്ളത്. എട്ടുപേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. അമ്പലത്തിൻകാല ആലംകോട് കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീതാ(37)ണ് കഴിഞ്ഞ 24-ന് ദാരുണമായി കൊല്ലപ്പെട്ടത്. അതിക്രമിച്ചു കടക്കൽ, അന്യായമായി സംഘം ചേരൽ, കൊലപാതകം എന്നീ വകുപ്പുകൾക്കു പുറമേ മോഷണം വകുപ്പ് കൂടെ പ്രതികൾക്കെതിേര ചുമത്തിയതായി റൂറൽ ജില്ലാ പോലീസ് മേധാവി പി.അശോക് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. അനുവാദമില്ലാതെ വസ്തുവിൽനിന്നു മണ്ണെടുക്കുന്നതിന് എത്തിയ സംഘത്തെയും വാഹനങ്ങളെയും സംഗീത് തടഞ്ഞതിലും പോലീസിനെ വിളിച്ചതിലുമുള്ള വൈരാഗ്യത്തിലാണ് കൊലനടത്തിയതെന്ന് എസ്.പി. പറഞ്ഞു. ആദ്യം ടിപ്പർ കൊണ്ടിടിച്ചും താഴെവീണ് എഴുന്നേറ്റപ്പോൾ പിന്നാലെ വന്ന മണ്ണുമാന്തിയന്ത്രത്തിന്റെ കോരികകൊണ്ട് അടിച്ചുമാണ് കൊലപ്പെടുത്തിയതെന്നും എസ്.പി. പറഞ്ഞു. സംഭവം നടക്കുന്നതിനു മുമ്പ് പ്രതികൾ സംഗീതിന്റെ പുരയിടത്തിൽനിന്ന് അഞ്ച് ലോഡ് മണ്ണുകടത്തിയിരുന്നു. കടത്തിയ മണ്ണ് നിക്ഷേപിച്ച സ്ഥലവും തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായ ഏഴുപേരിൽ വിജിൻ, ലിനു, സജു, ഉത്തമൻ, മിഥുൻ എന്നിവരും ഒളിവിലുള്ള ബൈജുവുമാണ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ളത്. ലാൽകുമാറും വിനീഷും പ്രതികളെ ഒളിവിൽ പോകാനും വാഹനങ്ങൾ ഒളിപ്പിക്കാനും സഹായംചെയ്തവരാണ്. കൃത്യത്തിൽ കൂടുതൽ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഒരു ടിപ്പറും മണ്ണുമാന്തിയന്ത്രവും സജുവിന്റേതാണ്. മറ്റൊന്ന് ഉത്തമന്റെയും. മണ്ണെടുക്കാനെത്തിയവർ സംഗീതുമായി വാക്കേറ്റം നടത്തുമ്പോൾ സജു എത്തിയ ബൈക്കും സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവദിവസംതന്നെ പിടിയിലായ വിജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളിലേക്ക് പോലീസ് എത്തിയത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്പെക്ടർ ഡി.ബിജുകുമാർ, എസ്.ഐ. ഗംഗാപ്രസാദ്, ഗ്രേഡ് എസ്.ഐ. ഹെൻഡേഴ്സൻ, സീനിയർ സി.പി.ഒ. അനിൽകുമാർ, സി.പി.ഒ. അഭിലാഷ്, മഹേഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. Content Highlights:JCB murder sangeeth six arrested kattakada police station muder hit by JCB


from mathrubhumi.latestnews.rssfeed https://ift.tt/2Gts9LB
via IFTTT