Breaking

Saturday, January 4, 2020

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു. ചികിത്സപ്പിഴവാണെന്ന് കാട്ടി ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. തിരുവനന്തപുരം ചെറുവയ്ക്കൽ സ്കൂളിന് സമീപം ടി.എസ്.നിവാസിൽ അഷിത എൽ.വിജയനാണ് (27) മരിച്ചത്. ഉദരത്തിലെ മുഴനീക്കാൻ ഞായറാഴ്ച അഷിതയെ ഉള്ളൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറായിട്ടും അബോധാവസ്ഥ മാറിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ തന്നെ ആവശ്യപ്പെട്ടു. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നൽകിയതിന്റെ പിഴവാണ് മരണകാരണമെന്നാണ് അഷിതയുടെ ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ഭർത്താവ് രജനീഷ് രഘുനാഥ് ദുബായിൽ എൻജിനീയറാണ്. ഭർത്താവിനൊപ്പം ദുബായിലായിരുന്നു അഷിത. അവിടെവച്ച് നടത്തിയ പരിശോധനയിലാണ് ഉദരത്തിൽ മുഴ കണ്ടെത്തിയത്. ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. അച്ഛൻ: പരേതനായ വിജയൻ. അമ്മ : ലീന. സഹോദരി: അഞ്ജിത.


from mathrubhumi.latestnews.rssfeed https://ift.tt/36l8wkg
via IFTTT