Breaking

Friday, April 19, 2019

പ്രിയങ്കയുടെ സ്ഥാനാർഥിത്വം സസ്‌പെൻസ് -രാഹുൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ വാരാണസിയിൽ സഹോദരി പ്രിയങ്കാഗാന്ധി വദ്ര പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സ്ഥാനാർഥിയാകുമോ എന്നത് സസ്‌പെൻസ് ആയിരിക്കട്ടേയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഒരു ദേശീയദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറികൂടിയായ പ്രിയങ്കയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളാതെ രാഹുൽ പ്രതികരിച്ചത്. ഊഹാപോഹങ്ങൾ തള്ളാനും കൊള്ളാനുമില്ലെന്നും സസ്‌പെൻസ് ഒരു മോശം കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാണസിയിൽ മോദിക്കെതിരേ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഗംഗാനദിയിലൂടെ നടത്തിയ പ്രചാരണയാത്രയ്ക്കിടെ പ്രിയങ്ക തന്നെയാണ് ഇതുസംബന്ധിച്ചുള്ള ആദ്യസൂചന നൽകിയത്. അമ്മ സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ ജനവിധിതേടുമോ എന്ന കോൺഗ്രസ് പ്രവർത്തകരുടെ ചോദ്യത്തിന് എന്തുകൊണ്ട് റായ്ബറേലിയിൽ മത്സരിച്ചുകൂടാ എന്ന മറുചോദ്യമാണ് പ്രിയങ്ക ഉന്നയിച്ചത്. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ താൻ സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു പ്രിയങ്കയുടെ വാരാണസി പരാമർശം. വാരാണസിയിൽ മോദിക്കെതിരേ പ്രിയങ്കയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്താനാകുമെന്ന് ഭർത്താവ് റോബർട്ട് വദ്രയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2DlkLRp
via IFTTT