Breaking

Thursday, April 18, 2019

ഇടിമിന്നലേറ്റ് ഗൃഹനാഥയും ബന്ധുവായ ബാലനും മരിച്ചു

മുളന്തുരുത്തി: വെട്ടിക്കൽ കവലയ്ക്കു സമീപം വീടിന്റെ വർക്ക് ഏരിയയിൽ പാത്രം കഴുകുന്നതിനിടെ ഗൃഹനാഥയും ഭർത്താവിന്റെ ബന്ധുവായ ബാലനും ഇടിമിന്നലേറ്റു മരിച്ചു. ആരക്കുന്നം മണീട് മണ്ടോത്തുംകുഴി ജോണിയുടെ ഭാര്യ ലിസി ജോൺ (49), ജോണിയുടെ സഹോദരിയുടെ മകൻ കറുകപ്പിള്ളി പാറനാൽ അനക്സ് ബിജു (15) എന്നിവരാണ് മരിച്ചത്. വെട്ടിക്കൽ സെയ്ന്റ് എഫ്രേം പബ്ലിക് സ്കൂളിലെ സ്കൂൾ ബസ് ഡ്രൈവറാണ് ജോണി. ജോണിയും ഭാര്യയും മകളും കഴിഞ്ഞ ആറു വർഷത്തോളമായി വെട്ടിക്കൽ കവലയിൽ ഓടിട്ട വാടക വീട്ടിലാണ് താമസം. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ഓടിട്ട വീട്ടിലെ തുറന്ന വർക്ക് ഏരിയയിൽ ലിസി പാത്രം കഴുകുമ്പോൾ അടുത്തുനിന്ന് ആന്റിയോട് സംസാരിക്കുകയായിരുന്നു അനക്സ് ബിജു. ഇത്തവണ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷന് അനക്സ് ബിജു അമ്മാവന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണെത്തിയത്. കനത്ത മഴക്കാറും ഇടിമിന്നലുമുണ്ടായിരുന്നെങ്കിലും അതു കാര്യമാക്കാതെ വീട്ടുജോലി തീർക്കുന്നതിനിടയിലായിരുന്നു ലിസിക്കും അനക്സിനും ഇടിമിന്നലേറ്റത്. തൊട്ടടുത്തുതന്നെയുണ്ടായിരുന്ന ലിസിയുടെ മകൾ ആദിയയ്ക്ക് (13) മിന്നലിൽ ചെറിയ ഷോക്കേറ്റു. മൂന്നു പേരെയും ഉടനെ ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ലിസിയെയും അനക്സിനെയും രക്ഷപ്പെടുത്താനായില്ല. ആദിയയെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മണീടിലെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി. അനക്സിന്റെ പിതാവ് ബിജു കഴിഞ്ഞ വർഷവും മാതാവ് സാലി രണ്ടു വർഷം മുമ്പും മരിച്ചു. സഹോദരി അന്ന (13) കിഴക്കമ്പലത്ത് സ്കൂൾ വിദ്യാർഥിനിയാണ്. content highlights:woman and relative died of lightning strike


from mathrubhumi.latestnews.rssfeed http://bit.ly/2vaL6gs
via IFTTT