Breaking

Saturday, April 27, 2019

ജോലിക്കുപോയ അമ്മ വിദേശത്ത് തട്ടിപ്പിൽ കുടുങ്ങി; സഹായം യാചിച്ച് മക്കൾ

കൊല്ലം : കുടുംബം പുലർത്താൻ ജോലിക്ക് ദുബായിലേക്ക് പോയതാണ് സുനിത. മാർച്ച് നാലിനുപോയ സുനിത കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനമായി വിളിച്ചത്. ആഹാരംപോലും കിട്ടാതെ താനനുഭവിക്കുന്ന ദുരിതം അന്നുപറഞ്ഞു. ഒരാഴ്ചയായി വിവരമൊന്നുമില്ല. അമ്മയുടെ വിവരമറിയാത്തതിനാൽ പേടിയോടെ ഓടിനടക്കുകയാണ് മക്കളായ പത്തൊൻപതുകാരി ശ്രീലക്ഷ്മിയും പ്ലസ് ടു വിദ്യാർഥിനി സീതാലക്ഷ്മിയും ഒൻപതാം ക്ലാസുകാരൻ അനന്തുവും. ഇവരെ സഹായിക്കാനുമാരുമില്ല. മുളവന മുക്കൂട് പുത്തൻവിളവീട്ടിൽ സുനിതയുടെ ഭർത്താവ് അനിൽകുമാർ ജനുവരിയിൽ മരിച്ചു. അതിനുമുൻപുതന്നെ ഭാര്യയെയും കുട്ടികളെയും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. ജീവിതം പരുങ്ങലിലായതോടെയാണ് പട്ടികജാതി സമുദായാംഗമായ സുനിത നല്ല ജോലിക്കായി ശ്രമിച്ചുതുടങ്ങിയത്. മൂവാറ്റുപുഴയിലെ മാൻപവർ ഏജൻസിയിലെ സന്തോഷ് എന്നയാളാണ് സുനിതയെ ദുബായിലേക്ക് കൊണ്ടുപോയത്. വിമാനടിക്കറ്റിനായി 10,000 രൂപ വാങ്ങി. 25,000 രൂപ ശമ്പളം കിട്ടുന്ന ഹൗസ് മെയ്ഡ് ജോലി വാങ്ങിത്തരാമെന്നായിരുന്നു വാഗ്ദാനം. ദുബായിൽ എത്തിയ ഉടനെ ഇസ്മായേൽ എന്നയാൾ ഒമാനിലേക്ക് കൊണ്ടുപോയി. അവിടെ നാല് വീടുകളിൽ ജോലിക്കായി പറഞ്ഞയച്ചു. പിന്നീട് സിറാജ് എന്നയാളുടെ ഓഫീസിൽ തടങ്കലിലാക്കിയതായും വെള്ളവും ഭക്ഷണവുംപോലും നൽകാതെ കഷ്ടപ്പെടുത്തുന്നതായും സുനിത മക്കളെ വിളിച്ചുപറഞ്ഞിരുന്നു. അതിനുശേഷം സുനിത വിളിച്ചിട്ടില്ല. അമ്മയ്ക്കെന്തുപറ്റിയെന്നറിയാതെ പരിഭ്രാന്തിയിലാണ് മക്കൾ. പണം വാങ്ങിയ സന്തോഷിനെ വിളിക്കുമ്പോൾ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് ശ്രീലക്ഷ്മി പറഞ്ഞു. സിറാജിനെ വിളിച്ചപ്പോൾ ഒന്നരലക്ഷം രൂപതന്നാൽ അമ്മയെ വിട്ടുതരാമെന്നാണ് പറഞ്ഞത്. വാടകവീട്ടിൽ താമസിക്കുന്ന അമ്മൂമ്മ വിലാസിനിയോടും അമ്മയുടെ സഹോദരി സിനിയുടെ കുടുംബത്തോടുമൊപ്പമാണ് കുട്ടികളുടെ താമസം. അമ്മ ഒപ്പമില്ലാത്തതിനാൽ ഈ വീട്ടിൽ താമസിക്കുന്നതിനും കുട്ടികൾക്ക് ബുദ്ധിമുട്ടുകളുണ്ട്. ശ്രീലക്ഷ്മിക്ക് എറണാകുളത്ത് ചെറിയ താത്കാലിക ജോലിയുണ്ട്. ഇതും അമ്മൂമ്മ വീട്ടുജോലിചെയ്ത് കിട്ടുന്ന ചെറിയ വരുമാനവുമാണ് ഇവർക്കുള്ള ആശ്രയം. സുനിതയുടെ പാസ്പോർട്ടിന്റെ വിവരങ്ങളില്ലാത്തതിനാൽ നോർക്ക വകുപ്പ് കൈമലർത്തുകയാണ്. മൂവാറ്റുപുഴ സ്റ്റേഷനിലും കൊല്ലം കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. കളക്ടർ പരാതി പോലീസ് കമ്മിഷണർക്ക് കൈമാറി. വെള്ളിയാഴ്ച പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോൾ ശ്രീലക്ഷ്മിയെയും സീതാലക്ഷ്മിയെയും സഹായിക്കാൻ കമ്മിഷണർ ഓഫീസിൽനിന്ന് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. Content Highlights:malayali woman trapped in dubai


from mathrubhumi.latestnews.rssfeed http://bit.ly/2L93y3K
via IFTTT