Breaking

Tuesday, May 4, 2021

പോള നിറഞ്ഞതിനാൽ ബോട്ട് ഓടിക്കാനായില്ല; കോവിഡ് ബാധിതൻ ചികിത്സകിട്ടാതെ മരിച്ചു

ചീപ്പുങ്കൽ(കുമരകം): തോട്ടിൽ പോള നിറഞ്ഞതിനാൽ, രോഗിയെ ബോട്ടുമാർഗം ആശുപത്രിയിൽ എത്തിക്കാനായില്ല. കോവിഡ് ബാധിതൻ സമയത്ത് ചികിത്സ കിട്ടാതെ മരിച്ചു. അയ്മനം ഗ്രാമപ്പഞ്ചായത്തിലെ വാദ്യമേക്കരി കറുകപ്പറമ്പിൽ രാജപ്പനാ (60)ണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടു. എന്നാൽ, പെണ്ണാർ തോട്ടിൽ പോള നിറഞ്ഞതിനാൽ രാത്രിയിൽ ബോട്ട് ഓടിക്കാൻ കഴിയില്ലായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച പനി അനുഭവപ്പെട്ടതിനെത്തുടർന്ന് ചേർത്തല കെ.വി.എം. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രാജപ്പന് കോവിഡ് സ്ഥിരീകരിച്ചത്. വാഹനസൗകര്യമില്ലാത്തിനാൽ വാദ്യമേക്കരിയിലെ ജനങ്ങൾ, പെണ്ണാർതോട്ടിലൂടെ ബോട്ടിലാണ് പുറംലോകത്തെത്താറുള്ളത്. തോട്ടിൽ പോള നിറഞ്ഞതിനാൽ, ചീപ്പുങ്കൽ-മണിയാപറമ്പ് റൂട്ടിലെ ജലഗതാഗത വകുപ്പിന്റെ ബോട്ടും സർവീസ് നിർത്തിയിരിക്കുകയാണ്. അയ്മനം-ആർപ്പൂക്കര പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. പോള നീക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. രാജപ്പന്റെ ഭാര്യ: ലീല, കറുകപ്പറമ്പ് കുടുംബാംഗം. മക്കൾ: രാജി, രജിത, രാഹുൽ. മരുമക്കൾ: സന്തോഷ്, റെജി, രഞ്ജിത. Content Highlights: Covid patients died in Kottayam


from mathrubhumi.latestnews.rssfeed https://ift.tt/3ebSRtL
via IFTTT