Breaking

Tuesday, May 4, 2021

കലഹം തുടങ്ങി; കോൺഗ്രസ്‌ നേതൃത്വത്തിനെതിരേ രണ്ടാംനിര നേതാക്കൾ

കോഴിക്കോട് : വലിയ പരാജയം നേരിട്ടതോടെ കോൺഗ്രസിൽനിന്നുതന്നെ നേതൃത്വത്തിന് എതിരെ വിമർശനം തുടങ്ങി. പഠിച്ചശേഷം കാര്യങ്ങൾ വിശദീകരിക്കാമെന്ന് പറഞ്ഞ കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടുവരെ പരസ്യമായി ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. നേതാക്കളിൽ ചിലർ ഒളിയമ്പുകളാണ് തൊടുക്കുന്നതെങ്കിൽ സാമൂഹികമാധ്യമങ്ങളിൽ നേതൃത്വത്തിന്റെ പിടിപ്പുകേടിന് എതിരെയാണ് വിമർശനങ്ങൾ. മുല്ലപ്പള്ളിക്കും രമേശ് ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനുമെല്ലാം എതിരായി വിമർശങ്ങൾ ഉയരുന്നു.വിമർശനവുമായി നേതാക്കൾ ആലപ്പുഴയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.സി.സി. പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാർഥിയുമായ എം. ലിജു രാജിവെച്ചു. അരൂരിൽ തോറ്റ ഷാനിമോൾ ഉസ്മാനും നേതൃത്വത്തിന്റെ ആസൂത്രണമില്ലായ്മയെ ചോദ്യംചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിച്ച യു.ഡി.എഫ്. സ്ഥാനാർഥി സി. രഘുനാഥ്, മുല്ലപ്പള്ളി സ്ഥാനമൊഴിയണമെന്നും അല്ലെങ്കിൽ ഇറക്കിവിടണമെന്നുമാണ് ആവശ്യപ്പെട്ടത്. കെ. സുധാകരനെ പകരം പ്രസിഡന്റാക്കണമെന്നും രഘുനാഥ് ആവശ്യപ്പെടുന്നു. തിങ്കളാഴ്ച കാലത്തുതന്നെ നേതൃത്വം കുറെക്കൂടി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം പി.ടി. തോമസ് പ്രകടിപ്പിച്ചിരുന്നു. സംഘടനാതിരഞ്ഞെടുപ്പ് വേണംനിലവിലുള്ള നേതൃത്വം മാറിയും യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയും സംഘടനയ്ക്ക് പുതുജീവൻ നൽകണമെന്ന ആവശ്യങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിമർശനങ്ങൾ. അതേസമയം ദേശീയതലത്തിൽ ശക്തമായ നേതൃത്വത്തിന്റെ അഭാവവും സംസ്ഥാനത്ത്‌ നിഴലിച്ചെന്ന്‌ ഒരുവിഭാഗം പറയുന്നു. സംഘടനാ തിരഞ്ഞെടുപ്പ് ഇനിയും വൈകിക്കൂടാ എന്ന അഭിപ്രായം പാർട്ടിയുടെ താഴെത്തട്ടിൽനിന്നുതന്നെ ഉയർന്നുതുടങ്ങി. നേമത്ത് ശക്തനായ സ്ഥാനാർഥിയെ കൊണ്ടുവരാൻ തലപുകച്ച കോൺഗ്രസ് നേതൃത്വം എന്തുകൊണ്ട് ധർമടത്ത് പിണറായി വിജയനും മട്ടന്നൂരിൽ കെ.കെ. ശൈലജയ്ക്കും എതിരേ അത്തരത്തിലൊരു ആലോചന നടത്തിയില്ലെന്ന ചോദ്യം ഇപ്പോൾ രണ്ടാംനിര നേതാക്കളും ഉന്നയിക്കുന്നുണ്ട്. ലോകസഭാംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരേയും മുസ്‌ലിം ലീഗിൽനിന്ന്‌ പ്രതിഷേധം ഉയരുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2PKWmho
via IFTTT