Breaking

Wednesday, March 24, 2021

ജനത്തെ 'കൈ'യിലെടുത്ത് രാഹുല്‍

കോട്ടയം: എരിവെയിലിനെ വകവെയ്ക്കാതെ ജനസാഗരം. അവർക്കുനടുവിൽ, അവരിലൊരാളായി കോൺഗ്രസിന്റെ യുവരാജാവ്. പ്രവർത്തകരുടെ ഹൃദയങ്ങളിൽ ആവേശം നിറച്ചാണ് രാഹുൽ ഗാന്ധി കോട്ടയത്തെ പ്രചാരണയോഗങ്ങളിൽ നിറഞ്ഞുനിന്നത്. സൗമ്യമായ ഭാഷയിൽ, ചെറുവാക്യങ്ങളിൽ അദ്ദേഹം അവരെ കൈയിലെടുത്തു. പരുത്തുംപാറ, മണർകാട്, പൊൻകുന്നം, പാലാ, ഉഴവൂർ എന്നിവിടങ്ങളിലായിരുന്നു രാഹുലിന്റെ പര്യടനം. ചൂടിലും തളരാതെ കാറിലിരുന്ന് മണർകാട് കവലയിൽ ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു കാത്തിരുന്ന നേതാവിന്റെ വരവ്. വാഹനത്തിനുചുറ്റും പ്രവർത്തകർ നിറഞ്ഞതോടെ രാഹുലിന് വേദിയിലേക്ക് കയറാനായില്ല. ഇതിനിടെ മൈക്കിനുവേണ്ടി അഞ്ചുമിനിറ്റിന്റെ കാത്തിരിപ്പ്. സ്ഥാനാർഥികളായ ഉമ്മൻ ചാണ്ടിയും പ്രിൻസ് ലൂക്കോസും സമീപം. ഒടുവിൽ പ്രവർത്തകർക്കുനടുവിൽ കാറിലിരുന്ന് അദ്ദേഹം അവരോട് സംസാരിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള തന്റെ ചിന്തകൾ പങ്കുവെച്ചു. ഒപ്പം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിമർശനവും. പുഴക്കരയിലെ പുരുഷാരം രാഹുൽ ഗാന്ധി എത്തുന്നതിന് മണിക്കൂറുകൾക്കുമുമ്പുതന്നെ പാലാ പുഴക്കര മൈതാനം പുരുഷാരം കൈയടക്കിയിരുന്നു. ട്രാക്ടറിൽ കോൺഗ്രസ് പതാകകളുമായി ബാൻഡുമേളത്തിന്റെ അകമ്പടിയോടെ പ്രവർത്തകരെത്തി. വേദിക്കുമുന്നിലേക്ക് രാഹുലിന്റെ വാഹനമെത്തിയതോടെ ജനം ഇളകിമറിഞ്ഞു. രാജ്യത്തിനായി ജീവൻ കൊടുത്ത ഇന്ദിരാഗാന്ധിയുടെ ചെറുമകൻ, രാജീവ് ഗാന്ധിയുടെ മകൻ-രാഹുലിനെ വരവേറ്റ് മാണി സി.കാപ്പന്റെ വാക്കുകൾ ഉയർന്നതോടെ സദസ്സിൽ കൈയടി മുഴങ്ങി. മലയാളിനഴ്സുമാരുടെ മഹത്ത്വം പറഞ്ഞ് രാഹുൽ പാലായിലെ പ്രസംഗത്തിനിടെ രാഹുൽ ഒരനുഭവം പറഞ്ഞു. അത് മലയാളിനഴ്സുമാരെക്കുറിച്ചായിരുന്നു. ഒരിക്കൽ ഗൾഫ് നാട്ടിൽ ചെന്നപ്പോൾ അവിടത്തെ ഒരു ആശുപത്രി സന്ദർശിക്കാനിടയായി. എന്താണ് ആശുപത്രിയുടെ വിജയരഹസ്യമെന്ന് ഞാൻ ചോദിച്ചു. അവർക്ക് പ്രശസ്തരായ ഡോക്ടർമാരുണ്ട്, ആധുനിക ചികിത്സാ ഉപകരണങ്ങളുണ്ട്. എന്നാൽ, അവർ പറഞ്ഞ മറുപടി ഇതൊന്നുമായിരുന്നില്ല; മലയാളികളായ നഴ്സുമാരാണ് ഞങ്ങളുടെ വിജയരഹസ്യം. മലയാളികളായ നഴ്സുമാർ രോഗികളുടെ വേദന തിരിച്ചറിയാൻ കഴിവുള്ളവരാണ്. അവർ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ രോഗികളെ കാണുന്നു. അവർ രോഗിയുടെ മതവും ജാതിയും ഒന്നും നോക്കുന്നില്ല-അദ്ദേഹം പറഞ്ഞു. ഇത് മലയാളികളുടെ പ്രത്യേകതയാണ്. ഈ സാഹോദര്യം തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ നമ്മുടെ രാജ്യത്തുണ്ടെന്നും ഓർമിപ്പിച്ചു. കാപ്പന്റെ സ്മാഷ് തടുക്കാൻ ആരുണ്ട് ഓരോ വേദിയിലും അതത് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പുകഴ്ത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പരിചയസമ്പത്താണ് അദ്ദേഹം എടുത്തുപറഞ്ഞത്. വോളിബോൾതാരമായ മാണി സി.കാപ്പന്റെ കോർട്ടിലെ മികവിനാണ് രാഹുൽ പോയിന്റ് കൊടുത്തത്. അദ്ദേഹത്തിന്റെ സർവീസ് എതിരാളിക്ക് തടുക്കാനാവില്ല. അദ്ദേഹത്തിന്റെ സ്മാഷ് ആർക്കും തടുക്കാനാകില്ല-രാഹുലിന്റെ പ്രശംസ ഇങ്ങനെ. അദ്ദേഹം ജയിച്ചാൽ മണ്ഡലത്തിന് സേവനം ചെയ്യും-സദസ്സിലെ ആരവത്തിനിടെ രാഹുൽ പറഞ്ഞു. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, ജോസഫ് വാഴയ്ക്കൻ, മാണി സി.കാപ്പൻ, മോൻസ് ജോസഫ്, പി.ആർ.സോന എന്നിവർ വിവിധ യോഗങ്ങളിൽ രാഹുൽ ഗാന്ധിക്കൊപ്പം വേദികളിലുണ്ടായിരുന്നു. ചിങ്ങവനം കവലമുതൽ പരുത്തുംപാറവരെ തിരുവഞ്ചൂർ രാധാകൃഷ്ണനും പരുത്തുംപാറമുതൽ മണർകാടുവരെ ഉമ്മൻ ചാണ്ടിയും രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നു. Content Highlight: Kerala Polls 2021: Rahul gandhi in kottayam


from mathrubhumi.latestnews.rssfeed https://ift.tt/3d3luYs
via IFTTT